Advertisment

ഹൈദ്രാബാദ് നിസാമിന്റ 100 വര്‍ഷം പഴക്കമുള്ള കൊട്ടാരം വ്യാജ രേഖ ചമച്ച് ഉടമകളറിയാതെ 300 കോടിയ്ക്ക് മറിച്ചു വിറ്റു ; തട്ടിപ്പിലെ കണ്ണികള്‍ക്കായി ലുക്കൗട്ട് നോട്ടീസ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഹൈദ്രാബാദ് : വ്യാജ രേഖ ചമച്ച് പ്രമുഖ കൊട്ടരം ഉടമകളറിയാതെ വിറ്റു. ഹൈദ്രാബാദ് നിസാമിന്റ കൊട്ടാരമാണ് വ്യാജ രേഖകള്‍ ഉണ്ടാക്കി 300 കോടിയ്ക്ക് മറിച്ചു വിറ്റത്. കശ്മീരിലുള്ള ഒരു കമ്പനിയാണ് ഈ കൊട്ടാരം വാങ്ങിയിരിക്കുന്നതെന്ന് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു.

Advertisment

publive-image

പൈതൃക കെട്ടിടമായ നസ്രി ബാഗ് കൊട്ടാരമാണ് ഉടമസ്ഥരായ മുംബൈയിലെ നിഹാരിക ഇന്‍ഫ്രാസ്ട്രക്ചര്‍ അറിയാതെ മുന്‍ജീവനക്കാരന്റെ നേതൃത്വത്തില്‍ വിറ്റത്. തട്ടിപ്പു നടത്തിയ ഹൈദരാബാദ് സ്വദേശി സുന്ദരം കൊല്‍റുകുദ്രോ രവീന്ദ്രനെ (64) മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു.

100 വര്‍ഷം പഴക്കമുള്ള കെട്ടിടം നിഹാരിക ഇന്‍ഫ്രാസ്ട്രക്ചര്‍ വാങ്ങിയത് 3 വര്‍ഷം മുന്‍പാണ്. അടുത്തിടെ സ്ഥലം സന്ദര്‍ശിച്ചപ്പോഴാണ് കൊട്ടാരം തങ്ങളറിയാതെ കശ്മീരിലെ ഐറിസ് ഹോസ്പിറ്റാലിറ്റിക്കു വിറ്റത് കമ്പനി അറിയുന്നത്. അന്വേഷണത്തില്‍ രവീന്ദ്രനും കമ്പനിയിലെ മുന്‍ ജീവനക്കാരനായ സുരേഷ്‌കുമാറും ചേര്‍ന്നാണു വില്‍പന നടത്തിയതെന്നു വ്യക്തമായി.

ഇതു സംബന്ധിച്ച് ഇരുവരും തമ്മില്‍ നടത്തിയ ഇമെയില്‍ സന്ദേശങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. തട്ടിപ്പില്‍ ഉള്‍പ്പെട്ട മുഹമ്മദ് ഉസ്മാന്‍, മുകേഷ് ഗുപ്ത എന്നിവര്‍ക്കായി ലുക്ക്ഔട്ട് നോട്ടിസ് ഇറക്കിയിട്ടുണ്ട്. 1967 ല്‍ നാടുനീങ്ങിയ നിസാം മിര്‍ ഉസ്മാന്‍ അലി ഖാന്‍ ആണ് കൊട്ടാരത്തില്‍ അവസാനം താമസിച്ച കിരീടാവകാശി. കൊട്ടാരത്തിന്റെ മുഖ്യ കെട്ടിടം സര്‍ക്കാരിന്റെ കൈവശമാണ്. കൊട്ടാരം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഭാഗമാണ് വ്യാജരേഖ ചമച്ചു വിറ്റത്.

Advertisment