പയര്‍വര്‍ഗങ്ങള്‍ എന്തിനാണ് മുളപ്പിച്ച് കഴിക്കുന്നത് ? എന്തൊക്കെയാണ് ഗുണങ്ങള്‍ ?

ഹെല്‍ത്ത് ഡസ്ക്
Friday, May 10, 2019

യർവർഗങ്ങള്‍ മുളപ്പിക്കുന്നതിലൂടെ ആരോഗ്യ ഗുണങ്ങൾ വർധിക്കുന്നു. പ്രധാനപ്പെട്ട ധാതുക്കളെ തടയുന്ന ഫൈറ്റിക് ആസിഡ് ഉള്‍പ്പെടെയുള്ള ആന്റി ന്യൂട്രിയന്റുകൾ ഇവയിലുണ്ട്. ഇവ ദഹനക്കേടും വായൂ കോപവും ഉണ്ടാക്കുന്ന എൻസൈമുകളെ തടയുന്നു.

അർബുദ കാരണമാകുന്ന ഏജന്റുകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന എൻസൈമായ ഗ്ലൂക്കോറാഫനിൻ, മുളപ്പിച്ച പയർവർഗങ്ങളിൽ 10 മുതൽ 100 ഇരട്ടിവരെ ഉണ്ട്. ഇവയിൽ നിരോക്സീകാരികൾ ധാരാളം ഉണ്ട്. ഇത് ക്ലോറോഫില്ലിന്റെ പ്രവർത്തനം കൂട്ടുന്നു. ശരീരത്തെ ഡിടോക്സിഫൈ ചെയ്ത് ഓക്സിജന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നത് ക്ലോറോഫിൽ ആണ്.

മുളപ്പിക്കുമ്പോൾ ജീവകം ഡി ഉൾപ്പെടെയുള്ള ജീവകങ്ങളുടെയും ധാതുക്കളുടെയും അളവ് വർധിക്കുന്നു. ഗ്യാസ് ഉണ്ടാക്കുന്ന അന്നജത്തെയെല്ലാം മുളപ്പിക്കുന്നതിലൂടെ ഇല്ലാതാക്കാൻ സാധിക്കും. മുളയ്ക്കുമ്പോൾ പയറിൽ ശേഖരിച്ചിരിക്കുന്ന അന്നജം തളിരിലകളും ചെറു വേരുകളും ആയി രൂപപ്പെടാൻ ഉപയോഗിക്കുന്നു. കൂടാതെ ജീവകം സി യുടെ നിർമാണത്തിനും ഈ അന്നജം ഉപയോഗിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച ഭക്ഷണം മുളപ്പിച്ച പയർ വർഗങ്ങളാണ്. കാലറി കുറവും പോഷകങ്ങൾ കൂടുതലും ആകയാൽ ഭാരം കൂടുമോ എന്ന പേടി കൂടാതെ തന്നെ മുളപ്പിച്ച പയര്‍ കഴിക്കാവുന്നതാണ്. കൂടാതെ ഇവയില്‍ നാരുകൾ ധാരാളം ഉണ്ട്. ഇവ ദീർഘ നേരത്തേക്ക് വയർ നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കും. ഇത് വിശപ്പിന്റെ ഹോർമോണായ ഘ്രെലിന്റെ (ghrelin) ഉൽപ്പാദനം തടയുന്നു. അതുകൊണ്ടു തന്നെ കൂടുതൽ കഴിക്കണം എന്ന തോന്നലും ഇല്ലാതെയാകും.

മുളപ്പിച്ച പയറിൽ ജീവനുള്ള എൻസൈമുകൾ ധാരാളമുണ്ട്. ഇത് ഉപാപചയ പ്രവർത്തനങ്ങൾ വർധിപ്പിക്കാൻ സഹായിക്കും. കൂടാതെ ദഹനസമയത്ത് രാസപ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു. ഭക്ഷണം വിഘടിപ്പിക്കാൻ ഈ എൻസൈമുകൾ സഹായിക്കുന്നതിനാൽ പോഷകങ്ങളുടെ ആഗീരണം സുഗമമാക്കുന്നു. മുളയിൽ ധാരാളം ഭക്ഷ്യ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം നിയന്ത്രിക്കുന്നു.

ജീവകം സി മുളപ്പിച്ച പയറിൽ ധാരാളം ഉണ്ട്. ഇത് ശ്വേതരക്താണുക്കൾക്ക് ഉത്തേജകമായി പ്രവർത്തിക്കുന്നു. അണുബാധകളും രോഗങ്ങളും പ്രതിരോധിക്കാൻ സഹായിക്കുന്നു. ജീവകം എ യും മുളപ്പിച്ച പയറിൽ ധാരാളം ഉണ്ട്. ജീവകം എ ധാരാളം ഉള്ളതിനാൽ കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും നല്ലത്. മുളപ്പിച്ച പയറിലെ നിരോക്സീകാരികൾ ഫ്രീറാഡിക്കലുകളിൽ നിന്നും കണ്ണിലെ കോശങ്ങളെ സംരക്ഷിക്കുന്നു.

×