Advertisment

കനത്ത മഴ; പകർച്ചവ്യാധിക്കാലത്ത് അധിക ജാഗ്രത വേണമെന്ന് ആരോ​ഗ്യമന്ത്രി

New Update

തിരുവനന്തപുരം: വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന് ജാഗ്രതാ നിർദേശം നൽകി. മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗം ചേർന്നെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആശുപത്രികൾ സജ്ജമാണ് എന്ന് ഉറപ്പ് വരുത്താൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർക്കും നിർദേശം നൽകി.

Advertisment

publive-image

ആശുപത്രികളിൽ ആവശ്യമെങ്കിൽ പ്രത്യേക ചികിത്സാ സംവിധാനമൊരുക്കും. മതിയായ മരുന്നുകൾ ഉറപ്പ് വരുത്തിയിട്ടുണ്ട്. ക്യാമ്പുകളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കണം. രോഗലക്ഷണമുള്ളവരെ മാറ്റി പാർപ്പിക്കും. ക്യാമ്പുകളിൽ ആവശ്യമെങ്കിൽ ആന്റിജൻ പരിശോധന നടത്തും. ഇവ സംബന്ധിച്ച് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മാർഗനിർദേശം പുറത്തിറക്കിയിട്ടുണ്ട്. ഈ മാർഗനിർദേശങ്ങളനുസരിച്ച് ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ നടത്തണം.

മഴ തുടരുന്നതിനാൽ പകർച്ചവ്യാധികൾക്കും സാധ്യതയുണ്ട്. കോവിഡ് കാലത്ത് പകർച്ചവ്യാധിയുണ്ടാകാതിരിക്കാൻ അധിക ജാഗ്രത ആവശ്യമാണ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഏറെ പ്രധാനമാണ്. മഴക്കാലത്ത് ശുദ്ധജലത്തോടൊപ്പം മലിനജലം കലരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

വളരെ ശ്രദ്ധിച്ചില്ലെങ്കിൽ ജലജന്യ രോഗങ്ങളായ വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ തുടങ്ങിയവ പടർന്നുപിടിക്കാൻ സാധ്യതയുണ്ട്. വേനൽക്കാലത്തും തുടർന്ന് വരുന്ന മഴക്കാലത്തുമാണ് വയറിളക്ക രോഗങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. തിളപ്പിച്ചാറ്റിയതോ ക്ലോറിനേറ്റ് ചെയ്തതോ ആയ വെള്ളം ഉപയോഗിക്കുക എന്നതാണ് വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം.

90 ശതമാനം വയറിളക്ക രോഗങ്ങളും വീട്ടിൽ നൽകുന്ന പാനീയ ചികിത്സ കൊണ്ട് ഭേദമാക്കാൻ കഴിയും. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങ വെള്ളം, ഉപ്പിട്ട മോരും വെള്ളം തുടങ്ങിയ ഗൃഹ പാനീയങ്ങൾ പാനീയ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്നതാണ്. ഒ.ആർ.എസ്. ലായിനിയും ഏറെ ഫലപ്രദമാണ്.

പാനീയ ചികിത്സ കൊണ്ട് ഫലം കിട്ടിയില്ലെങ്കിൽ ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. കൊതുകുകൾ പെരുകുന്നതു കാരണം ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കൊതുക് മുട്ടയിടാതിരിക്കാൻ വെള്ളം കെട്ടിനിൽക്കാതെ ഒഴുക്കി കളയണം. വീടുകളും സ്ഥാപനങ്ങളും ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കണം.

മലിനജല സമ്പർക്കത്തിലൂടെ എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ് ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രളയബാധിത മേഖലകളിലെ പകർച്ച വ്യാധികളിൽ ഏറ്റവും പ്രധാനമാണിത്. എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികയായ ഡോക്‌സിസൈക്ലിൻ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നതാണ്.

ഇതിനായി ഡോക്‌സി കോർണറുകൾ സ്ഥാപിച്ചിട്ടുണ്ട്. മലിനജലവുമായി സമ്പർക്കത്തിൽ വരുന്ന സന്നദ്ധ പ്രവർത്തകരുൾപ്പെടെയുള്ളവർ ഡോക്‌സിസൈക്ലിൻ ഗുളിക കഴിക്കേണ്ടതാണ്. എലിപ്പനിയുടെ ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ തന്നെ ചികിത്സ ഉറപ്പാക്കിയാൽ സങ്കീർണതകളും മരണവും ഒഴിവാക്കാനാകും.

heavy rain
Advertisment