വൈദികര്‍ തെരഞ്ഞെടുപ്പില്‍ ഇടപെടേണ്ട – ഇടുക്കി രൂപതയിലെ വൈദികര്‍ക്ക് ബിഷപ്പ് ജോണ്‍ നെല്ലിക്കുന്നേലിന്‍റെ സര്‍ക്കുലര്‍. ബിഷപ്പിനെതിരെ സൈബര്‍ ആക്രമണവുമായി ഒരു വിഭാഗം

ന്യൂസ് ബ്യൂറോ, ഇടുക്കി
Tuesday, March 12, 2019

ഇടുക്കി : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടപെടരുതെന്ന് കാണിച്ച് രൂപതയിലെ വൈദികര്‍ക്ക് ഇടുക്കി രൂപതയുടെ സർക്കുലർ. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പക്ഷം പിടിക്കരുതെന്ന് കാണിച്ച് ഇടുക്കി രൂപത ബിഷപ്പ് ജോൺ നെല്ലിക്കുന്നേൽ വൈദികർക്ക് നല്‍കിയ സർക്കുലറിനെതിരെ ഒരു വിഭാഗം ബിഷപ്പിനെതിരെ സൈബര്‍ ആക്രമണം ആരംഭിച്ചു.

തെരഞ്ഞെടുപ്പിൽ പരസ്യ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കരുതെന്നും തെരഞ്ഞെടുപ്പ് പൊതുവേദികളിൽ പങ്കെടുക്കരുതെന്നുമായിരുന്നു ബിഷപ്പിന്‍റെ നിര്‍ദേശം .ഇടുക്കി രൂപതയുടെ ഹൈറേഞ്ച് ഡവലപ്മെന്റ് സൊസൈറ്റി നടപ്പിലാക്കിയ ചില പ്രളയാനന്തര സഹായ പദ്ധതികള്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേട്ടങ്ങളാക്കി ചിത്രീകരിച്ച് അതിനെ രാഷ്ട്രീയമായി ചിത്രീകരിക്കാന്‍ നടത്തിയ നീക്കങ്ങള്‍ വിവാദമായിരുന്നു.

മാത്രമല്ല , രൂപതയുടെ പിന്തുണ കഴിഞ്ഞ തവണത്തെപ്പോലെ ഇപ്രാവശ്യവും ജോയ്സ് ജോര്‍ജിനാണെന്ന നിലയില്‍ ബിഷപ്പിന്‍റെ ഫോട്ടോ വച്ചും ചില പ്രചാരണ ബോര്‍ഡുകള്‍ മണ്ഡലത്തില്‍ പ്രത്യക്ഷപെട്ടിരുന്നു . ഈ സാഹചര്യത്തിലാണ് രൂപത കര്‍ശന ഇടപെടലുമായി രംഗത്ത് വന്നിരിക്കുന്നത്.

ഇടുക്കി രൂപതയിലെ 187 വൈദികരുള്ള വാട്‍സ്ആപ്പ് ഗ്രൂപ്പിലാണ് ബിഷപ്പ് ജോൺ നെല്ലിക്കുന്നേലിന്‍റെ സന്ദേശം. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ഭാഗമായോ അല്ലാതെയോ തെരഞ്ഞെടുപ്പിൽ പരസ്യ നിലപാട് സ്വീകരിക്കരുതെന്നാണ് സർക്കുലറിലെ പരോക്ഷ നിർദ്ദേശം.

ഹൈറേഞ്ച് സംരക്ഷണ സമിതിക്കും ജോയ്സിനും കഴിഞ്ഞ തവണത്തേപ്പോലെ ഇത്തവണ സഭയുടെ പിന്തുണയുണ്ടാവില്ലെന്ന് വ്യക്തമാക്കുകയാണ് ഇടുക്കി രൂപതയുടെ സർക്കുലർ. ഇതോടെയാണ് ചില കേന്ദ്രങ്ങള്‍ ബിഷപ്പിനെതിരെ വ്യാപകസൈബര്‍ ആക്രമണവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

×