Advertisment

ഇടുക്കി വാഗ്ദാന ലംഘനങ്ങളുടെ ശവപ്പറമ്പായി മാറി: ഇബ്രാഹിംകുട്ടി കല്ലാർ

New Update

publive-image

Advertisment

തൊടുപുഴ: കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പ് വേളയിൽ എൽഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞിരുന്ന ഒരു വാഗ്ദാനവും പാലിക്കാത്തവരാണ് ത്രിതല പഞ്ചായത്തു തെരെഞ്ഞെടുപ്പിൽ പുതിയ മാനിഫെസ്റ്റോയുമായി വരുന്നതെന്നും വാഗ്ദാന ലംഘനങ്ങളുടെ ശവപ്പറമ്പായി ഇടുക്കി മാറിയെന്നും ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രെട്ടറിയുമെല്ലാം തെരെഞ്ഞെടുപ്പിൽ ഇടുക്കി ജില്ലാ സന്ദർശിച്ചു പ്രചാരണം നടത്താത്തത് വാഗ്ദാനങ്ങൾ പാലിക്കാത്തതിലുള്ള ജാള്യത കൊണ്ടാണ്.

ഇന്ത്യയിലെ അവസാനത്തെ കമ്മ്യുണിസ്റ്റ് മുഖ്യമന്ത്രിയെന്ന ഖ്യാതിയിലേക്കാണ് പിണറായി വിജയൻ നടന്നടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെരെഞ്ഞെടുപ്പ് രംഗത്ത് മദ്യ മാഫിയ, വ്യാജമദ്യ, മണൽ, കയ്യേറ്റ, കഞ്ചാവ്-മയക്കുമരുന്ന്, മണ്ണ്, ബ്ലേഡ്, ഭൂ മാഫിയകളാണ് സിപിഎമ്മിനെ പണം കൊടുത്തു സഹായിക്കുന്നതെന്നും തെരെഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സിപിഎം - എൽഡിഎഫ് സ്ഥാനാർഥികൾക്കായി പണത്തിന്റെ ഒഴുക്കാണ് കാണുന്നതെന്നും ഡിസിസി പ്രസിഡന്റ് ആരോപിച്ചു.

സിപിഎം പൂർണ്ണമായും ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടെന്നും സംസ്ഥാനമെമ്പാടും യുഡിഎഫ് തരംഗമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു .

തൊടുപുഴ നഗരസഭയിലെ ഒരു വാർഡിലൊഴികെ സിപിഎം തെരെഞ്ഞെടുപ്പ് ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രം ഒഴിവാക്കിയത് പരാജയ ഭീതികൊണ്ടാണെന്നു ഡിസിസി പ്രസിഡന്റ് പറഞ്ഞു.

അവിടെ സിപിഎം - ഡിവൈഎഫ്ഐ നേതാക്കൾ വരെ ഈ ചിഹ്നം വേണ്ടെന്നു വച്ച് മറ്റു ചിഹ്നങ്ങളാണ് ഉപയോഗിക്കുന്നത്. ഇത് സംബന്ധിച്ചു ജില്ലാ നേതൃത്വത്തിനു എന്താണ് പറയാനുള്ളതെന്നും ഇബ്രാഹിംകുട്ടി ചോദിച്ചു.

ത്രിതല പഞ്ചായത്തു തെരെഞ്ഞെടുപ്പിൽ പാർലമെന്റ് തെരെഞ്ഞെടുപ്പിനേക്കാൾ തിളക്കമാർന്ന വിജയം യുഡിഎഫ് നേടുമെന്നും എൽഡിഎഫ് എന്ത് പറഞ്ഞാണ് വോട്ടു ചോദിയ്ക്കാൻ വീടുകളിലേക്ക് പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.

കോവിഡ് കാലത്തുപോലും കോടികളുടെ അഴിമതി നടത്തിയ സർക്കാരിനെതിരെയാണ് ജനവികാരമെന്നും അഴിമതിക്കെതിരെ ചെറുപ്പക്കാരുടെ രോഷാഗ്നിയിൽ എൽഡിഎഫ് സർക്കാർ വെന്തെരിയുമെന്നും അദ്ദേഹം പറഞ്ഞു .

