Advertisment

മനസ്സറിയിക്കാതെ മുളപ്പുറം, പ്രതികാരദാഹിയായി കരിമണ്ണൂർ ടൗൺ; പരീക്ഷണവേദിയായി കുറുമ്പാലമറ്റം 

New Update

ഓരോ ദിനവും പ്രചാരണത്തിൽ നിർണ്ണായകമായ സാഹചര്യമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നാളുകളെ സജീവമാക്കുന്നത്. തെരഞ്ഞെടുപ്പിന്റെ വീറും വാശിയുമെല്ലാം കരിമണ്ണൂർ പഞ്ചായത്തിന്റെ എല്ലാ നിയോജക മണ്ഡലങ്ങളിലും ദൃശ്യമാണ്. മുളപ്പുറം, കരിമണ്ണൂർ ടൗൺ, കുറുമ്പാലമറ്റം എന്നീ മണ്ഡലങ്ങൾ ആണ് സത്യം ഓൺലൈൻ ഇന്ന് വിലയിരുത്തുന്നത്.

Advertisment

publive-image

മനസ്സറിയിക്കാതെ മുളപ്പുറം

മുളപ്പുറം ഒരു യാഥാസ്ഥിതിക കോൺഗ്രസ് അനുകൂല നിയോജക മണ്ഡലം ആണ്. എന്നാൽ ഇവിടെ അട്ടിമറികളും നടന്നിട്ടുണ്ട്. കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളും സ്ഥാനാർത്ഥികളുടെ സ്വീകാര്യത ഇല്ലായ്മയുമാണ് ഇവിടെ കോൺഗ്രസിന്റെ പരാജയത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ളത്.

ഇവിടെ സിപിഐ (എം) കക്ഷിക്കും താരതമ്യേന ശക്തിയുള്ള പ്രദേശമാണ്. 2000ൽ മുളപ്പുറത്തെ സിറ്റിങ്ങ് ജനപ്രതിനിധി ജോൺ നെടിയപാല വലിയ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടത് വാർത്തയായിരുന്നു. ജോസഫ് മാത്യു വാക്കനാംപാടം അന്ന് വിജയിച്ചു. എന്നാൽ പിന്നീട് വിദേശത്ത് പോകുവാൻ ജോസഫ് രാജിവയ്ക്കുകയും, ഉപതെരഞ്ഞെടുപ്പ് സംജാതമാകുകയും ചെയ്തു. കോൺഗ്രസിനു വേണ്ടി കേസിൽ ജോൺ ആണ് അന്ന് വിജയിച്ചത്.

2005ൽ കോൺഗ്രസിനു വേണ്ടി ഷൈനി ഫിലിപ്പോസ് ജയിച്ചു. 2010 ൽ കോൺഗ്രസിനു വേണ്ടി സണ്ണി എബ്രഹാം വിജയിച്ചു. 2015ൽ ഇവിടെ സിപിഐ സ്ഥാനാർത്ഥി ആനിയമ്മ ജോർജ്ജ് ആണ് വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആയി വത്സമ്മ എബ്രഹാം വന്നതിൽ വലിയ എതിർപ്പ് ആ മണ്ഡലത്തിൽ ഉണ്ടായിരുന്നു എന്നത് വസ്തുതയാണ്.

ഇത്തവണ ഇവിടെ ത്രികോണ മത്സരം ആണ് പ്രകടമായുള്ളത്. സന്തോഷ്കുമാർ എം.എം. (സിപിഐ - എൽഡിഎഫ്) അനീഷ് കുമാർ (കോൺഗ്രസ് - യുഡിഎഫ്) നിതിൻ എം.ടി. (സ്വതന്ത്രൻ) എന്നിവരാണ് പ്രധാനമായും മൽസരരംഗത്തുള്ളത്.

