Advertisment

പ്രളയത്തില്‍ തകര്‍ന്ന ഇടുക്കിയില്‍ ജനപ്രതിനിധികളെ നോക്കുകുത്തികളാക്കി ഉദ്യോഗസ്ഥരുടെ ബിഗ്‌സല്യൂട്ട്‌ ? മന്ത്രി മണിയും റോഷിയും ബിജിമോളും രാജേന്ദ്രനും വിട്ടു നിന്നു ?

author-image
സാബു മാത്യു
New Update

ഇടുക്കി : പ്രളയദുരന്തത്തില്‍ തകര്‍ന്ന ഇടുക്കി ജില്ലയിലെ ജനങ്ങളുടെ ദുരിതം തീര്‍ക്കുന്നതിന്‌ പകരം ഉദ്യോഗസ്ഥ ഗൂഡാലോചനയിലൂടെ തൊടുപുഴയില്‍ സംഘടിപ്പിച്ച ബിഗ്‌ സല്യൂട്ട്‌ വിവാദമാകുന്നു. ദുരിതാശ്വാസ സഹായം നല്‍കിയ ലോകത്തിലുള്ള മുഴുവന്‍ ജനങ്ങള്‍ക്കും നന്ദി പറയുവാനെന്ന്‌ പ്രചരിപ്പിച്ചാണ്‌ ബിഗ്‌ സല്യൂട്ട്‌ ടു ദി എന്റയര്‍ വേള്‍ഡ്‌ എന്ന പ്രോഗ്രാം ശനിയാഴ്‌ച തൊടുപുഴയില്‍ നടത്തിയത്‌.

Advertisment

മങ്ങാട്ടുകവലയില്‍ നിന്നും കാല്‍നടയായി ആറ്‌ കിലോമീറ്റര്‍ അകലെയുള്ള തെക്കുംഭാഗം ക്രിക്കറ്റ്‌ സ്റ്റേഡിയത്തിലേക്ക്‌ ലോക നടത്തദിനത്തിന്റെ പേര്‌ പറഞ്ഞ്‌ നടത്തം സംഘടിപ്പിച്ചാണ്‌ ബിഗ്‌ സല്യൂട്ട്‌ നടത്തിയത്‌. സ്റ്റേഡിയത്തില്‍ സ്‌കൂള്‍ കുട്ടികളെ അണിനിരത്തി ലോകത്തിന്‌ ബിഗ്‌ സല്യൂട്ട്‌ നടത്തുകയായിരുന്നു.

publive-image

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍, സാമൂഹിക സാംസ്‌കാരിക സന്നദ്ധ സംഘടനകള്‍, ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍, റോട്ടറി ക്ലബ്ബ്‌ തുടങ്ങിയവയുടെയും പങ്കാളിത്തം സംഘാടകര്‍ പറഞ്ഞെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായില്ല.

ദി അസോസിയേഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ്‌ ഫോര്‍ ഓള്‍, ഓള്‍ ഇന്ത്യ അസോസിയേഷന്‍ ഓഫ്‌ സ്‌പോര്‍ട്‌സ്‌ ഫോര്‍ ഓള്‍ തുടങ്ങിയ അധികം ആരും കേട്ടിട്ടില്ലാത്ത സംഘടനകളുടെ സാങ്കേതിക സഹായത്തോടെയാണ്‌ പരിപാടി സംഘടിപ്പിച്ചതെന്നാണ്‌ പറയുന്നത്‌. ഇതിന്റെ നടത്തിപ്പിനായി അഞ്ചര ലക്ഷം രൂപയുടെ ബഡ്‌ജറ്റാണ്‌ നിശ്ചയിച്ചത്‌. ഈ തുക ജില്ലയിലെ ജി.എസ്‌.ടി. വകുപ്പാണ്‌ കണ്ടെത്തിയത്‌ എന്നതില്‍ തന്നെ ദുരൂഹതയുണ്ട്‌.

publive-image

ജി.എസ്‌.ടി. വകുപ്പിലെ ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥന്റെ ഗൂഡാലോചനയാണ്‌ ബിഗ്‌ സല്യൂട്ട്‌ എന്ന്‌ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌. ഇതിന്റെ പേരില്‍ ജി.എസ്‌.ടി. വകുപ്പ്‌ ജില്ലയില്‍ ഉദ്യോഗസ്ഥരെ വിട്ട്‌ വ്യാപകമായ പണപ്പിരിവ്‌ നടത്തിയിരുന്നു. ബഡ്‌ജറ്റ്‌ തുകയേക്കാള്‍ പണം സമാഹരിച്ചതായി ചില ഉദ്യോഗസ്ഥര്‍ രഹസ്യമായി പറയുന്നുണ്ട്‌. ഉദ്യോഗസ്ഥരെ ഭയന്ന്‌ വ്യാപാരികളും വ്യവസായികളും എതിര്‍പ്പ്‌ പ്രകടിപ്പിച്ചില്ല. സ്വച്ഛ്‌ ഭാരത്‌ മിഷന്‍ ഇന്റര്‍നാഷണല്‍ മീഡിയ എന്ന ഒരു സ്ഥാപനം നടത്തിപ്പില്‍ ഉള്‍പ്പെട്ടിരുന്നു.

