വോട്ടെടുപ്പ് ദിനത്തിലും കനത്ത മഴയ്ക്ക് സാധ്യത ; ഇടിമിന്നല്‍ മുന്നറിയിപ്പ് ; ഇന്നു മുതൽ മൂന്നുദിവസം കനത്ത മഴ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, April 19, 2019

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന്‌ ഇടിമിന്നലോടെയുള്ള മഴയ്‌ക്കു സാധ്യതയുണ്ടെന്നു ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്‌ നല്‍കി. ഉച്ചകഴിഞ്ഞ്‌ രണ്ടുമുതല്‍ രാത്രി എട്ടുവരെ ശക്‌തമായ ഇടിമിന്നലിനു സാധ്യതയുള്ളതിനാല്‍ ജനം ജാഗ്രത പുലര്‍ത്തണം. ഇന്നു കാസര്‍ഗോഡ്‌, കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളില്‍ മഴയുണ്ടാകും. മണിക്കൂറില്‍ 60-70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്‌ വീശാനിടയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി.

ഇന്നു മുതൽ മൂന്നുദിവസം കനത്ത മഴ ഉണ്ടാകുമെന്നാണ് അറിയിപ്പ്. വോട്ടെടുപ്പു ദിനമായ ചൊവ്വാഴ്ചയും കനത്ത മഴയുണ്ടാകുമെന്നാണ് ദുരന്തനിവാരണ അതോറിട്ടി മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നത്. ശക്തമായ മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവക്കു കാരണമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ് ; പൂര്‍ണരൂപം ചുവടെ

*ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത*
കേരളത്തില്‍ ഒറ്റപെട്ട സ്ഥലങ്ങളില്‍ 19/04/2019, 21/04/2019 & 23/04/2109 ദിവസങ്ങളില്‍ ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്കും കാറ്റിനും (കാറ്റിന്റെ വേഗത മണിക്കൂറില്‍ 3040 kmph) സാധ്യത.
കേരളത്തില്‍ ഒറ്റപെട്ട സ്ഥലങ്ങളില്‍ 20/04/2019& 22/04/2109 ദിവസങ്ങളില്‍ ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്കും കാറ്റിനും (കാറ്റിന്റെ വേഗത മണിക്കൂറില്‍ 4050 kmph) സാധ്യത.

*കേരളത്തില്‍ ചില സ്ഥലങ്ങളില്‍ 2019 ഏപ്രില്‍ 19, 20 തീയതികളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും 20/04 /2019 ന് പാലക്കാട് (ശക്തമായ മഴ),ജില്ലയില്‍ മഞ്ഞ അലേര്‍ട്ട് (Yellow Alert) പ്രഖ്യാപിച്ചിരിക്കുന്നതായും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മഴ പ്രവചനം സൂചിപ്പിക്കുന്നു*

ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‌പൊട്ടല്, മണ്ണിടിച്ചില് എന്നിവക്കു കാരണമാകാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില് ചുവടെ പ്രതിബാധിക്കുന്ന നടപടികള് ഉടനടി നടപ്പാക്കുവാന് നിര്‌ദേശിക്കുന്നു: 

1.പാലക്കാട് ,മലപ്പുറം, തൃശ്ശൂര്‍ എന്നി ജില്ലകളില്‍ ഉരുള്‌പൊട്ടല് സാധ്യത ഉള്ളതിനാല് രാത്രി സമയത്ത് (7 pm to 7 am) മലയോരമേഘലയിലേക്കുള്ള യാത്ര പരമാവധി ഒഴുവാക്കണമെന്നു പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു .

2. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന് സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം എന്ന് പ്രചാരണം നടത്തുക.

3. മരങ്ങള്ക്ക് താഴെ വാഹനം പാര്ക്ക് ചെയ്യാതിരിക്കുവാന് ശ്രദ്ധിക്കണം എന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

4. കുട്ടികള്‍ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴുവാക്കുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

*ഇടിമിന്നല്‍  ജാഗ്രത നിര്‍ദേശങ്ങള്‍*

കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന വേനല്‍ മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 8 മണിവരെയുള്ള സമയം സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 8 മണിവരെയുള്ള സമയത്ത് കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കുന്നതില്‍നിന്നും വിലക്കുക.

മഴക്കാര്‍ കാണുമ്പോള്‍ ഉണക്കാനിട്ട വസ്ത്രങ്ങള്‍ എടുക്കാന്‍ മുറ്റത്തേക്കോ ടെറസിലേക്കോ പോകാതിരിക്കുക.

മുന്‍ അനുഭവങ്ങളില്‍, മഴക്കാറ് കണ്ട് വളര്‍ത്തു മൃഗങ്ങളെ മാറ്റി കെട്ടാനും ടെറസില്‍ ഉണക്കാനിട്ട വസ്ത്രങ്ങള്‍ എടുക്കാനും പോയ വീട്ടമ്മമാരില്‍ കൂടുതലായി ഇടിമിന്നല്‍ ഏറ്റതായി കാണുന്നു. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന വീട്ടമ്മമാര്‍ പ്രത്യേകമായി ശ്രദ്ധിക്കുക.

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപെട്ട പ്രസംഗ വേദികളില്‍ ഇടിമിന്നല്‍ ഉള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കുക. പ്രാസംഗികര്‍ ഉയര്‍ന്ന വേദികളില്‍ ഇത്തരം സമയങ്ങളില്‍ നില്‍ക്കാതിരിക്കുകയും, മൈക്ക് ഉപയോഗിക്കാതിരിക്കുകയും ചെയ്യുക

×