Advertisment

ദക്ഷിണേന്ത്യക്കാര്‍ പ്രധാനമന്ത്രിയാകുന്നത് തടയുന്നത് ഹിന്ദി രാഷ്ട്രീയം; കരുണാനിധിയും കാമരാജും ഇതിന് ഉദാഹരണം; തടസങ്ങള്‍ മറികടന്ന് തന്റെ പിതാവ് പ്രധാനമന്ത്രിയായെങ്കിലും അദ്ദേഹം പരിഹസിക്കപ്പെട്ടു; കനിമൊഴിയെ പിന്തുണച്ച് എച്ച്.ഡി. കുമാരസ്വാമി രംഗത്ത്‌

New Update

publive-image

Advertisment

ബെംഗളൂരു: ഹിന്ദി അറിയില്ലെന്നും അതിനാല്‍ ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കണമെന്നും ആവശ്യപ്പെട്ട താന്‍ ഇന്ത്യക്കാരിയാണോ എന്ന് വിമാനത്താവളത്തിലെ സിഐഎസ്ഫ് ഉദ്യോഗസ്ഥന്‍ ചോദിച്ചുവെന്ന ഡിഎംകെ നേതാവ് കനിമൊഴിയുടെ ആരോപണം ദേശീയ രാഷ്ട്രീയത്തില്‍ പുതിയ സംഭവവികാസങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

ഇപ്പോള്‍ കനിമൊഴിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് കര്‍ണാടക മുന്‍മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ദക്ഷിണേന്ത്യയില്‍ നിന്നുള്ള പല നേതാക്കന്മാരും പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത് തടയുന്നത് ഹിന്ദി രാഷ്ട്രീയമാണെന്ന് കുമാരസ്വാമി പറഞ്ഞു. കരുണാനിധിയും കാമരാജും ഇത്തരത്തില്‍ പ്രധാനമന്ത്രിയാകാന്‍ കഴിയാത്തവരാണ്.

പ്രതിസന്ധികളെ അതിജീവിച്ച് തന്റെ പിതാവ് ദേവഗൗഡയ്ക്ക് പ്രധാനമന്ത്രിയാകാന്‍ സാധിച്ചെങ്കിലും ഭാഷയുടെ പേരില്‍ അദ്ദേഹം വിമര്‍ശിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തതായി കുമാരസ്വാമി പറയുന്നു.

ഭരണവര്‍ഗം ദക്ഷിണേന്ത്യക്കാരെ അവഗണിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു. ഹിന്ദി രാഷ്ട്രീയക്കാര്‍ മറ്റുള്ള നേതാക്കളെ ബഹുമാനിക്കാറില്ല. പല പൊതുമേഖല സ്ഥാപനങ്ങളിലും ജോലി കിട്ടുന്നതിനുള്ള പരീക്ഷയ്ക്ക് ഹിന്ദിയും ഇംഗ്ലീഷും മാത്രമാണ് തിരഞ്ഞെടുക്കാന്‍ കഴിയുക. ഇതുമൂലം കന്നഡക്കാര്‍ക്ക് അടക്കമുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്നു.

ഈ സ്ഥിതി മാറണം. ഹിന്ദിയുടെ പ്രചാരത്തിനായി കോടിക്കണക്കിന് രൂപയാണ് കേന്ദ്രം ചിലവഴിക്കുന്നത്. രാജ്യത്തെ എല്ലാ ഭാഷകള്‍ക്കും ബഹുമാനം കിട്ടാന്‍ പോരാടേണ്ടിയിരിക്കുന്നുവെന്നും കുമാരസ്വാമി പറഞ്ഞു.

Advertisment