യു.എന്‍.എ യില്‍ സാമ്പത്തിക ക്രമക്കേടെന്ന് ആരോപണം; അക്കൗണ്ടില്‍ നിന്ന് 3 കോടി 71 ലക്ഷം രൂപ പിന്‍വലിച്ചതെന്ന് പരാതി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, March 15, 2019

തിരുവനന്തപുരം: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി. സംഘടനയുടെ അക്കൗണ്ടില്‍ നിന്നും 3 കോടി 71 ലക്ഷം രൂപ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ അറിവോടെ തിരിമറി നടത്തിയതായാണ് പരാതി. പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി ജി പി ഉത്തരവിട്ടു.

നഴസുമാരുടെ ലെവി പിരിച്ചതടക്കമുള്ള തുകയില്‍ നിന്നാണ് തിരിമറി. സംഘടനയുടെ ദേശീയ പ്രസിഡനന്റായ ജാസ്മിന്‍ ഷാ യുടെ ഡ്രൈവറാണ് അക്കൗണ്ടില്‍ നിന്ന് വലിയ തുക പിന്‍വലിച്ചിരിക്കുന്നത്. പല സമയങ്ങളിലായി വലിയ തുകകള്‍ പിന്‍വലിച്ചതായാണ് ആരോപണം. സംഘത്തിലെ ഒരു വിഭാഗമാണ് മറ്റ് അംഗങ്ങളോട് സംസാരിക്കാതെ പലതവണയായി അക്കൗണ്ടില്‍ നിന്ന് 3 കോടി 71 ലക്ഷം രൂപ പിന്‍വലിച്ചതെന്ന് പരാതിയില്‍ പറയുന്നു. യു എന്‍ എ സംസ്ഥാന വൈസ് പ്രസിഡന്റ് സി.വി മുകേഷാണ് ഡി ജി പിക്ക് പരാതി നല്‍കിയത്.

അതേ സമയം ഏതൊരു അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി യുഎന്‍എ നേതാവ് ജാസ്മിന്‍ ഷാ പ്രതികരിച്ചു. സിബി മുകേഷിനെതിരെ സംഘടന നടപടിയെടുത്ത് പുറത്താക്കിയതാണെന്നും ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സംഘടനയെ തകര്‍ക്കാന്‍ സിബി മുകേഷ് രംഗത്തെത്തിയിരിക്കുന്നതെന്നും ജാസ്മിന്‍ ഷാ പറഞ്ഞു.

അതേ സമയം യുഎന്‍എ യില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നതായുള്ള പരാതിയെപ്പറ്റി അന്വേഷിക്കാന്‍ ഡിജിപി എഡിജിപി ക്ക് നിര്‍ദേശം നല്‍കി. അന്വേഷിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ഡിജിപി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

×