Advertisment

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ കരിമണ്ണൂരിൽ തന്ത്രപരമായ നീക്കങ്ങളും പ്രചാരണവും സജീവം

New Update

കരിമണ്ണൂർ : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങാൻ ഇനിയും ദിവസങ്ങൾ ശേഷിക്കെ, കരിമണ്ണൂരിൽ രാഷ്ട്രീയമായ ചടുല നീക്കങ്ങളും പ്രചാരണവും കളം പിടിച്ചു. മുന്നണി മാറ്റം, റിബൽ സ്ഥാനാർത്ഥി, ആരോപണങ്ങൾ, സോഷ്യൽ മീഡിയ പ്രചാരണങ്ങൾ തുടങ്ങി തന്ത്രങ്ങളും കുതന്ത്രങ്ങളുമെല്ലാം നിറഞ്ഞാണ് ഇത്തവണ തെരഞ്ഞെടുപ്പിന് കൊടിക്കൂറ ഉയർന്നിരിക്കുന്നത്.

Advertisment

രാഷ്ട്രീയ മാറ്റങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം കേരള കോൺഗ്രസ് (എം) കക്ഷിയിലെ ഒരു പ്രബല വിഭാഗം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നതാണ്. കടുത്ത പി. ജെ. ജോസഫ് വിരുദ്ധരായ ഇവർ കേരള കോൺഗ്രസ് (എം) കക്ഷിയെ കരിമണ്ണൂരിൽ മുന്നോട്ട് നയിക്കുന്നതിൽ വളരെ മുന്നിലായിരുന്നു.

എന്നാൽ, സിപിഐ (എം) ബന്ധവും, കക്ഷിയിലെ ഗ്രൂപ്പ് വഴക്കും അവർ കോൺഗ്രസിൽ ചേരുന്നതിന് പ്രേരകമായി. ഏതാനം ദിവസം മുൻപ് നടന്ന ചടങ്ങിൽ കോൺഗ്രസിൽ ചേർന്നവരെ ത്രിവർണ്ണ ഷാൾ അണിയിച്ചു സ്വീകരിക്കുകയും, കുറുമ്പാലമറ്റം മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

പി. ജെ. ജോസഫ് വിരുദ്ധരെ കക്ഷിയിൽ ചേർത്ത് കോൺഗ്രസിനെ ശക്തിപ്പെടുത്തുക എന്ന കാര്യത്തിൽ, പ്രവർത്തകർ സന്തുഷ്ടരാണെങ്കിലും, കോൺഗ്രസ് ഭരണഘടന കൈപ്പുസ്തകം ആണ് കക്ഷിയിൽ ചേരുന്നവർക്ക് നൽകേണ്ടത് എന്ന ഒരു അഭിപ്രായവും യഥാർത്ഥ കോൺഗ്രസ് പ്രവർത്തകർ വിമർശനമായി പറഞ്ഞതായി കേൾക്കുന്നു.

കോട്ടക്കവല മണ്ഡലത്തിൽ ഇത്തവണ വിമത സ്ഥാനാർത്ഥി ഭീഷണി ഇടതുമുന്നണിക്ക് ഉണ്ട്. മുൻപ് ജനപ്രതിനിധി ആയിരുന്ന വ്യക്തിക്ക്, സിപിഐ (എം) ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി പിന്തുണ ഇല്ലാത്തതിനാൽ പുതിയ സ്ഥാനാർത്ഥിയെ അവതരിപ്പിക്കാനാണ് ഇടതുമുന്നണി തീരുമാനം എന്നാണ് അറിയുന്നത്. അത്തരം സാഹചര്യത്തിൽ, നിലവിലെ ജനപ്രതിനിധി നിസാമോൾ ഷാജി അവിടെ സ്വതന്ത്ര സ്ഥാനാർഥി ആയി വരാനുള്ള സാധ്യതകൾ കൂടുതലാണ്. ഇത്തവണ അതിനാൽ ഈ മണ്ഡലത്തിൽ മത്സരം കനക്കും എന്ന കാര്യത്തിൽ തർക്കമില്ല.

നെല്ലിമല മണ്ഡലം സ്ഥാനാർഥി മോഹികളാൽ സമ്പന്നമാണ്. പി.ജെ. ജോസഫ് അനുയായികളുടെ സ്ഥാനാർത്ഥിയായി ജിസ് ആയത്തുപാടത്തെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ മണ്ഡലം കേരള കോൺഗ്രസ് (എം) നാണ് നൽകിയിരിക്കുന്നത്. രണ്ടില ചിഹ്നത്തിൽ ആര് മൽസരിക്കും എന്നത് ആകാംക്ഷ ഉള്ള കാര്യമാണ്.

ഇവിടെ 2010ൽ സ്വതന്ത്രനായി മൽസരിച്ചു രണ്ടാം സ്ഥാനത്ത് വന്ന വ്യക്തി കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥി ആകാനാണ് സാധ്യത കൂടുതൽ. നിലവിൽ പാഴൂക്കരയിലെ ജനപ്രതിനിധി വി. എ. സക്കീർ വെട്ടിപ്ലാക്കൽ ഇവിടെ സ്വതന്ത്ര രൂപത്തിൽ മൽസരിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല. കരിമണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് മണ്ഡലത്തിലെ നിലവിലുള്ള ജനപ്രതിനിധി ബേസിൽ ജോൺ തറയാനിയും സ്ഥാനാർത്ഥിത്വം ലക്ഷ്യമാക്കി സോഷ്യൽ മീഡിയ പ്രവർത്തനത്തിൽ സജീവമാണ്.

