Advertisment

മൈഗ്രെയ്‌നിനെയും തലവേദനയെയും തടഞ്ഞു നിർത്തുന്നതിലും വേദന ലഘൂകരിക്കുന്നതിലും ഭക്ഷണം വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണക്രമത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇടയ്‌ക്കിടെയുണ്ടാകുന്ന മൈഗ്രെയ്ൻ ഇല്ലാതാക്കാൻ സഹായിക്കുന്നു; മൈഗ്രെയ്നിൽ നിന്ന് രക്ഷ നേടാൻ നിർബന്ധമായും പതിവാക്കേണ്ട ഭക്ഷണങ്ങൾ

New Update

publive-image

Advertisment

മൈഗ്രെയ്ൻ അഥവാ ചെന്നിക്കുത്ത് ഇന്ന് സർവസാധാരണമായ ഒരു ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്. മൈഗ്രെയ്‌നുള്ള രോഗികൾക്ക് ശക്തമായ തലവേദന അനുഭവപ്പെടുന്നു. തലയുടെ ഏതെങ്കിലും ഒരു ഭാഗത്ത് ഉണ്ടാകുന്ന നാഡീസ്പന്ദനമാണ് കടുത്ത തലവേദനയ്ക്ക് കാരണമാകുന്നത്.

മൈഗ്രെയ്‌നിന്റെ ഭാഗമായി ആളുകൾക്ക് ക്ഷീണം, തളർച്ച, ഛർദ്ദിൽ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും അനുഭവപ്പെടാറുണ്ട്. ചില ആളുകളിൽ മൈഗ്രെയ്ൻ രണ്ട് ദിവസം വരെ നീണ്ടുനിൽക്കാറുണ്ട്. അസഹ്യമായ തലവേദനയാണ് ഈ സാഹചര്യത്തിൽ അനുഭവപ്പെടുക.

സമ്മർദ്ദം, പിരിമുറുക്കം, ഉത്കണ്ഠ, ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ തുടങ്ങിയവ മൂലമുണ്ടാകുന്ന നാഡീസംബന്ധമായ രോഗാവസ്ഥയാണ് മൈഗ്രെയ്ൻ. അതിനാൽ, ജീവിതരീതിയിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തുന്നത് തലവേദനയെയും മൈഗ്രെയ്‌നിനെയും തടഞ്ഞു നിർത്താൻ ഒരു പരിധി വരെ സഹായിക്കും എന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.

ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക എന്നത് ഇക്കാര്യത്തിൽ അതിപ്രധാനമാണ്. മൈഗ്രെയ്‌നിനെയും തലവേദനയെയും തടഞ്ഞു നിർത്തുന്നതിലും വേദന ലഘൂകരിക്കുന്നതിലും ഭക്ഷണം വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഭക്ഷണക്രമത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇടയ്‌ക്കിടെയുണ്ടാകുന്ന മൈഗ്രെയ്ൻ ഇല്ലാതാക്കാൻ സഹായിക്കുന്നു. ജീവകങ്ങൾ, ധാതുക്കൾ, ഫാറ്റി അമ്ലങ്ങൾ എന്നിവ ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മൈഗ്രെയ്‌നെ പ്രതിരോധിക്കാൻ സഹായിക്കും.

മൈഗ്രെയ്‌നും തലവേദനയും പ്രതിരോധിക്കാൻ നിങ്ങൾ ശീലമാക്കേണ്ട ഭക്ഷണ പദാർത്ഥങ്ങൾ

സാൽമൺ മത്സ്യം: സാൽമൺ മത്സ്യത്തിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡുകൾ മൈഗ്രെയ്ൻ മൂലമുണ്ടാകുന്ന തലവേദന ലഘൂകരിക്കാൻ സഹായിക്കും. മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മൈഗ്രെയ്ൻ ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കും.

ഡ്രൈ നട്സ്: മഗ്നീഷ്യം ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട പോഷകങ്ങൾ ഡ്രൈ നട്സിൽ അടങ്ങിയിട്ടുണ്ട്. പതിവായി ഡ്രൈ നട്സ് കഴിക്കുന്നത് മൈഗ്രെയ്‌നെ പ്രതിരോധിക്കാൻ സഹായിക്കും. ബദാം, കശുവണ്ടി, വാൾനട്ട്, മത്തങ്ങയുടെ കുരു തുടങ്ങിയ ഡ്രൈ നട്സ് നിങ്ങൾക്ക് കഴിക്കാവുന്നതാണ്.

പച്ചക്കറികൾ: നല്ല പച്ച നിറമുള്ളതും ഇലവർഗത്തിൽപ്പെടുന്നതുമായ പച്ചക്കറികൾ ധാരാളമായി കഴിക്കുന്നത് മൈഗ്രെയ്‌നിന്റെ വേദന ലഘൂകരിക്കാൻ സഹായിക്കും. ഇവയിൽ ചീര വളരെ പ്രധാനപ്പെട്ട ഇലക്കറിയാണ്. ഫോളിക് ആസിഡ്, വിറ്റാമിൻ ബി, മഗ്നീഷ്യം എന്നിവ ചീരയിൽ അടങ്ങിയിട്ടുണ്ട്.

കീറ്റോജെനിക് ഭക്ഷണങ്ങൾ: കുറഞ്ഞ അളവിൽ കാർബോഹൈഡ്രേറ്റുകളും ഉയർന്ന അളവിൽ കൊഴുപ്പും അടങ്ങിയിട്ടുള്ള കീറ്റോ ഭക്ഷണങ്ങൾ കഴിക്കുന്നത് മൈഗ്രെയ്ൻ ഉണ്ടാകുന്നത് തടയാൻ ഉപകരിക്കും. സമുദ്രവിഭവങ്ങൾ, അന്നജമില്ലാത്ത പച്ചക്കറികൾ, മുട്ട എന്നിവയും ധാരാളമായി കഴിക്കണം. കീറ്റോ ഡയറ്റ് ആരംഭിക്കുന്നതിന് മുമ്പ് ഒരു ഡോക്റ്ററുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശം തേടുന്നതാണ് ഉചിതം.

അടിക്കടി മൈഗ്രെയ്ൻ, തലവേദന മുതലായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ നന്നായി വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ഇത്തരക്കാർ ദിവസവും കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.

Health tip
Advertisment