പേരിനു വേണ്ടി മാത്രം ബിജെപി സ്ഥാനാർത്ഥി കുഞ്ഞപ്പനും രംഗത്തുണ്ട്. ഇവിടെ പ്രവചനാതീതമായ ത്രികോണ മത്സരത്തിന്റെ എല്ലാ വീറും വാശിയുമുണ്ട്. സാധ്യതകൾ പോലും കൽപിക്കപ്പെടാത്ത ഈ മണ്ഡലത്തിലെ ഫലം വളരെ നിർണായകമാണ്.

പ്രതികാരദാഹിയായി കരിമണ്ണൂർ ടൗൺ

2010ൽ രൂപികൃതമായ നിയോജക മണ്ഡലം ആണ് കരിമണ്ണൂർ ടൗൺ, പാഴൂക്കര, പള്ളിക്കാമുറി, ചേറാടി, കിളിയറ മണ്ഡലങ്ങളുടെ ഭാഗം കൂട്ടിചേർത്താണ് ഈ മണ്ഡലം രൂപികരിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പൊന്നാപുരം കോട്ട എന്നറിയപ്പെടുന്ന കരിമണ്ണൂർ ടൗൺ നിയോജക മണ്ഡലത്തിൽ സിപിഐ (എം) ശക്തി വളരെ കുറവാണ്.

2010ൽ കോൺഗ്രസിനു വേണ്ടി ബീന ജോളി ഇവിടെ വിജയിച്ചു. 2015 ൽ കോൺഗ്രസിന് (യുഡിഎഫ്)എതിരെ ചില മുതിർന്ന കോൺഗ്രസ് നേതാക്കന്മാരുടെ പിന്തുണയോടെ മൽസരിച്ച ബീന ജോളിയെ മൂന്നാം സ്ഥാനത്താക്കി, കോൺഗ്രസ് സ്ഥാനാർത്ഥി ദേവസ്യ ദേവസ്യ വലിയ വിജയമാണ് നേടിയത്.

അഴിമതിക്കെതിരേ ഒരു വോട്ട് എന്നതായിരുന്നു അന്ന് കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥിയുടെ പ്രധാന മുദ്രാവാക്യം. കോൺഗ്രസ് നേതാക്കൾ നിർജ്ജീവമായിരുന്ന കരിമണ്ണൂർ ടൗണിൽ അന്ന് കോൺഗ്രസ് പ്രവർത്തക കൂട്ടായ്മയാണ് ദേവസ്യ ദേവസ്യയുടെ വിജയം ഉറപ്പാക്കിയത്.

2020ൽ സ്ഥാനാർത്ഥി നിർണയം വിവാദമായതോടെ മുഖം വികൃതമായ സിപിഐ (എം) ഈ മണ്ഡലത്തിൽ പ്രചാരണത്തിൽ ഇല്ല. സ്ഥാനാർത്ഥി നിർണയ വിവാദം സത്യം ഓൺലൈൻ കൃത്യതയോടെ റിപ്പോർട്ട് ചെയ്തിരുന്നു.

ഈ മണ്ഡലത്തിൽ ആൻസി സിറിയക്ക് കോൺഗ്രസിനായും സിനി ജോണി എൽഡിഎഫിനായും മൽസരിക്കുന്നു. അത്ഭുതങ്ങളോ അട്ടിമറികളോ നടക്കുവാൻ സാധ്യത ഇല്ലാത്ത ഈ മണ്ഡലത്തിൽ ആൻസി സിറിയക്ക് വലിയ വിജയം നേടുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. സിപിഐ(എം) ന്റെയും കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റയും സ്ഥാനാർത്ഥി നിർണ്ണയ നാടകത്തിൽ പ്രതിഷേധമുള്ള ജനങ്ങൾ അത് വലിയ ഒരു വലിയ ഒരു പ്രതികരണമാക്കി മാറ്റിയാൽ അത്ഭുതപ്പെടേണ്ടതില്ല.

