Advertisment

മനുഷ്യത്വം എന്നാൽ എന്തന്ന് ഇപ്പോൾ മനസ്സിലായി

author-image
ടെസ്സി അനിയച്ചൻ
Updated On
New Update

ഇന്നത്തെ പ്രഭാതം കാണാൻ സാധിച്ചു ദൈവത്തിനു നന്ദി! ചുറ്റിനും നോക്കുമ്പോൾ ഹൃദയം പൊട്ടുന്ന ദു:ഖമാണ്. എങ്കിലും ഒത്തിരി സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോകുന്ന ഒരു കാര്യമുണ്ട്. ഞാനിപ്പോൾ ' മനുഷ്യരെ ' കാണുന്നു. മനുഷ്യത്വം എന്നാൽ എന്തന്ന് ഇപ്പോൾ മനസ്സിലായി. ഇത്ര ശ്രേഷ്ഠമായാണ് നല്ലോരു ദൈവം നമ്മെ സൃഷ്ടിച്ചതെന്നു ഇപ്പോൾ ഞാനറിയുന്നു. നമ്മിലെ ഈ നന്മയെല്ലാം എപ്പോഴൊക്കെയോ നഷ്ടപ്പെട്ടിരുന്നു. മനുഷ്യനിലെ ഈ ശ്രേഷ്ഠത തിരിച്ചു കിട്ടാൻ നമുക്കു വലിയ വില കൊടുക്കേണ്ടി വന്നു.

നിരീശ്വര യുക്തിവാദികൾക്കുള്ള ഉത്തരം- കാണപ്പെടാത്ത ദൈവം ഇല്ല എന്നു പല തരത്തിൽ നിങ്ങൾ വാദിക്കുന്നു. ഇന്നു നമ്മൾ കാണുന്ന ദയ, സ്നേഹം, സഹനം, പരോപകാരം, സ്വന്തം ജീവൻ പണയപ്പെടുത്തിയും മറ്റുള്ളവരെ രക്ഷിക്കാനുള്ള ഏറ്റവും നിസ്സാരക്കാരന്റെയും സന്നദ്ധത ഇതെല്ലാം സർവ്വ ശക്തനായ ദൈവം മനുഷ്യനിൽ വച്ചു തന്നിട്ടുള്ള ദൈവീക കണങ്ങളാണ്. കാണപ്പെടാത്ത ഈ വികാരങ്ങൾ നശിക്കുന്ന , മണ്ണാകുന്ന ഈ ശരീരത്തിൽ എങ്ങനെയുണ്ടായി? നൻമയുള്ള മനുഷ്യർ ഈ ലോകത്തിൽ പ്രവർത്തിക്കുന്നദൈവത്തിന്റെ കൈകളാണ്.ജീവന്റെയും മരണത്തിന്റെയും നൂൽപ്പലത്തേക്കു ടെ യാത്ര ചെയ്തവർക്കറിയാം, മനുഷ്യന്റെ നിസ്സഹായ അവസ്ഥയുടെ അങ്ങേ അറ്റത്ത് ഏതൊരുവനും എന്റെ ദൈവമേ' എന്നു വിളിച്ചു പോകും. സൃഷ്ടാവ് തന്റെ ശ്രേഷ്ഠ സൃഷ്ടിയെ അങ്ങനെയാണ് രൂപം ചെയ്തിരിക്കുന്നത്.

പക്ഷെ ദൈവം നിസ്സഹായനല്ല. ഒരപകടം സംഭവിക്കുമ്പോൾ ദൈവം ഭൂമിയിലേക്കിറങ്ങി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടേണ്ട ആവശ്യമില്ല. ദൈവത്തിന്റെ ഛായയിൽ സൃഷ്ടിച്ച മനുഷ്യന് ദൈവം പ്രതിസന്ധികളെ മറി കടക്കാനുള്ള കഴിവും തന്നിട്ടുണ്ട്. ദൈവാശ്രയത്തിലിരിക്കുന്ന ഒരുവന് എന്തും സാധ്യമാണ്. നാം ദൈവത്തിന് പുറം തിരിഞ്ഞു നിന്ന് 'ഇപ്പൊ ദൈവമെവിടെ?'എന്നു പറഞ്ഞിട്ടു കാര്യമില്ല. ആ സ്യഷ്ടാവിന്റെ പൂർണ്ണത ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. അതു കൊണ്ടായിരിക്കും ഇത്ര ശ്രേഷ്ഠമായ സൃഷ്ടിയെ അവൻ തന്റെ അവസാന തുള്ളി രക്തവും കൊടുത്തു വീണ്ടെടുത്തത്.

നാളത്തെ അവസ്‌ഥ എനിക്കറിയില്ല. ഇതെഴുതാതിരുന്നാൽ ദൈവത്തോടുള്ള നന്ദികേടാവും. ജീവിതമായാലും മരണമായാലും അതു കഴിഞ്ഞും എന്റെ ആത്മാവ് എന്റെ പൊന്നേശുവിന്.

Advertisment