publive-image

ലോകമെങ്ങും കൂടാതെ എമിറേറ്റ്‌സ്‌ വിമാനങ്ങളിലും തല്‍സമയം ബിഗ്‌ സല്യൂട്ട്‌ സംപ്രേഷണം ചെയ്‌തുവെന്നാണ്‌ ഇവര്‍ അവകാശപ്പെട്ടത്‌. എന്തായാലും ജില്ലയില്‍ നിന്നുള്ള മന്ത്രി, എംപി, എം.എല്‍.എ.മാര്‍ എന്നിവരെ നോക്കുകുത്തികളാക്കി നിര്‍ത്തികൊണ്ട്‌ ഏതാനും ഉദ്യോഗസ്ഥര്‍ തട്ടിക്കൂട്ട്‌ പരിപാടി സംഘടിപ്പിച്ചത്‌ വ്യാപകമായ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്‌. പി.ജെ. ജോസഫ്‌ എം.എല്‍.എ.യും ജോയ്‌സ്‌ ജോര്‍ജ്ജ്‌ എം.പി.യും മാത്രമാണ്‌ ഇതില്‍ പങ്കെടുത്തത്‌.

മന്ത്രി എം.എം. മണി, എം.എല്‍.എ.മാരായ റോഷി അഗസ്റ്റിന്‍, എസ്‌. രാജേന്ദ്രന്‍, ഇ. എസ്‌. ബിജിമോള്‍ എന്നിവര്‍ വിട്ടുനിന്നത്‌ പരിപാടിയുടെ നടത്തിപ്പിനെ കുറിച്ചുണ്ടായ സംശയമാണെന്ന്‌ സൂചനയുണ്ട്‌. ഹൈറേഞ്ചില്‍ ദുരിതം ഉണ്ടായതിന്‌ തൊടുപുഴയില്‍ പ്രോഗ്രാം സംഘടിപ്പിച്ചത്‌ എന്തിനെന്നാണ്‌ മന്ത്രി എം.എം. മണി ചോദിച്ചതെന്നും അറിയുന്നു.

publive-image

പ്രോഗ്രാം നടന്ന തൊടുപുഴ നഗരസഭയിലെ ചെയര്‍മാന്‍, വൈസ്‌ ചെയര്‍മാന്‍, മൂന്ന്‌ കൗണ്‍സിലര്‍മാര്‍ എന്നിവരല്ലാതെ മറ്റ്‌ കൗണ്‍സിലര്‍മാര്‍ പങ്കെടുത്തില്ല. ചുരുക്കം ചില ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍മാര്‍ മാത്രമാണ്‌ പങ്കെടുത്തത്‌. കോണ്‍ഗ്രസ്‌, സിപിഎം, മുസ്‌ലിംലീഗ്‌, ബിജെപി തുടങ്ങി മുഖ്യധാര പാര്‍ട്ടികളുടെ നേതാക്കളും വിട്ടുനില്‍ക്കുകയായിരുന്നു. പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന ജില്ലയിലെ ജനങ്ങളുടെ വേദന മറന്ന്‌ ആഘോഷം സംഘടിപ്പിച്ചതിനെപ്പറ്റി സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്‌.

മൂന്ന്‌ ദിവസം മുമ്പ്‌ ബിഗ്‌ സല്യൂട്ട്‌ നടത്തുന്നതുമായി ബന്ധപ്പെട്ട്‌ ചില സംഘടനകള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ വിവരം ധരിപ്പിച്ചതായും സൂചനയുണ്ട്‌. ഇതിനിടെ പ്രളയക്കെടുതിയില്‍ ജില്ലയിലെ ജനങ്ങള്‍ക്ക്‌ കാര്യമായ സഹായം ലഭിച്ചില്ലെന്ന്‌ ജില്ലാ അധികൃതര്‍ തന്നെ സമ്മതിച്ചിരിക്കുകയാണ്‌.

publive-image

പ്രളയക്കെടുതി സഹായം ലഭിച്ചവരുടെ എണ്ണം കുറയാന്‍ കാരണം സര്‍ക്കാര്‍ മാനദണ്‌ഡങ്ങള്‍ ജില്ലയിലെ സാഹചര്യങ്ങള്‍ക്ക്‌ അനുയോജ്യമല്ലാത്തതിനാലാണെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. സര്‍ക്കാരില്‍ നിന്നും പ്രത്യേകം സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കിയതോടെ സര്‍ക്കാരില്‍ നിന്നും സഹായം ലഭിച്ചില്ലെന്ന്‌ തെളിഞ്ഞിരിക്കുകയാണ്‌.

flood
Advertisment