ആലുവ, പെരുമ്പാവൂര്‍ മേഖലയില്‍ നിന്ന് 6500 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനം; പതിനൊന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

ന്യൂസ് ബ്യൂറോ, ഇടുക്കി
Friday, August 10, 2018

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ ദുരിതം വിതക്കുകയാണ്. ശക്തമായ മഴയും ജലനിരപ്പും ഉയര്‍ന്നതോടെ ഇടുക്കി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നു. ഇതോടെ ആലുവ മേഖല വെള്ളത്തിലായിരിക്കുകയാണ്. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാവുബലിയിടാന്‍ വരുന്നവര്‍ക്ക് കര്‍ശന നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ആലുവയില്‍ സൈന്യത്തെ ഇറക്കി.

പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പെരിയാറിന്റെ തീരത്തുള്ള 6500 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനിച്ചു. ഇടുക്കിയില്‍ നാല്‍പ്പത് വര്‍ഷത്തിന് ശേഷമാണ് അഞ്ച് ഷട്ടറുകള്‍ ഒന്നിച്ച് തുറക്കുന്നത്. അതുകൊണ്ട് തന്നെ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. വെള്ളത്തിന്റെ ഒഴുക്കി കളയല്‍ തോത് വര്‍ദ്ധിപ്പിച്ചാല്‍ ആലുവ മേഖലയില്‍ ദുരിതം വലിയ തോതില്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.

ഈ സാഹചര്യം മുന്നില്‍ കണ്ടുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. അതേസമയം, കാലവര്‍ഷം ദുരിതപ്പെയ്ത്തായി തുടരുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പെയ്യുന്ന മഴ എതാനും ദിവസങ്ങള്‍ കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിച്ചു.

മഴയും ഉരുള്‍പൊട്ടലും കൂടുതല്‍ ദുരന്തം വിതച്ച വയനാട്ടില്‍ ഈ മാസം 14 വരെ കനത്ത മഴ തുടരുമെന്ന് കാലവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴ കനക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ വകുപ്പ് വയനാട് ജില്ലയില്‍ ആഗസ്റ്റ് 14 വരെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ രൂക്ഷമായതിനെ തുടര്‍ന്ന് ജില്ല തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. വയനാടിനെ മറ്റ് ജില്ലകളുമായി ബന്ധിപ്പിക്കുന്ന പാതകളെല്ലാം തന്നെ പൂര്‍ണമായും ഭാഗീകമായും തടസപ്പെട്ട നിലയിലാണ്.

വയനാടിന് പുറമെ, ഇടുക്കിയിലും ദുരന്ത നിവാരണ സേന റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയില്‍ 13ാം തീയതി വരെ കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് 13ാം തീയതി വരെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 11 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ നാശം വിതച്ച ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലാണ് ശനിയാഴ്ച വരെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

×