Advertisment

മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം അവലോകനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

ഇടുക്കി : ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ - പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്തു. മെഡിക്കല്‍ കോളേജിന് അംഗീകാരം ലഭിക്കുവാന്‍ വേണ്ട എല്ലാ സംവിധാനങ്ങളും ആശുപത്രിയില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുള്ള അറിയിപ്പ് ജൂലൈയില്‍ കിട്ടുമെന്നും, ഇടുക്കി മെഡിക്കല്‍ കോളേജിന് അംഗീകാരം ലഭിക്കുമെന്നും ഡിഡിസി പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന മുറികള്‍, ഹോസ്റ്റല്‍ തുടങ്ങിയവയെല്ലാം നിര്‍മ്മാണം പൂര്‍ത്തിയാക്കി. അക്കാദമിക് ബ്ലോക്ക്, ഹോസ്പിറ്റല്‍ ബ്ലോക്ക് 1 & 2, ലാബുകള്‍, വിവിധ വകുപ്പുകള്‍, മ്യൂസിയം, ലിഫ്റ്റ്, ഹോസ്റ്റല്‍ കെട്ടിടങ്ങള്‍, ജീവനക്കാരുടെ ലഭ്യത തുടങ്ങിയവയും മൊത്തത്തിലുള്ള പ്രവര്‍ത്തന പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. കൂടാതെ മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കി നല്‍കണമെന്ന് കിറ്റ്കോ പ്രതിനിധികളോട് യോഗത്തില്‍ ജില്ലാ വികസന കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.

മന്ത്രിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ച കാര്യങ്ങളുടെ പുരോഗതിയും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജൂലൈ 31 നകം അത്യാഹിത വിഭാഗമടക്കമുള്ള വകുപ്പുകള്‍ക്ക് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് നിര്‍മാണ ഏജന്‍സികള്‍ അറിയിച്ചു. ഓരോ വിഭാഗത്തിനും ആവശ്യമുള്ളതെന്തൊക്കെയെന്ന് വകുപ്പ് മേധാവികള്‍ യോഗത്തില്‍ വ്യക്തമാക്കി.

പുതിയതായി കൈമാറി ലഭിച്ച 50 ഏക്കര്‍ സ്ഥലത്തിന്റെ സ്‌കെച്ചും പ്ലാനും പൂര്‍ത്തിയായെന്നും ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഉടനടി ജില്ലാ കളക്ടര്‍ക്ക് കൈമാറണമെന്നും ഡിഡിസി ഇടുക്കി തഹസീല്‍ദാറിനോട് നിര്‍ദ്ദേശിച്ചു. യോഗത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ ഷീല ബി, ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വര്‍ഗീസ്, തഹസീല്‍ദാര്‍ (ഭൂരേഖ ) മിനി കെ. ജോണ്‍, വിവിധ വകുപ്പ് മേധാവികള്‍, ഡോക്ടര്‍മാര്‍, കിറ്റ്കോ, കെഎസ്ഇബി, നിര്‍മ്മിതി കേന്ദ്ര പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment