Advertisment

മഴയോടെ ജൂണ്‍ തുടങ്ങി, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്; ഡാമുകൾ നിറയുന്നത് വരെ കാത്തിരിക്കില്ലെന്ന് അധികൃതർ

New Update

കോട്ടയം: സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ പരക്കെ മഴ. ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് പുലർച്ചെ മുതൽ മഴ തുടങ്ങിയത്. കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൺസൂൺ ഇന്ന് കേരളത്തിൽ എത്തുമെന്നാണ് അറിയിപ്പ്.

Advertisment

publive-image

അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദം ഇന്ന് അതിതീവ്രമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി. അറബിക്കടലിൽ രണ്ട് ന്യൂനമർദ്ദങ്ങളാണ് നിലവിലുള്ളത്. ഇതിലൊന്ന് പടിഞ്ഞാറൻ തീരത്തും രണ്ടാമത്തെ ന്യൂനമർദ്ദം ലക്ഷദ്വീപിനും കേരളത്തിനുമിടയിലുമാണ്. കേരള തീരത്തെ ന്യൂനമർദ്ദം കഴിഞ്ഞ 48 മണിക്കൂറിൽ കൂടുതൽ കരുത്താർജ്ജിച്ചിട്ടുണ്ട്. ഇതു നാളെയോടെ നിസർഗ ചുഴലിക്കാറ്റായേക്കും. സംസ്ഥാനത്ത് കാലവർഷം എത്തിയതായുളള ഔദ്യോ​ഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വാർത്താസമ്മേളനം ഇന്നുച്ചയ്ക്ക് ഉണ്ടാകും.

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ ജൂൺ 4 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിൽ പരക്കെ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ചിലയിടങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പടിഞ്ഞാറൻ തീര സംസ്ഥാനങ്ങൾക്കെല്ലാം ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്തെ ഡാമുകൾ നിറയുന്നത് വരെ കാത്തിരിക്കില്ലെന്നും അതിന് മുൻപായി തുറക്കുമെന്നും ഡാം സേഫ്റ്റി ചെയർമാൻ ജസ്റ്റിസ് എസ് രാമചന്ദ്രൻ നായർ പറഞ്ഞു. ഇടുക്കിയടക്കം സംസ്ഥാനത്തെ ഡാമുകൾ തുറക്കാൻ നിറയുന്നതുവരെ കാത്തിരിക്കില്ല. കേന്ദ്ര ജലകമ്മീഷന്‍റെ മാനദണ്ഡമനുസരിച്ച് ജലവിതാനം ക്രമപ്പെടുത്തും. എന്നാൽ, പ്രളയഭീതിയുടെ പേരിൽ അനാവശ്യമായി വെളളം ഒഴുക്കിക്കളഞ്ഞാൽ അത് സംസ്ഥാനത്തിന് തന്നെ തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കേന്ദ്ര ജലകമ്മീഷൻ തയാറാക്കിയ റൂൾ കർവ് പ്രധാനപ്പെട്ട ഡാമുകൾക്കല്ലാം ബാധകമാണ്. ഓരോ മാസവും ഡാമിന്‍റെ പരാമവധി സംഭരണശേഷി മുൻകൂട്ടി നിശ്ചിയിച്ചിട്ടുണ്ട്. മഴയുണ്ടെങ്കിലും ഇല്ലെങ്കിലും ഈ സംഭരണശേഷിക്ക് മുകളേക്ക് പോകാൻ വിടില്ല. അതായത് മഴ കൂടുതൽ പെയ്താൽ ഡാമുകൾ നിറയുന്നതിന് മുൻപ് ഷട്ടറുകൾ തുറക്കേണ്ടിവരും. എന്നാൽ, അനാവശ്യമായ പ്രളയഭീതിയുടെ പേരിൽ വെളളം ഒഴുക്കിക്കളയുന്നത് ശരിയല്ല. ഇക്കാര്യത്തിൽ മാനദണ്ഡമനുസരിച്ചേ മുന്നോട്ടുപോകൂവെന്നും അദ്ദേഹം പറഞ്ഞു.

heavy rain mansoon
Advertisment