Advertisment

ശമ്പളം സ്വയം വെട്ടിക്കുറച്ച് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഉന്നത ഉദ്യോഗസ്ഥര്‍

New Update

കൊച്ചി: ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിലെ സീനിയര്‍ മാനേജ്‌മെന്റ് തലത്തിലുള്ള ഉദ്യോഗസ്ഥര്‍ തങ്ങളുടെ ശമ്പളം 10 ശതമാനം വെട്ടിക്കുറക്കാന്‍ സ്വയം സന്നദ്ധരായതായി ബാങ്ക് അറിയിച്ചു. എംഡിയും സിഇഒയുമായ വി വൈദ്യനാഥന്‍ തന്റെ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതിഫലത്തിന്റെ 30 ശതമാനം വെട്ടിക്കുറക്കാന്‍ സന്നദ്ധനായെന്നും ബാങ്ക് അറിയിച്ചു.

Advertisment

publive-image

കോവിഡ് മൂലമുണ്ടായ പ്രത്യേക സാഹചര്യത്തില്‍ ബാങ്കിന്റെ ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായാണിതെന്ന് വൈദ്യനാഥന്‍ പറഞ്ഞു. 'ഞങ്ങളുടെ ഉപഭോക്താക്കളും ചെറുതും വലുതുമായ സംരംഭങ്ങളും പൊതുജനങ്ങളും കടന്നു പോകുന്ന ഈ പ്രതിസന്ധി മനസ്സിലാക്കി അവരോട് അനുഭാവം പ്രകടിപ്പിക്കേണ്ടതുണ്ട്,' അദ്ദേഹം പറഞ്ഞു.

കോവിഡ് വ്യാപനത്തിനു മുമ്പായി പുതുതായി നേരിട്ട് റിക്രൂട്ട് ചെയ്ത 550 മാനേജ്‌മെന്റ് ട്രെയ്‌നികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാര്‍ക്കും ബാങ്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായും പാലിക്കപ്പെടുമെന്നും ബാങ്ക് വ്യക്തമാക്കി. കോവിഡ് പ്രതിസന്ധിക്കിടെ 78.2 ശതമാനം ജീവനക്കാര്‍ക്കും 2019-20 വര്‍ഷത്തെ ബോണസ് അടക്കമുള്ള ആനുകൂല്യങ്ങള്‍ പൂര്‍ണമായും വിതരണം ചെയ്തു. സീനീയര്‍ പദവികള്‍ വഹിക്കുന്ന ഉദ്യോഗസ്ഥരുടെ ബോണസുകള്‍ 65 ശതമാനം കുറച്ചിട്ടുണ്ട്.

കോവിഡ് മഹാമാരിയുടെ പ്രത്യാഘാതം ഓരോ ദിവസവും നിരീക്ഷിച്ചു വരികയാണെന്നും ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ബാങ്ക് വ്യക്തമാക്കി. ബാങ്കിന്റെ ഒട്ടുമിക്ക ശാഖകളും ജീവനക്കാരും ലോക്ഡൗണ്‍ കാലത്തും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ജീവനക്കാര്‍ തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം സ്വരൂപിച്ച് 3.29 കോടി രൂപ പിഎം കെയേഴ്‌സ് ഫണ്ടിലേക്കു സംഭാവന നല്‍കി. ഇതിനു പുറമെ ബാങ്ക് അഞ്ചു കോടി രൂപയും പിഎം കെയേഴ്‌സ് ഫണ്ടിലേക്കു നല്‍കി. ബാങ്ക് മേധാവി വൈദ്യനാഥന്‍ വ്യക്തിപരമായി 47 ലക്ഷം രൂപയും പിഎം കെയേഴ്‌സ് ഫണ്ടിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമായി സംഭാവന ചെയ്തിട്ടുണ്ട്. കൂടാതെ കോവിഡ് മൂലം പ്രതിസന്ധി നേരിടുന്നവര്‍ക്ക് ഭക്ഷണം വിതരണം, മാസ്‌ക് വിതരണം, ആരോഗ്യ ബോധവല്‍ക്കരണം തുടങ്ങിയ സന്നദ്ധ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. ബാങ്കിന്റെ വനിതകളായ വായ്പാ ഉപഭോക്തക്കള്‍ക്ക് പണം നല്‍കി അവരുടെ സഹായത്തോടെ നിര്‍മിച്ച മൂന്നര ലക്ഷം മാസ്‌കുകളാണ് ബാങ്ക് വിതരണം ചെയ്തത്. കുടിയേറ്റ തൊഴിലാളികള്‍ക്ക് 3000 രൂപയുടെ ധനസഹായം, ഇവര്‍ക്ക് ഭക്ഷണ വിതരണം നടത്തുന്നതിന് സന്നദ്ധ സംഘടനകള്‍ക്ക് ധനസഹായം, ഡോകര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാഹന സൗകര്യം എന്നിവയും മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലായി ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഒരുക്കി.

Advertisment