വേനല്‍ ചൂടില്‍ പൊള്ളുന്നോ ? പുറത്തിറങ്ങാം കരുതലോടെ – ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍ ..

ഹെല്‍ത്ത് ഡസ്ക്
Tuesday, March 5, 2019

വേനല്‍ ചൂടില്‍ പൊള്ളുകയാണ് സംസ്ഥാനം. കടുത്ത ചൂടില്‍ ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. അതേപോലെ തന്നെ പുറത്തിറങ്ങുന്നതും കരുതലോടെയാകണം. കാരണം വേനൽ കാലത്ത് ഏറ്റവും കൂടുതൽ പേടിക്കേണ്ടത് സൂര്യാഘാതമാണ്.

ചൂട് കനക്കുന്ന മണിക്കൂറുകളില്‍ നേരിട്ട് വെയില്‍ കൊള്ളാതിരിക്കുക. രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെയുള്ള വെയിലാണ് ഏറ്റവും ശക്തിയേറിയതും സൂര്യാഘാതത്തിന് സാധ്യതയൊരുക്കുന്നതും. ഈ മണിക്കൂറുകളില്‍ പുറം ജോലികളിലേര്‍പ്പെടുകയോ, റോഡിലൂടെ നടക്കുകയോ ഒക്കെ ചെയ്യുന്നത് അല്‍പം കരുതി വേണം. വെയിലത്തിറങ്ങുമ്പോള്‍ തൊപ്പിയോ കുടയോ ഉപയോഗിച്ച് തല മറയ്ക്കുക.

വേനൽക്കാലത്ത് വെള്ളം ധാരാളം കുടിക്കാനാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. സാധാരണ കുടിക്കുന്നതിനേക്കാള്‍ ഇരട്ടി വെള്ളം ദിവസവും കുടിക്കുക.

കൂടാതെ പഴങ്ങൾ ധാരാളം കഴിക്കാൻ ശ്രമിക്കുക. മാമ്പഴം, മുന്തിരി, ആപ്പിൾ, തണ്ണിമത്തൻ അങ്ങനെ വേണ്ട എല്ലാതരം പഴങ്ങളും കഴിക്കാം. പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും, ജലാംശവും നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. പഴങ്ങൾ കഴിക്കുന്നതിലൂടെ ശരീരത്തിൽ ജലാംശത്തിന്റെ അളവ് കൂടുന്നു.

×