Advertisment

കേരളത്തിൽ പക്ഷാഘാതം ബാധിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന; 40 വയസ്സിന് താഴെയുള്ളവരിലും യംഗ് സ്‌ട്രോക്ക് വർധിക്കുന്നു; കാരണമാകുന്നത് ഇക്കാര്യങ്ങള്‍

New Update

തിരുവനന്തപുരം : കേരളത്തിൽ സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ബാധിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായി ആരോഗ്യ വകുപ്പിന്റെ കണക്ക്. രക്താദിമർദമുള്ളവരുടേയും ഹൃദയസംബന്ധമായ രോഗങ്ങളുള്ളവരുടേയും എണ്ണം കൂടുന്നതാണ് കാരണം. 40 വയസ്സിന് താഴെയുള്ളവരിലും പക്ഷാഘാതം (യംഗ് സ്‌ട്രോക്ക്) വർധിക്കുന്നുണ്ട്.

Advertisment

publive-image

തെറ്റായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, പുകവലി പോലെയുള്ള ദുശ്ശീലങ്ങൾ, മാനസിക പിരിമുറുക്കം എന്നിവയാണ് പക്ഷാഘാതത്തിന് കാരണം. ലോകാരോഗ്യ സംഘടനയും വേൾഡ് സ്‌ട്രോക്ക് ഫെഡറേഷനും ചേർന്നാണ് എല്ലാ വർഷവും ഒക്‌ടോബർ 29ന് ലോക സ്‌ട്രോക്ക് ദിനം ആചരിക്കുന്നത്.

പക്ഷഘാതം തടയുന്നതിനായി പ്രവർത്തന നിരതരായിരിക്കുക എന്നതാണ് ഈ വർഷത്തെ സന്ദേശം. ചെറിയ വ്യായാമങ്ങളിലൂടെയും ശരീരത്തിന്റെ ചലനങ്ങളിലൂടെയും സദാ പ്രവർത്തനക്ഷമമാക്കുന്നത് മൂലം രക്തചംക്രമണം വർധിപ്പിക്കാൻ സാധിക്കുമെന്നും അതിലൂടെ സ്‌ട്രോക്ക് തടയാൻ സാധിക്കും എന്നതാണ് ഈ സന്ദേശത്തിന്റെ ശാസ്ത്രീയ വശം.

വെറുതെ നിൽക്കുമ്പോഴും ഇരിക്കുമ്പോഴും ജോലിയിൽ ഏർപ്പെടുമ്പോഴും ശരീരഭാഗങ്ങൾ ചലിപ്പിച്ചും ചുവടുകൾ വെച്ചും എല്ലായ്‌പ്പോഴും കർമനിരതരായിരിക്കുക. അതിലൂടെ സ്‌ട്രോക്ക് നിയന്ത്രിക്കാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്.

മസ്തിഷ്‌കത്തിലേക്കുള്ള രക്തധമനികളിൽ രക്തം കട്ട പിടിക്കുകയോ രക്തസ്രാവം ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് സ്‌ട്രോ ക്ക്. രക്താതിമർദത്തിന്റെയോ അല്ലെങ്കിൽ മറ്റ് ജീവിതശൈലീ രോഗങ്ങളുടെയോ പരിണിത ഫലമായിട്ടാണ് സ്‌ട്രോക്ക് ഉണ്ടാകുന്നത്. ആഗോളതലത്തിൽ നാല് മുതിർന്നവരിൽ ഒരാൾക്ക് പക്ഷാഘാതം വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

വായ് കോട്ടം, കൈക്കോ കാലിനോ തളർച്ച, സംസാരത്തിന് കുഴച്ചിൽ എന്നീ ലക്ഷണങ്ങൾ ഒരാളിൽ കണ്ടാൽ സ്‌ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. സ്‌ട്രോക്കിന്റെ രോഗ ലക്ഷണങ്ങൾ ആരംഭിച്ച് നാലര മണിക്കൂറിനുള്ളിൽ ചികിത്സാ കേന്ദ്രത്തിൽ എത്തിച്ചേർന്നെങ്കിൽ മാത്രമേ ഇതിന് ഫലപ്രദമായ ചികിത്സ നൽകാൻ സാധിക്കുകയുള്ളൂ.

Health sroke
Advertisment