Advertisment

അല്ലാഹുവിന്റെ അതിഥികളെ എതിരേറ്റ് പുണ്യ മക്ക; ശനിയാഴ്ച നാല്പതിനായിരം ഹാജിമാർ മക്ക വഴി മിനായിലെത്തി; ഇരുപതിനായിരം പേർ ഇന്ന് എത്തിച്ചേരും

New Update

publive-image

Advertisment

ജിദ്ദ: വിശുദ്ധ ഹജ്ജ് ആരംഭിക്കാൻ മണിക്കൂറുകൾ ബാക്കി. മഹാമാരിയിലെ രണ്ടാമത്തെ സവിശേഷ ഹജ്ജിൽ പങ്കെടുക്കുന്ന അല്ലാവുഹിന്റെ അതിഥികൾ പുണ്യ മക്കയിൽ ശനിയാഴ്ച രാവിലെയോടെ എത്തിത്തുടങ്ങി. മനുഷ്യ സാധ്യമായ എല്ലാ മുൻകരുതലുകളോടെയും ജാഗ്രതയോടെയും സംവിധാനിച്ചിട്ടുള്ള കോവിഡ് പശ്ചാത്തലത്തിലെ രണ്ടാമത്തെ ഹജ്ജിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർ ഈ വർഷവും ഇല്ല.

സൗദിയ്ക്ക് അകത്തുള്ള സ്വദേശികളും പ്രവാസികളുമായ അറുപതിനായിരം തീർത്ഥാടകർ മാത്രമാണ് ഹജ്ജിന് ഇഹ്‌റാം അണിയുന്നത്. ഇവരെ സേവിക്കാനായി പതിനായിരം ജീവനക്കാരെയാണ് ഹറം പരിപാലന സമിതി വിന്യസിച്ചിരിക്കുന്നത്.

ശനിയാഴ്ച വൈകീട്ട് എട്ട് മണിയോടെ, മുൻ നിശ്ചയ പ്രകാരം, നാല്പതിനായിരം ഹാജിമാർ മക്കയിൽ എത്തിയതായാണ് റിപ്പോർട്ട്. ഇന്ന് ബാക്കിയുള്ള ഇരുപതിനായിരം പേരും എത്തും. മക്കയിൽ എത്തുന്ന തീർത്ഥാടകർ ത്വവാഫുൽ ഖുദൂം (ആഗമന പ്രദക്ഷിണം) നിർവഹിച്ച ശേഷം മിനായിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

നിർണിതമായ സമയ ക്രമങ്ങളോടെയും റൂട്ടുകളിലൂടെയും ഹാജിമാർ കഅബായുടെ ചുറ്റിലുമായി എത്തിക്കൊണ്ടിരിക്കുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ മിനാ പ്രയാണം പൂർത്തിയാകും. ഞായറാഴ്ച മിനായിൽ തങ്ങുന്ന ഹാജിമാർ തിങ്കളാഴ്ചയിലെ അറഫാ ദിന പുലരിയിൽ മിനായിൽ നിന്ന് പതിമൂന്ന് കിലോമീറ്റർ അകലെയുള്ള അറഫാ പ്രതലത്തിലേക്ക് തിരിക്കും.

ഹാജിമാരെ വഹിച്ചു കൊണ്ടുള്ള പ്രത്യേക സൗദിയ വിമാന സർവീസുകളിൽ ആദ്യ വിമാനം റിയാദിൽ നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ജിദ്ദയിൽ എത്തി. പ്രത്യേക ഹജ്ജ് സർവീസുകളിലായി മൊത്തം മുവ്വായിരത്തിലേറെ ഹാജിമാരെയാണ് സൗദിയ എയർലൈൻസ് ജിദ്ദയിലെത്തിക്കുക.