പരീക്ഷണവേദിയായി കുറുമ്പാലമറ്റം

പൊതുവിൽ സിപിഐ (എം) അനുകൂല മണ്ഡലമാണ് കുറുമ്പാലമറ്റം. കോൺഗ്രസ് - കേരള കോൺഗ്രസ് (എം-ജോസഫ്) കക്ഷികൾ നേതൃത്വരാഹിത്യം അനുഭവിക്കുന്ന ഒരു മേഖലയാണ് കുറുമ്പാലമറ്റം. കരിമണ്ണൂർ ക്ലാര മഠം ഭാഗം മുതൽ ഞറുക്കുറ്റി ചുറ്റി വണ്ടമറ്റം വഴിയിലൂടെ കറങ്ങിയെത്തി നിൽക്കുന്ന മണ്ഡലമാണിത്. ഇവിടെ ബിജെപിയും ശക്തി പ്രാപിച്ചിട്ടുണ്ട്.

2000ൽ സുകു കുമാർ ആണ് ഇവിടെ വിജയിച്ചത്. പരാജയപ്പെട്ടത് പഴയ കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ചെറിയാച്ചൻ പൊന്നുംപുരയിടം ആയിരുന്നു. 2005ൽ ഇവിടെ നിന്നും കോൺഗ്രസ് പിന്തുണയോടെ രാജേഷ് തോമസ് വിജയിച്ചു. 2010ൽ സിപിഐ (എം) സ്വതന്ത്ര ആയി വത്സല പ്രസാദ് ആണ് വിജയിച്ചത്. 2015ൽ വീണ്ടും സ്ഥാനാർത്ഥി ആയെത്തിയ സുകു കുമാർ വിജയം ആവർത്തിച്ചു.

ജാതി സമവാക്യങ്ങളുടെ പരീക്ഷണശാലയാണ് ഇത്തവണ കുറുമ്പാലമറ്റം. രാഷ്ട്രീയത്തിൽ മത-ജാതി ചിന്തകൾ പിടിമുറുക്കിയതിന്റെ ലക്ഷണങ്ങൾ ഇവിടെ കാണുവാൻ സാധിക്കും. രാഷ്ട്രീയത്തെക്കാളും, വികസനത്തെക്കാളും ഹിന്ദു - ക്രിസ്റ്റ്യൻ, ജാതി, ഉപജാതി എന്നിങ്ങനെ ആണ് മതേതരമല്ലാത്ത വോട്ടെടുപ്പ് ചർച്ച. സിപിഐ (എം) ഈ കാര്യത്തിൽ എല്ലാ പുരോഗമനവും വെടിഞ്ഞ് ഇത്തരം സാധ്യതകൾക്ക് ചെവികൊടുക്കുന്ന സമീപനമാണ് എടുത്തിട്ടുള്ളത്. സിപിഐ (എം) വലിയ വിജയ സാധ്യത കണക്കാക്കുന്ന ഒരു മണ്ഡലമാണ് കുറുമ്പാലമറ്റം.

ഇവിടെ ബിജി ജോമോൻ (സിപിഐഎം സ്വതന്ത്ര) സുശീല ചന്ദ്രൻ (കോൺഗ്രസ് - യുഡിഎഫ്) ശൈലജകുമാരി (ബിജെപി - എൻഡിഎ) എന്നിവരാണ് സ്ഥാനാർത്ഥികൾ.

വാലെഴുത്ത് : തെരഞ്ഞെടുപ്പ് ദിവസം അടുത്തത്തൊടെ കരിമണ്ണൂരിൽ മാംസക്കച്ചവടവും, മദ്യവിൽപ്പനയും വർദ്ധിച്ചിട്ടുണ്ട്. കപ്പ പുഴുക്കും പന്നിക്കറിയുമാണ് ഇത്തവണ കരിമണ്ണൂരിലെ പ്രിയ ഭക്ഷണം. ചിലയിടങ്ങളിൽ എല്ലും കപ്പയും, കോഴി ബിരിയാണി എന്നിവയും ഉണ്ട്.

idukki news
Advertisment