ജില്ലയുടെ ഓരോ പ്രശ്നങ്ങളിലും ഇരട്ടത്താപ്പ് നിലപാടാണ് സർക്കാർ സ്വീകരിച്ചത്. പ്രളയ ദുരന്തത്തിൽ നാമമാത്രമായ ദുരന്ത ബാധിതർക്ക് മാത്രമാണ് പതിനായിരം രൂപ വീതം ലഭിച്ചത്.

പെട്ടിമുട്ടി ദുരന്തത്തിൽ മരണമടഞ്ഞവരുടെ ബന്ധുക്കൾക്ക് അഞ്ചു ലക്ഷം രൂപനൽകിയപ്പോൾ കരിപ്പൂർ വിമാന ദുരന്തത്തിൽ മരണമടഞ്ഞവരുടെ ബന്ധുക്കൾക്ക് പത്തുലക്ഷം രൂപയാണ് നൽകിയത്.

തോട്ടം തൊഴിലാളികളുടെ വോട്ടു വാങ്ങി മുഖ്യമന്ത്രിയായ പിണറായി വിജയൻറെ സർക്കാരിനോടുള്ള പ്രതിഷേധം അവർ ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പിലൂടെ പ്രകടിപ്പിക്കും .

അയ്യായിരം കോടിയുടെ പാക്കേജും പിന്നീട് ധനകാര്യമന്ത്രി ബഡ്ജറ്റിലൂടെ പ്രഖ്യാപിച്ച ആയിരം കോടിയും അടക്കം ആറായിരം കോടിയുടെ പാക്കേജ് എവിടെയെന്നു വോട്ടുതേടി വീടുകളിൽ എത്തുമ്പോൾ വോട്ടർമാർ സിപിഎം കാരോട് ചോദിക്കും.

കർഷകരുടെ വായ്‌പകൾ എഴുതി തള്ളുമെന്നു പ്രകടന പത്രിക ഇറക്കിയവർ രണ്ടു ശതമാനം പിഴപലിശ പോലും ഒഴിവാക്കിയില്ല. പ്രളയ ദുരന്തത്തിൽ എല്ലാം തകർന്നവർക്കെതിരെ ജപ്തി നടപടികളുമായി ഇറങ്ങിയതിന്റെ പരിണതഫലമായാണ് പതിനഞ്ചോളം പേർ ജീവനൊടുക്കിയതെന്നും ഡിസിസി പ്രസിഡന്റ് ആരോപിച്ചു.

ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ടു സർവകക്ഷിയോഗം ചേർന്നിട്ടു ഒരു വര്ഷം തികയാൻ പോവുകയാണ്. നിയമസഭാ സമ്മേളനം വിളിച്ചു ചേർത്ത് 1964 ലെ ചട്ടം ഭേദഗതി ചെയ്യാൻ കഴിയാത്തതു സർക്കാരിന്റെ കഴിവുകേടാണ്. ഇതിനുവേണ്ടി ചെറുവിരലനക്കാൻ മന്ത്രിസഭാ തയ്യാറായില്ല.

ഉമ്മൻ‌ചാണ്ടി സർക്കാർ അനുവദിച്ച ഇടുക്കി മെഡിക്കൽ കോളേജിൽ അധ്യയനം പുനഃസ്ഥാപിക്കാൻ സർക്കാരിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരവും നേടിയിട്ടില്ല.

ഈ വിഷയങ്ങളെല്ലാം തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉന്നയിക്കും. സ്‌പൈസസ് ബോർഡിനെ നോക്ക് കുത്തിയാക്കി, കർഷകർക്ക് യാതൊരു വിധ ഉപകാരങ്ങളുമില്ലാത്ത നിലയിലെത്തിച്ച കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയും തെരെഞ്ഞെടുപ്പിൽ ജനങ്ങൾ പ്രതികരിക്കുമെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു.

thodupuzha news ibrahimkutty kallar
Advertisment