Advertisment

ഇടുക്കിയിലെ നേതാക്കള്‍ പണം വാങ്ങി പാര്‍ട്ടിയെ ഒറ്റിയെന്നു കെപിസിസിക്ക് പരാതി ! മുന്‍ ഡിസിസി പ്രസിഡന്റ് അടക്കമുള്ളവര്‍ വാങ്ങിയത് 25 ലക്ഷം രൂപ ! ഹൈറേഞ്ചിലെ ഉറപ്പായ സീറ്റില്‍ പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ചത് നിയമസഭാ സീറ്റ് ലക്ഷ്യമിട്ടെന്നും ആക്ഷേപം. മൂന്നു മുതിര്‍ന്ന നേതാക്കള്‍ സംശയ നിഴലില്‍ !

New Update

publive-image

Advertisment

തൊടുപുഴ: തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കടുത്ത ആരോപണം. യുഡിഎഫിനെ പരാജയപ്പെടുത്താന്‍ മുതിര്‍ന്ന നേതാക്കള്‍ പണം വാങ്ങിയെന്നാണ് ആക്ഷേപം. സിപിഎമ്മില്‍ നിന്നും 25 ലക്ഷം രൂപ ഒരു മുന്‍ ഡിസിസി പ്രസിഡന്റ് വാങ്ങിയെന്നാണ് ആക്ഷേപം.

പ്രദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആര്‍എസ്പിയും ഇത് സംബന്ധിച്ച് കെപിസിസിയ്ക്ക് പരാതി നല്‍കി. ഹൈറേഞ്ചിലുള്ള മൂന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പണം കൈപറ്റിയെന്നാണ് ആക്ഷേപമുള്ളത്. ഇതില്‍ ഉള്‍പ്പെടുന്ന പ്രമുഖന്‍ നേരത്തെ തന്നെ പാര്‍ട്ടി പദവിയില്‍ ഇരുന്നപ്പോള്‍തന്നെ ഇത്തരം ആരോപണങ്ങള്‍ കേട്ടിട്ടുള്ളയാളാണ്.

ഇദ്ദേഹവുമായി ബന്ധമുള്ള ചില നേതാക്കള്‍ക്ക് സീറ്റ് കിട്ടാതിരുന്നതോടെ സ്വന്തം സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാനായിരുന്നു ഇദ്ദേഹത്തിന്റെ നീക്കം. ഇതേ തുടര്‍ന്ന് ഹൈറേഞ്ചിലടക്കം വലിയ തിരിച്ചടിയാണ് യുഡിഎഫിന് നേരിടേണ്ടി വന്നത്. കഴിഞ്ഞ രണ്ട് തവണയായി മൃഗീയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ഭരിച്ച ജില്ലാ പഞ്ചായത്ത് ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുത്തു.

കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളില്‍ പോലും വന്‍ പരാജയമാണ് നേരിട്ടത്. ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ചത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ നേതാക്കള്‍ക്ക് സീറ്റിനു വേണ്ടിയാണെന്നും ആരോപണമുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഈ നേതാക്കള്‍ കാര്യമായി ഇടപെട്ടിരുന്നില്ലെന്നും ആക്ഷേപമുണ്ട്.

നേരത്തെ കടുത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റിനെതിരെ വലിയ പരാതി ഉയര്‍ന്നിരുന്നു. ഇബ്രാഹിംകുട്ടി കല്ലാര്‍ രാജിവയ്ക്കണമെന്നാണ് പല നേതാക്കളും ആവശ്യപ്പെട്ടത്.

തൊടുപുഴ നഗരസഭിയിലെ യുഡിഎഫിന്റെ ഉറച്ച കോട്ടകളില്‍ പോലും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ദയനീയമായി പരാജയപ്പെട്ടതോടെ ഇടുക്കി ജില്ലയില്‍ നിന്നുള്ള കെപിസിസി സെക്രട്ടറി റോയ് കെ. പൗലോസിന്റെയും, ബ്ലോക്ക് പ്രസിഡന്റിന്റെയും കോലം കത്തിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. വിമതരെയിറക്കി പാര്‍ട്ടി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.

 

thodupuzha news
Advertisment