പ്രചാരണം ആരംഭിച്ചു എന്ന പ്രതീതി ജനിപ്പിച്ചിരിക്കുന്ന മണ്ഡലം പന്നൂരാണ്. ഇവിടെ കോൺഗ്രസ് ബ്ലോക്ക് ഭാരവാഹി ഏ. എൻ ദിലീപ്കുമാർ യു.ഡി.എഫ് ആയും, നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് ദേവസ്യ ദേവസ്യയെന്ന ഡി. കൊച്ച് പൊതുസമ്മത ജനകീയ കോൺഗ്രസ് സ്ഥാനാർത്ഥി ആയും ഏറ്റുമുട്ടുവാനാണ് സാധ്യത കൂടുതൽ. ശക്തി തെളിയിക്കാൻ ബിജെപിയും ഉണ്ടാകും.

ഈ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയും, പൊതുസമ്മത ജനകീയ സ്ഥാനാർത്ഥിയും വളരെ സജീവമാണ്. സോഷ്യൽ മീഡിയ സ്വാധീനം വളരെ അധികമുള്ള ഇക്കാലത്ത് പൊതുസമ്മത ജനകീയ കോൺഗ്രസ് സ്ഥാനാർത്ഥി ആയി മൽസരിക്കുവാനൊരുങ്ങുന്ന ഡി. കൊച്ച് ഈ രംഗത്ത് ഊർജ്ജസ്വലതയോടെ ഇടപെടുന്നു. ഇവിടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പൊതുസമ്മത ജനകീയ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കും എന്ന് മധസ്സിലാക്കുന്നു.

പന്നൂർ മണ്ഡലം സംബന്ധിച്ച തർക്കങ്ങളും കരിമണ്ണൂരിലെ കോൺഗ്രസിൽ തീരുന്നില്ല. എന്ത് കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കുറച്ച് കാലമെങ്കിലും യഥാർത്ഥ കോൺഗ്രസുകാരനായ ഡി. കൊച്ചിന് നൽകിയില്ല എന്ന ചോദ്യത്തിന് ഉത്തരം പറയുവാൻ നൽകുന്ന താത്വികമായ ന്യായീകരണങ്ങൾ കൂടുതൽ വോട്ട് നഷ്ടത്തിന് ഇടവരുത്തും എന്നാണ് കോൺഗ്രസിലെ രാഷ്ട്രീയമറിയാവുന്നവരുടെ അഭിപ്രായം.

കോൺഗ്രസിനു വേണ്ടി എക്കാലത്തും നിസ്വാർത്ഥമായ പ്രവർത്തനം നടത്തിയ ഡി. കൊച്ചിനെ എതിർക്കുക വഴി, ജനരോഷം ക്ഷണിച്ചു വരുത്തി എന്ന് പ്രബല വിഭാഗം കോൺഗ്രസ് പ്രവർത്തകർ അടക്കം പറയുന്നു. പന്നൂരിൽ ഒരു ട്രന്റ് രൂപപ്പെട്ടിട്ടുണ്ട് എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. ഒരുപക്ഷേ കരിമണ്ണൂർ പഞ്ചായത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ പൊതു സമ്മത ജനകീയ സ്ഥാനാർത്ഥി ജയിക്കാനാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്.

തെരഞ്ഞെടുപ്പിന് പെരുമ്പറ കൊടുന്നു എന്ന രീതിയിൽ പന്നൂരിൽ ഡി. കൊച്ചിന് ആശംസയുമായി ഒരു വീഡിയോ ഗാനം സോഷ്യൽ മീഡിയായിൽ വൈറൽ ആയി ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഇതിനെ തുടർന്ന് നെല്ലമലയിലെ 2010ലെ അനൗൺസ്മെന്റും ഇടതു മുന്നണിയുടെതായി സോഷ്യൽ മീഡിയ പ്രചാരണത്തിൽ വന്നിട്ടുണ്ട്. വരാനിരിക്കുന്ന ദിവസങ്ങളിൽ സോഷ്യൽ മീഡിയ എത്രത്തോളം ആണ് സ്വാധീനം ചെലുത്തുക എന്ന് ഇത് വിളിച്ചോതുന്നു.

കോവിഡ് രോഗം അസ്വസ്ഥതയും ഉത്കണ്ഠയും വളർത്തുന്ന ഇക്കാലത്ത്, മുന്നണികൾ ഏതു രീതിയിൽ ആണ് പ്രചാരണം നടത്തുന്നത് എന്നത് ഏവരും ഉറ്റുനോക്കുന്ന കാര്യമാണ്. ചുരുക്കം മണ്ഡലങ്ങളിൽ ഒഴികെ, മറ്റിടങ്ങളിൽ സ്ഥാനാർത്ഥി ആകുന്നത് എന്തിനെന്ന സാമാന്യബോധമില്ലായ്മയും, ലക്ഷ്യമില്ലായ്മയും, കാഴ്ചപ്പാടില്ലായ്മയും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ഒരു നാടകമാക്കി മാറ്റുന്നുണ്ടോ എന്ന തോന്നൽ ആർക്കുമുണ്ടാകും.

പിൻകുറിപ്പ് - ഇന്ത്യൻ നാഷണൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ സമർപ്പിച്ചിട്ടുള്ള കോൺഗ്രസ് കക്ഷി ഭരണഘടനയുടെ ഒരു കൈപ്പുസ്തകം എങ്കിലും കക്ഷി ഓഫീസിൽ വയ്ക്കണമെന്നും, അതിൽ പറഞ്ഞിരിക്കുന്ന അംഗത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കണമെന്നും ത്രിവർണ്ണ ഷാൾ അല്ല, ഭരണഘടന കൈപ്പുസ്തകം ആണ് ശരിയെന്നും ഓർമ്മപ്പെടുത്തൽ!

idukki news
Advertisment