Advertisment

'നേരിട്ട് സുപ്രീംകോടതിയിലേക്ക് വന്നത് പോലും അവരുടെ ധാര്‍ഷ്‌ട്യം'; പ്രവാചക നിന്ദയില്‍ നുപൂര്‍ ശര്‍മയെ പൊരിച്ച് സുപ്രീം കോടതി

New Update

publive-image

ന്യൂഡല്‍ഹി: പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി ദേശീയ വക്താവ് നൂപുര്‍ ശര്‍മക്കെതിരെ സുപ്രീംകോടതി ഇന്ന് നടത്തിയത് കടുത്ത പരാമര്‍ശങ്ങള്‍. ജസ്റ്റിസ് സൂര്യകാന്ത് മിശ്ര, ജസ്റ്റിസ് ജെ.ബി. പര്‍ദിവാല എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കീഴ് കോടതികളെ സമീപിക്കാതെ ഹരജിയുമായി നേരിട്ട് സുപ്രീംകോടതിയിലേക്ക് വന്നതുപോലും അവരുടെ ധാര്‍ഷ്ട്യമാണ് കാണിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. കീഴ് കോടതികളിലെ മജിസ്ട്രേറ്റുമാര്‍ തനിക്ക് മുന്നില്‍ തീരെ ചെറുതാണെന്നാണോ അവര്‍ കരുതുന്നത് എന്നും കോടതി ചോദിച്ചു.

പ്രവാചക നിന്ദയെ തുടര്‍ന്ന് തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളെല്ലാം ഒറ്റ കേസായി പരിഗണിക്കണമെന്നും ഡല്‍ഹിയിലേക്ക് മാറ്റണമെന്നുമുള്ള ആവശ്യവുമായാണ് നൂപുര്‍ ശര്‍മ സുപ്രീംകോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ മനീനന്ദര്‍ സിങ്ങാണ് നൂപുറിന് വേണ്ടി ഹാജരായത്. മുംബൈ, ഹൈദരാബാദ്, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ നൂപുര്‍ ശര്‍മക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഹരജിയിലെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ ഹരജി പിന്‍വലിക്കുന്നതായി നൂപുറിന്‍റെ അഭിഭാഷകന്‍ പറഞ്ഞു.

നൂപുര്‍ ശര്‍മ പ്രവാചക നിന്ദ നടത്തിയ ടൈംസ് നൗ ചാനലിലെ ചര്‍ച്ചക്കെതിരെയും കോടതി വിമര്‍ശനമുയര്‍ത്തി. ഗ്യാന്‍വാപി പള്ളിയുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു ചര്‍ച്ച. കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയത്തില്‍ ഇത്തരത്തിലുള്ള ഒരു ചര്‍ച്ച എന്തിനുവേണ്ടിയാണെന്ന് കോടതി ചോദിച്ചു.

മേയ് 27ന് 'ടൈംസ് നൗ' ചാനലില്‍ ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു നൂപുര്‍ ശര്‍മയുടെ വിവാദ പരാമര്‍ശം. പ്രവാചകന്‍ മുഹമ്മദ് നബിയെയും അദ്ദേഹത്തിന്‍റെ ഭാര്യയെയും സംബന്ധിച്ചായിരുന്നു അപകീര്‍ത്തി പരാമര്‍ശം. അറബ് ലോകത്തുനിന്നടക്കം വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ ബി.ജെ.പി വിവാദ പരാമര്‍ശത്തെ അപലപിച്ച്‌ രംഗത്തെത്തിയിരുന്നു. നൂപുറിനെയും വിവാദ വിഡിയോ ട്വിറ്ററിലടക്കം പ്രചരിപ്പിച്ച ഡല്‍ഹി ഘടകം മാധ്യമ വിഭാഗം തലവന്‍ നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. പിന്നാലെ ക്ഷമാപണവുമായി നൂപുര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

നൂപുര്‍ ശര്‍മ രാജ്യത്തോടാകെ മാപ്പ് പറയണമെന്നാണ് സുപ്രീംകോടതി ഇന്ന് ഹരജി പരിഗണിക്കവേ വ്യക്തമാക്കിയത്. പാര്‍ട്ടി വക്താവ് എന്നുള്ളത് എന്തും വിളിച്ചുപറയാനുള്ള ലൈസന്‍സല്ലെന്ന് പറഞ്ഞ കോടതി, നൂപുര്‍ ശര്‍മയുടെ പരാമര്‍ശം രാജ്യത്ത് കലാപം സൃഷ്ടിച്ചുവെന്നും ചൂണ്ടിക്കാട്ടി. രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്കെല്ലാം കാരണക്കാരി നൂപുര്‍ ശര്‍മയാണ്. ഉദയ്പൂര്‍ കൊലപാതകം നടന്നത് പോലും നുപൂറിന്‍റെ പ്രസ്താവന കാരണമാണെന്ന് കോടതി പറഞ്ഞു.

Advertisment