Advertisment

ധോണി അടുത്ത ക്യാപ്റ്റനാകണമെന്ന് ഞാൻ അന്നേ ബിസിസിഐയോട് പറഞ്ഞു: സച്ചിൻ

New Update

ധോണിയെ ക്യാപ്റ്റനാക്കിയാൽ നന്നായിരിക്കുമെന്ന് ബിസിസിഐ അധികൃതരോട് ആദ്യം സൂചിപ്പിച്ചവരിൽ ഒരാൾ സച്ചിനാണത്രേ. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പിനു മുൻപായിരുന്നു ഈ സംഭവമെന്നാണ് സച്ചിന്റെ വിശദീകരണം.

Advertisment

ധോണി ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പറായി കളിച്ചു തുടങ്ങിയ കാലം. അന്ന് ഫസ്റ്റ് സ്ലിപ്പിലെ സ്ഥിരം സാന്നിധ്യമായിരുന്നു സച്ചിൻ. അതുകൊണ്ടുതന്നെ കളത്തിൽവച്ച് ധോണിയുമായി ദീർഘമായി സംസാരിക്കാൻ അവസരം ലഭിച്ചിരുന്നു. മത്സരത്തിന്റെ ഗതി വായിച്ചെടുക്കാനുള്ള ധോണിയുടെ കഴിവ് മാത്രമല്ല സച്ചിനെ ആകർഷിച്ചത്,

publive-image

വർഷങ്ങളുടെ പരിചയമുള്ള തന്റെ ചിന്താരീതികളുമായി അടുത്തു നിൽക്കുന്ന നിരീക്ഷണങ്ങളായിരുന്നു ധോണിയുടേതുമെന്ന് സച്ചിൻ സാക്ഷ്യപ്പെടുത്തുന്നു. തുടർന്ന് പുതിയ ക്യാപ്റ്റന്റെ കാര്യത്തിൽ ബിസിസിഐ മുതിർന്ന താരങ്ങളുടെ അഭിപ്രായം തേടിയപ്പോഴാണ് സച്ചിന്‍ തന്റെ നിരീക്ഷണങ്ങൾ പങ്കുവച്ചത്.

‘എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ കൂടുതൽ വിശദാംശങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല. പക്ഷേ, ബിസിസിഐ പുതിയ ക്യാപ്റ്റന്റെ കാര്യത്തിൽ അഭിപ്രായം തേടിയപ്പോൾ എന്റെ തോന്നലുകൾ ഞാൻ പങ്കുവച്ചിരുന്നു.

പരുക്കുണ്ടായിരുന്നതിനാൽ 2007ലെ ട്വന്റി20 ലോകകപ്പിനായി ഞാൻ ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നില്ലെന്ന് ബോർഡിനെ അറിയിച്ചിരുന്നു. പക്ഷേ, അന്ന് സ്ലിപ്പിൽ ഫീൽഡ് ചെയ്യുന്ന സമയത്ത് വിക്കറ്റ് കീപ്പറായിരുന്ന ധോണിയുമായി ഞാൻ സ്ഥിരമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ ചിന്തകളും ഫീൽഡിങ് ക്രമീകരിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും ആ സമയത്തുതന്നെ മനസ്സിലാക്കി.’ – സച്ചിൻ വിവരിച്ചു.

‘മത്സരങ്ങളുടെ ദിശയും ഗതിയും വായിച്ചെടുക്കാനുള്ള അദ്ദേഹത്തിന്റെ (ധോണിയുടെ) കഴിവ് ശ്രദ്ധിച്ചിരുന്നതിനാൽ ധോണിക്ക് മികച്ച ‘ക്രിക്കറ്റ് ബുദ്ധി’യുണ്ടെന്ന് ആദ്യമേ മനസ്സിലായി. ഇക്കാര്യം ബിസിസിഐയുമായി സംസാരിക്കുകയും ചെയ്തു. ഇന്ത്യൻ ടീമിനെ നയിക്കേണ്ട അടുത്തയാൾ ധോണിയാണെന്ന് ഞാൻ അവരോട് പറഞ്ഞു. എനിക്ക് നിങ്ങളെ ഒരു കാര്യം പറഞ്ഞു മനസ്സിലാക്കണമെങ്കിൽ നമ്മുടെ ചിന്താരീതികളിൽ ചില സമാനതകൾ വേണം. ധോണിക്കും എനിക്കും ഇടയിൽ സംഭവിച്ചതും അതാണ്. ഞങ്ങൾ ഏതാണ്ട് ഒരേപോലെയാണ് ചിന്തിച്ചിരുന്നത്’ – സച്ചിൻ പറഞ്ഞു.

സച്ചിന്‍ തെൻഡുൽക്കറും രാഹുൽ ദ്രാവിഡും ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങൾ മാറിനിന്ന 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പിൽ, ധോണിയാണ് ഇന്ത്യയെ നയിച്ചത്. ഇന്ത്യ കിരീടം ചൂടുകയും ചെയ്തു. പിന്നീട് തൊട്ടടുത്ത വർഷം അനിൽ കുംബ്ലെ സ്ഥാനമൊഴിഞ്ഞതോടെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെയും നായകനായി. അപ്പോഴും ഇന്ത്യൻ ടീമിൽ സച്ചിൻ, ദ്രാവിഡ്, ലക്ഷ്മൺ, സേവാഗ്, ഹർഭജൻ സിങ്, സഹീർ ഖാൻ തുടങ്ങിയ പ്രധാന താരങ്ങളുണ്ടായിരുന്നു.

sports news ms dhoni sachin tendulkkar
Advertisment