ഇടുക്കി ഡാമിന്റെ അഞ്ചാമത്തെ ഷട്ടര്‍ ഉയര്‍ത്തിയിട്ടും ജലനിരപ്പ് കുറയുന്നില്ല; ചെറുതോണി പാലം മുങ്ങിയതിനു പുറമെ ഗതാഗതം നിരോധിച്ചു ;മരങ്ങള്‍ കടപുഴകി വീണു

ന്യൂസ് ബ്യൂറോ, ഇടുക്കി
Friday, August 10, 2018

ചെറുതോണി: ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതോടെ ചെറുതോണി ടൗണിലേക്ക് എത്തുന്ന വെള്ളത്തിന്റെ ശക്തി മൂന്നിരട്ടി വര്‍ധിച്ചു. രാവിലെ 11.30ടെയാണ് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയത്. ഇതിന് പിന്നാലെ ചെറുതോണി പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുകയായിരുന്നു. ചെറുപാലങ്ങളെയും ചപ്പാത്തുകളിലും വെള്ളം കയറി പരന്നൊഴുകി തുടങ്ങിയതോടെ മരങ്ങളും കടപുഴകി വീണു. ഡാമില്‍ നിന്നുള്ള വെള്ളം ചപ്പാത്ത് വഴി ഒഴുകി പെരിയാറില്‍ ചേരുകയാണ് ചെയ്യുന്നത്.

നേരത്തെ ജാഗ്രതാ നിര്‍ദ്ദേശം മൈക്ക് അനൗണ്‍സ്‌മെന്റിലൂടെ ജനങ്ങളെ അറിയിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇടുക്കി-കട്ടപ്പന റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.ദുരിതം അനുഭവിക്കുന്നവരില്‍ ആവശ്യമുള്ളവരെ അടിയന്തരമായി മാറ്റി പാര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്. സൈന്യത്തിന്റെയും എന്‍ഡിആര്‍എഫ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെയും നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനം നടന്നു വരികയാണ്.

ഡാം തുറക്കുന്നതിന് മുന്നോടിയായി വെള്ളം സുഗമമായി ഒഴുകുന്നതിന് വേണ്ട മുന്നൊരുക്കങ്ങളെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. വെള്ളത്തിന് തടസം സൃഷ്ടിക്കുന്ന എല്ല വസ്തുക്കളും ചെളിയും ചെറുതോണിയുടെ പരിസരങ്ങളിലും നിന്നും കോരി മാറ്റിയിരുന്നു.

അതേസമയം, ഇടുക്കി – ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറന്നിരിക്കുകയാണ്. മൂന്നു ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയാതായതോടെയാണ് നാലും അഞ്ചും ഷട്ടറുകളും തുറന്നത്. ചരിത്രത്തിലാദ്യമായിട്ടാണ് അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറക്കേണ്ട സാഹചര്യമുണ്ടാകുന്നത്. നിലവിൽ മൂന്നു ഷട്ടറുകൾ ഒരു മീറ്റർ വീതവും രണ്ടെണ്ണം 50 സെന്റിമീറ്ററുമാണ് ഉയർത്തിയിരുന്നത്. ഇതോടെ സെക്കൻഡിൽ 5,00,000 ലീറ്റർ (500 ക്യുമെക്സ്) വെള്ളം പുറത്തേക്കുപോകും.

അതേസമയം, അണക്കെട്ടിലേക്കുള്ള നീരൊഴുക്കു കുറഞ്ഞിട്ടുണ്ട്. രാവിലെ ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തി 1,25,000 ലീറ്റർ വെള്ളമാണ് പുറത്തേക്കു വിട്ടിരുന്നത്. രണ്ടു മണിക്കുള്ള റീഡിങ് അനുസരിച്ച് 2401.62 അടിയാണു ജലനിരപ്പ്. പരമാവധി സംഭരണശേഷി 2403 അടിയാണ്. അർധരാത്രിയിൽ 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്.

ജലനിരപ്പ് ഉയരുന്നതിനാൽ അണക്കെട്ടിൽനിന്ന് കൂടുതൽ ജലം ഒഴുക്കിക്കളയാനുള്ള സാധ്യതയുണ്ടെന്ന് മന്ത്രി എം.എം.മണിയും കലക്ടറും വ്യക്തമാക്കിയിരുന്നു. അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ഇന്നലെത്തന്നെ അതീവ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) പുറപ്പടുവിച്ചു. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പുണ്ട്.

വ്യാഴാഴ്ച വൈകിട്ട് 4.30ന് ട്രയൽ റൺ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ നീരൊഴുക്കു തുടരുന്നതിനാൽ രാത്രിയിലും ട്രയൽ റൺ തുടർന്നു. ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ഇന്നലെ ഉച്ചയ്ക്ക് 12.31 ന് ട്രയൽ റൺ ആരംഭിച്ചത്. മൂന്നാമത്തെ ഷട്ടർ 50 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 50 ഘനമീറ്റർ ജലം വീതമാണ് ഒഴുക്കിവിട്ടത്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 26 വർഷങ്ങൾക്കുശേഷമാണ് ഇടുക്കി– ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നത്.

×