Advertisment

സൗദിയില്‍ പ്രവാസി മരണപെട്ടാല്‍ മൃതദേഹം എങ്ങനെ നാട്ടിലെത്തിക്കാം നടപടി ക്രമങ്ങള്‍ അറിയാം.

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ഒരു പക്ഷെ ഈ കാര്യങ്ങള്‍ അറിഞ്ഞു ഇരിക്കുന്നത് നല്ലതാണ്.  സൗദിയിൽ ഒരു പ്രവാസി മരിച്ചാൽ ആദ്യമായി തീരുമാനിക്കേണ്ടത് മൃതദേഹം സൗദിയിൽ തന്നെ അടക്കണോ അതോ നാട്ടിലേക്ക് കൊണ്ട് പോകണോ എന്നാണ്. കാരണം അതിനനുസരിച്ച് നടപടി ക്രമങ്ങൾ വ്യത്യാസപ്പെട്ടിരിക്കും.

Advertisment

publive-image Editorial use only

The firm of undertakers in the hospital carries the deceased to another place, France.

ആശുപത്രിയിലേക്ക് പോകുന്നതിനിടെ മരണം സംഭവിച്ചതാണെങ്കിൽ നേരെ മോർച്ചറിയിലേക്ക് കൊണ്ടുപോയ ശേഷം പോലീസിനെ അറിയിച്ചാൽ മതി. അല്ലെങ്കിൽ മരണ വിവരം 999 എന്ന നമ്പറിൽ വിളിച്ചോ നേരിട്ടോ പോലീസിനെ അറിയിക്കാം.

പോലീസ് ഈ വിവരം റെഡ് ക്രസന്റിനെ അറിയിക്കുകയും അവരെത്തി മരണം സ്ഥിരീകരിച്ച് ക്രൈം പോലീസിന് റിപ്പോർട്ട് നൽകും. അവർ തന്നെ നടപടിക്രമങ്ങൾ പാലിച്ച് ബലദിയയുടെ ആംബുലൻസിനെ അറിയിക്കുകയും ആ ആംബുലൻസിൽ തന്നെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടു പോകുകയും ചെയ്യാം.

സൗദിയിൽ അടക്കം ചെയ്യാനാണ് എങ്കിലും നാട്ടിലേക്ക് കൊണ്ട് പോകാനാനാണെങ്കിലും സൗദിയിലെ നടപടിക്രമങ്ങൾ ചെയ്യാൻ ഒരാളെ അധികാരപ്പെടുത്തി അടുത്ത ബന്ധുക്കളിൽ നിന്നുള്ള പവർ ഓഫ് അറ്റോണി നിർബന്ധമാണ്. സാധാരണ ഗതിയിൽ സാമൂഹിക പ്രവർത്തകരോ സ്പോൺസറോ എംബസിയോ ബന്ധുക്കളെ വിവരം അറിയിച്ച് പവർ ഓഫ് അറ്റോണി സംഘടിപ്പിക്കുകയാണ് ചെയ്യുക. ഏതെങ്കിലും വ്യക്തിയെ അധികാരപ്പെടുത്തിയോ എംബസി, കോൺസുലേറ്റ് എന്നിവയുടെ പേരിലോ പവർ ഓഫ് അറ്റോർണി തയ്യാറാക്കാം.

എംബസിയിൽ നിന്നോ കോൺസുലേറ്റിൽ നിന്നോ എൻ.ഒ.സി ലഭ്യമാക്കണം. ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, പോലീസ് റിപ്പോർട്ട് എന്നിവ അറബിയിൽ ആയിരിക്കും. ഇത് പരിഭാഷപ്പെടുത്തി പവർ ഓഫ് അറ്റോണിയും അത് ലഭിച്ച വ്യക്തിയുടെ തിരിച്ചറിയൽ രേഖകൾ സഹിതം എംബസിയിൽ സമർപ്പിക്കണം. കൂടെ സ്‌പോൺസറിൽ നിന്നുള്ള എല്ലാ ആനുകൂല്യങ്ങളും നൽകിയെന്ന ക്ലിയറൻസും ഉണ്ടാവണം. എങ്കിൽ മാത്രമാണ് എംബസി എൻ.ഒ.സി ലഭിക്കുക.

