Advertisment

ഭക്ഷണം കഴിച്ചയുടന്‍ ടോയ്‌ലറ്റില്‍ പോകുന്നവരാണോ നിങ്ങള്‍. പരിഹാരമുണ്ട്…

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

Advertisment

നമ്മുടെ ഇടയിലെ പലര്‍ക്കും ഉള്ള ഒരു പ്രധാന പ്രശ്‌നമാണ് വയറു നിറയെ ഭക്ഷണം കഴിച്ചു കൈ കഴുകുന്നതിനോടൊപ്പം ടോയ്‌ലറ്റിലേക്കു ഓടേണ്ടിവരുന്നത്. എന്ത് കഴിച്ചാലും, എപ്പോള്‍ കഴിച്ചാലും ചിലര്‍ക്ക് ഈ അവസ്ഥയുണ്ടാവും.

ആദ്യമൊന്നും ഇത് മനസ്സിലാവില്ല, പക്ഷേ പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോഴോ, ജോലി സ്ഥലത്തോ, അല്ലെങ്കില്‍ മറ്റുള്ളവരുടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കുമ്പോഴോ ആണ് നമുക്ക് ഇതൊരു ബുദ്ധിമുട്ടായി മാറുന്നത്. ഈ സാഹചര്യം നമുക്ക് അസ്വസ്ഥത ഉണ്ടാക്കുക തന്നെ ചെയ്യും.

ഇങ്ങനെയുള്ള അവസ്ഥകള്‍ വന്നിട്ടുള്ള ആളാണോ നിങ്ങള്‍? എന്നാല്‍ ശ്രദ്ധിക്കുക. അതിന് പ്രധാനമായ കാരണം ഐബിഎസ് അഥവാ ഇറിറ്റബിള്‍ ബൗള്‍ സിന്‍ഡ്രോം ആണ്.

ആയുര്‍വേദത്തില്‍ ഇതിനെ ഗ്രഹണി ആയിട്ടാണ് താരതമ്യം ചെയ്തിട്ടുള്ളത്. നമ്മുടെ ദഹനവ്യൂഹത്തെ ബാധിക്കുന്ന ഒരു രോഗമാണിത്.

വന്‍കുടലിനെ ബാധിക്കുന്ന ഒരു അസുഖമാണിത്. പലരും ഇതൊരു അസുഖമാണെന്ന് കണക്കാക്കുന്നില്ല എന്നാണ് സത്യം. വയറ് ഉഴിഞ്ഞും, ഭക്ഷണം കഴിക്കാതെ ഇരുന്നും എല്ലാം ആദ്യമാദ്യം ഈ അവസ്ഥയെ തടുത്തു നിര്‍ത്താന്‍ ശ്രമിക്കുന്നവരാണ് അധികവും.

വയറുവേദന, വയറു വീര്‍ത്തുവരുന്നത്, കഴിച്ച ഉടനെ ടോയ്‌ലറ്റില്‍ പോകുന്നത്, ശോധന ത്യപ്തികരമല്ലാത്ത അവസ്ഥ, മാസത്തില്‍ ഒന്നോ രണ്ടോ തവണയെങ്കിലും അതിസാരം, മലബന്ധം, ഉറക്കക്കുറവ്, ശരീര വേദന. നടുവേദന, തലവേദന ഇതൊക്കെ ഐ.ബി.എസിന്റെ ലക്ഷണങ്ങളാണ്.

നമ്മുടെ ഭക്ഷണ രീതി തന്നെയാണ് ഇതിന്റെ ഒന്നാമത്തെ കാരണം. സമയം തെറ്റി ഭക്ഷണം കഴിക്കുന്നതോ, ഭക്ഷണ സമയത്തില്‍ വന്ന മാറ്റമോ, ഭക്ഷണത്തില്‍ ഉപയോഗിച്ചിരിക്കുന്ന കൃത്രിമ പദാര്‍ത്ഥങ്ങളോ, ചില ഭക്ഷണങ്ങളോടുള്ള കുടലിന്റെ പ്രതിപ്രവര്‍ത്തനമോ അങ്ങനെ എന്തുമാവാം ഇതിനുള്ള കാരണം. കൂടാതെ മാനസിക സമ്മര്‍ദ്ദങ്ങളും ഒരുപരിധിവരെ ഐ.ബി.എസിന് കാരണമാകുന്നുണ്ട്.

ഇങ്ങനെയുള്ള അവസ്ഥകള്‍ നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ? എങ്കില്‍ അതു മാറ്റാന്‍ നിങ്ങള്‍തന്നെ മനസുവയ്ക്കണം. നമ്മുടെ ആഹാരരീതി ക്രമപ്പെടുത്തുക എന്നുള്ളതാണ് പ്രധാനപ്പെട്ട പരിഹാരമാര്‍ഗം.

പൊരിച്ചതും, എരിവും പുളിയും ഉള്ളതുമായ ഭക്ഷണങ്ങളും ഒരു പരിധി വരെ ശ്രദ്ധിച്ചു ഉപയോഗിക്കുക. അധികം തണുപ്പുള്ളതോ അധികം ചൂടുള്ള ആയ ഭക്ഷണം കഴിക്കാതിരിക്കുക. കൂടുതല്‍ പച്ചക്കറികള്‍ ഉപയോഗിക്കുക. നന്നായി വെള്ളം കുടിക്കുക. നമ്മുടെ ശരീരത്തിനു യോജിച്ച ഭക്ഷണം തിരഞ്ഞെടുത്ത്, സാവധാനം ചവച്ചരച്ച് വേണ്ടത്ര സമയമെടുത്ത് കഴിക്കാന്‍ ശ്രദ്ധിക്കുക.

ഈ അസുഖത്തെ തുടക്കത്തില്‍ തന്നെ തിരിച്ചറിയൂ. ചില ഒറ്റമൂലികളും നാട്ടുവൈദ്യവുമൊക്കെ ഇതിനു പരിഹാരമായുണ്ട്. എല്ലാം ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് മാത്രം ചെയ്യുക.

health tips
Advertisment