Advertisment

കമിതാക്കളുടെ സ്‌നേഹ പ്രകടനം തടയാന്‍ കോളനിക്ക് പുറത്ത് നോ കിസ്സിങ് സോണ്‍ രേഖപ്പെടുത്തി മുംബൈയിലെ ഹൗസിങ് സൊസൈറ്റി

New Update

publive-image

Advertisment

മുംബൈ: കമിതാക്കളുടെ സ്‌നേഹ പ്രകടനം തടയാന്‍ കോളനിക്ക് പുറത്ത് നോ കിസ്സിങ് സോണ്‍ രേഖപ്പെടുത്തി മുംബൈയിലെ ഹൗസിങ് സൊസൈറ്റി. ബൊരിവാലിയിലെ സത്യം ശിവം സുന്ദരം എന്ന സൊസൈറ്റിയാണ് കോളനിക്ക് മുന്നില്‍ നോ കിസ്സിങ് സോണ്‍ എന്നെഴുതിയത്.

വൈകുന്നേരം അഞ്ച് മുതല്‍ രാത്രി വൈകും വരെ കമിതാക്കള്‍ കാറിലും ബൈക്കിലുമെത്തി സ്‌നേഹം പ്രകടനം 'അതിരുവിടുന്നതിനെ' തുടര്‍ന്നാണ് സൊസൈറ്റി ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് ഇവിടേക്ക് ആളുകള്‍ കൂടുതല്‍ എത്തുന്നതെന്നും നോ കിസ്സിങ് സോണ്‍ എന്ന് രേഖപ്പെടുത്തിയതിന് ശേഷം കമിതാക്കള്‍ വരുന്നത് കുറഞ്ഞിട്ടുണ്ടെന്ന് റസിഡന്റ്‌സ് അസോസിയേഷന്‍ പറയുന്നു.

''കമിതാക്കള്‍ ചുംബിക്കുന്നതിനോ സ്‌നേഹം പ്രകടിപ്പിക്കുന്നതിനോ തങ്ങള്‍ എതിരല്ല. എന്നാല്‍ കോളനിയുടെ പരിസരത്ത് അനുവദിക്കാനാകില്ല. ആദ്യം ഒറ്റപ്പെട്ട സംഭവമായി കരുതി. എന്നാല്‍, ചിലര്‍ ചുംബിക്കാനുള്ള സ്ഥിരം സ്ഥലമായി മാറ്റിയെന്ന് ബോധ്യപ്പെട്ടു''- കോളനിയിലെ താമസക്കാരനായ കൈലാഷ് റാവു ദേശ്മുഖ് പറഞ്ഞു.

പൊലീസില്‍ സംഭവം അറിയിച്ചിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് സ്വയം നടപടി സ്വീകരിച്ചത്. അതേസമയം നോ കിസ്സിങ് സോണ്‍ എന്നെഴുതി വേര്‍തിരിച്ചത് ആദ്യമായാണ് കാണുന്നതെന്ന് ചിലര്‍ പ്രതികരിച്ചു.

ലോക്ക്ഡൗണിനെ തുടര്‍ന്ന് കമിതാക്കള്‍ക്ക് കാണാനോ ഒരുമിച്ചിരിക്കാനോ നഗരത്തില്‍ സ്ഥലമില്ലാതായെന്നും പരാതിയുയര്‍ന്നു. മുംബൈയിലെ മിക്ക പാര്‍ക്കുകളും ഗാര്‍ഡനുകളും അടച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ വൈകുന്നേരങ്ങളില്‍ പലരും സ്വന്തം വാഹനങ്ങളിലാണ് വൈകുന്നേരം ചെലവഴിക്കുന്നത്.

NEWS
Advertisment