ഈ എൻ ഒ സി യും ലേബർ ഓഫീസ് ക്ലിയറൻസ്, ഫൈനൽ എക്‌സിറ്റ്, അഹ്‌വാലുൽ മദനി (സിവിൽ അഫയേഴ്‌സ്)യിൽ നിന്നുള്ള ഡെത്ത് സർട്ടിഫിക്കറ്റ് എന്നീ രേഖകളും മരണം നടന്ന പ്രദേശത്തെ പോലീസിൽ സമർപ്പിക്കണം. അസ്വാഭാവിക മരണമാണെങ്കിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർബന്ധമാണ്. അപകട മരണമെങ്കിൽ ആക്സിഡന്റ് റിപ്പോർട്ടും വേണം. സമർപ്പിച്ച രേഖകൾ തൃപ്തികരമെങ്കിൽ മൃതദേഹം വിട്ടുനൽകുന്നതിനുള്ള ശുപാർശ പോലീസ് നൽകും.

മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ളതാണെങ്കിൽ പോലീസിൽ നിന്നും കൂടുതൽ രേഖകൾ ആവശ്യമാണ്. ആശുപത്രി, ജവാസാത്, വിമാനത്താവളം, കാർഗോ തുടങ്ങിയ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് മൃതദേഹം നാട്ടിലയക്കാനുള്ള അനുമതി പത്രം പോലീസിൽ നിന്ന് കരസ്ഥമാക്കണം. കൂടാതെ ഡെത്ത് നോട്ടിഫിക്കേഷൻ ഇഷ്യു ചെയ്യാനും മൃതദേഹം സ്വീകരിക്കാനുമുള്ള അനുമതിയും വേണം. മൃതദേഹം നാട്ടിലെത്തിക്കാൻ ഫൈനൽ എക്‌സിറ്റ് ആവശ്യമാണ്.

അതിന് ശേഷം ആശുപത്രിയിലെത്തി ഡെത്ത് നോട്ടിഫിക്കേഷൻ വാങ്ങി അതുമായി അഹവാലുൽ മദനിയിൽ പോയി ഡെത്ത് സർട്ടിഫിക്കറ്റ് വാങ്ങണം. പിന്നീട് അത് പരിഭാഷപ്പെടുത്തി എംബസിയിൽ നൽകണം. പിന്നീട് മൃതദേഹം എംബാം ചെയ്യാനുള്ള നടപടിക്രമങ്ങൾ തുടങ്ങാം. അതിനുള്ള തുക ആശുപത്രിയിൽ അടച്ച ശേഷം അവിടെ നിന്ന് ലഭിക്കുന്ന എംബാമിംഗ് അപേക്ഷയിൽ എയർപോർട്ടിൽ നിന്ന് സീൽ ചെയ്യിക്കണം. അതിന് ശേഷം എംബാമിംഗ് നടപടികൾ ആരംഭിക്കും.

എംബാമിംഗ് കഴിഞ്ഞാൽ ആശുപത്രി എംബാമിംഗ് സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്യും. അതുമായി എയർലൈൻ കാർഗോ ഓഫീസ് മുഖേന ടിക്കറ്റ് ബുക്ക് ചെയ്യണം. അതിന് ശേഷം കാർഗോ സെക്ഷൻ നാട്ടിലെ വിമാനത്താവളത്തിലേക്ക് മൃതദേഹം എത്തുന്നത് സംബന്ധിച്ച് അറിയിക്കും. നാട്ടിൽ മൃതദേഹം എത്തിയാൽ ഉടൻ തന്നെ ഏറ്റെടുക്കുമെന്ന് കാണിച്ച് ബന്ധുക്കൾ എയർപോർട്ട് അതോറിറ്റിക്ക് എഴുത്ത് നൽകിയാൽ മാത്രമേ അനുമതി ലഭിക്കൂ. എന്നാൽ മൃതദേഹത്തിനൊപ്പം ആരെങ്കിലും ഉണ്ടെങ്കിൽ ഈ നടപടി ആവശ്യമില്ല.

പൊതുവായ നടപടി ക്രമങ്ങളാണ് ഇവിടെ വ്യക്തമാക്കിയിട്ടുള്ളത്. പ്രവിശ്യകൾ മാറുമ്പോൾ ചില നടപടികളിൽ ചെറിയ വ്യത്യാസം ഉണ്ടാവാം.

Advertisment