റിയാദ്, ദമ്മാം, അൽഹസ്സ എന്നിവിടങ്ങളിൽ നിന്ന് മൊത്തം എട്ട് സർവീസുകളാണ് ഹജ്ജിനായി സൗദിയ ഏർപ്പെടുത്തിയിട്ടുള്ളത്. മക്കയുടെ സമീപ പ്രദേശങ്ങളായ നവാരിയ, സാഇദി, ശറാഅ, അൽഹദാ എന്നിവിടങ്ങളിലെ പാർക്കിങ്ങുകളിൽ എത്തിയ ഹാജിമാരെ ആരോഗ്യ പരിശോധനകൾക്ക് കൂടി വിധേയമാക്കിയ ശേഷം ഹറം ശരീഫിൽ എത്തിക്കുകയായിരുന്നു.

രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമാണ് ഹജ്ജിന് അനുമതി ലഭിച്ചത്. ഹറം ശരീഫിലും ഹാജിമാർ എത്തുന്ന മറ്റു പുണ്യസ്ഥലങ്ങളിലുമായി വിപുലമായ ആരോഗ്യ മുന്നൊരുക്കങ്ങളും സന്നാഹങ്ങളുമാണ് സൗദി റെഡ് ക്രസൻറ്റിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്.

അണുബാധാ റിപ്പോർട്ട് ഉണ്ടാവുമ്പോൾ ഇടപെടാനുള്ള പ്രത്യേക സംവിധാനങ്ങളോടെയും പരിശീലങ്ങളോടെയുമുള്ള പ്രത്യേക വളണ്ടിയർ ടീമിനെയും വിന്യസിച്ചിട്ടുണ്ട്. ഓക്‌സിജൻ കിറ്റുകൾ ഉൾപ്പെടെ പ്രാഥമിക ശുശ്രൂഷക്കുള്ള സാമഗ്രികൾ അടങ്ങുന്ന 30 എമെർജൻസി ബാഗുകകൾ റെഡ് ക്രസന്റ് വളണ്ടിയർ സംഘങ്ങൾക്ക് നൽകിയിട്ടുണ്ട്.

ഹാജിമാരെ സേവിച്ചു കൊണ്ട് വിശുദ്ധ ഹറമിലും പുണ്യസ്ഥലങ്ങളിലുമുള്ള 25 കേന്ദ്രങ്ങളിൽ വളണ്ടിയർ സംഘങ്ങളെ നിയോഗിച്ചതായി ഹജ്ജ് വളണ്ടിയർ വിഭാഗം മേധാവി ഹനാ അൽശംറാനി പറഞ്ഞു. വളണ്ടിയർമാരിൽ 60 ശതമാനം പേർ ഡോക്ടർമാരും 30 ശതമാനം പേർ നഴ്‌സുമാരും പത്തു ശതമാനം പേർ ഫാർമസിസ്റ്റുകളും ഫിസിയോ തെറാപ്പിസ്റ്റുകളും മറ്റുമാണെന്നും ഹനാ അൽശംറാനി പറഞ്ഞു.

മുഴുദിന ഹറം - മത്വാഫ് അണുനശീകരണ പ്രവർത്തികൾക്കായി നാനൂറു തൊഴിലാളികളാണ് രാപ്പകൽ പണിയെടുക്കുന്നത്. സുരക്ഷാ വിഭാഗവും ആരോഗ്യ വിഭാഗവും അക്ഷീണരായി രംഗത്തുണ്ട്.

മഹാമാരി ഉയർത്തുന്ന വൈറസ് വ്യാപന ഭീതിയും കാലാവസ്ഥ ഉയർത്തുന്ന ഉഷ്ണാഘാത ഭീതിയും മുന്നിൽ കണ്ടുകൊണ്ടുള്ള സർവ സന്നാഹങ്ങളും ഹറമിലും ഹാജിമാർ എത്തുന്ന എല്ലായിടങ്ങളിലും സംവിധാനിച്ചിട്ടുണ്ട്.

ajman news
Advertisment