വായന അസ്തമിക്കുന്നില്ല: ജമീൽ യൂഷ

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Saturday, January 12, 2019

ജിദ്ദ: വായനയുടെയും പുസ്തകത്തിന്റെയും കാലം അസ്തമിച്ചിട്ടില്ലെന്നും സാഹിത്യ കൃതികൾക്ക് ഇന്നും വലിയ മൂല്യമാണ് സമൂഹം കല്പിക്കുന്നതെന്നും പ്രമുഖ ജേർണലിസ്റ്റും നിരീക്ഷകനും ലീഡ് കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റുമായ ജമീൽ യൂഷ (നൈജീരിയ) അഭിപ്രായപ്പെട്ടു. കലാലയം സാംസ്കാരിക വേദിയുടെ പത്താമത് എഡിഷൻ സാഹിത്യോത്സവിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുർക്കി യാത്രയിൽ പുസ്തകം വാങ്ങുവാനായി ബുക്ക് ഫെയറിൽ കാത്തിരിക്കുന്ന ഒരു വലിയ ജനക്കൂട്ടത്തെ തന്നെ തനിക്ക് കാണാനിടയായി. വായനായുഗം കഴിഞ്ഞുവെന്ന് പറയുന്നത് സമൂഹത്തോട് ചെയ്യുന്ന ക്രൂരതയാണ്. മുമ്പത്തേക്കാൾ ഏറെ വായനക്കാർ പുതിയ തലമുറയിൽ വളർന്നുവരുന്നുണ്ട്. അറിവിന്റെ വാതായനങ്ങളിലേക്ക് ചെന്നുകയറുവാൻ ചലനാത്മകമായ ചിന്തകൾ ഉടലെടുക്കുവാൻ വായന കൂടാതെ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാഹിത്യത്തെ ഏറ്റവും മികച്ച ആയുധമായാണ് മഹാന്മാർ കണ്ടിട്ടുള്ളത്. ദൈവം തന്ന സർഗാത്മകത പരിപോഷിപ്പിക്കുവാനും രചനാത്മകമായ കഴിവുകൾ വളർത്തിയെടുക്കുവാനും അറിവ്, അനുഭവം, നിരീക്ഷണം എന്നിവ അത്യാവശ്യമാണെന്നും ഇത് നേടിയെടുക്കുന്നതിന് ത്യാഗങ്ങൾ ആവശ്യമാണെന്നും ചടങ്ങിൽ സംസാരിച്ച ജിദ്ദ മീഡിയ ഫോറം പ്രസിഡന്റ് ഹസൻ ചെറൂപ്പ അഭിപ്രായപ്പെട്ടു.

വിശുദ്ധ ഖുർആൻ തന്നെ മനോഹരമായ കാവ്യാത്മകമാണെന്നും പ്രവാസി വിദ്യാർത്ഥികളുടെ സിദ്ധിയും കലാത്മകതയും പരിപോഷിപ്പിക്കുന്നതിന് ഇത്തരം വേദികൾ അനിവാര്യമാണെന്നും ചടങ്ങിനെത്തിയ പ്രവാസി സാഹിത്യകാരൻ ഉസ്മാൻ ഇരിങ്ങാട്ടിരി അഭിപ്രായപ്പെട്ടു.

സാമൂഹ്യപ്രവർത്തകൻ നാസർ വെളിയങ്കോട്, ഐ.സി.എഫ് മിഡിലീസ്റ്റ് സെക്രട്ടറി മുജീബ് റഹ്‌മാൻ എ .ആർ. നഗർ, ഐസിഫ് സൗദി നാഷണൽ സെക്രട്ടറി ബഷീർ എറണാകുളം, സ്വാഗതസംഗം ചെയർമാൻ ഷാഫി മുസ്‌ലിയാർ, കൺവീനർ യാസർ അറഫാത്ത്, മുസ്തഫ സഅദി, ആർ.എസ്‌.സി ജിദ്ദ ചെയർമാൻ നൗഫൽ മുസ്ലിയാർ ഇരിങ്ങല്ലൂർ, കൺവീനർ മൻസൂർ ചുണ്ടമ്പറ്റ തുടങ്ങിയവർ സംസാരിച്ചു.

 

×