Advertisment

ഇളക്കി മറിച്ച് പന്നൂരിലെ പ്രചാരണം, ഇളക്കം തട്ടാതെ പന്നൂരിന്റെ ജനാധിപത്യ മനസ്സ്

New Update

ഇടുക്കി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണം കരിമണ്ണൂരിൽ കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. കോട്ടക്കവല, പള്ളിക്കാമുറി, കിളിയറ, ചേറാടി, പന്നൂർ തുടങ്ങിയ മണ്ഡലങ്ങളിൽ, സത്യം ഓൺലൈൻ മുൻപ് റിപ്പോർട്ട് ചെയ്തതു പോലെ കനത്ത മത്സരമാണ് നടക്കുന്നത്. ആനിക്കുഴ, തൊമ്മൻകുത്ത്, നെല്ലിമല എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പിന്റെ രൂപവും ഭാവവും മാറിയിട്ടുണ്ട്. എന്നാൽ പന്നൂർ നിയോജക മണ്ഡലമാണ് എല്ലാവരും ശ്രദ്ധയോടെ ഉറ്റു നോക്കുന്നത്.

Advertisment

സംസ്ഥാന ശ്രദ്ധ നേടുന്ന തെരഞ്ഞെടുപ്പ്

സംസ്ഥാന ദേശീയ നേതാക്കന്മാരുടെ നേരിട്ടുള്ള ഇടപെടലുകളും, പ്രചാരണ രീതികളും, പന്നൂരിലെ തെരഞ്ഞെടുപ്പിന്റെ തീവ്രത വ്യക്തമാക്കുന്നു. നേതാക്കന്മാരുടെ പ്രസ്താവനകളും, സാന്നിധ്യവുമാണ് യുഡിഎഫ് , എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിൽ മുഖ്യമെങ്കിൽ, അടിത്തട്ടിലുള്ള ജനകീയ പ്രചാരണമാണ് എൽഡിഎഫ് പിന്തുണയ്ക്കുന്ന പൊതുസമ്മത ജനകീയ സ്ഥാനാർത്ഥിയുടെ പ്രചാരണത്തെ വ്യത്യസ്തമാക്കുന്നത്.

മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ എന്നിവർ എൻഡിഎ സ്ഥാനാർത്ഥി അംബിക വിജയനു വേണ്ടി പ്രചാരണം നടത്തി. കുമ്മനം രാജശേഖരൻ നേരിട്ട് കുടുംബ യോഗത്തിൽ പങ്കെടുത്തു പന്നൂരിന് ബിജെപി നൽകുന്ന പ്രാധാന്യം വ്യക്തമാക്കി.

ഈ യോഗത്തിൽ മുട്ടം സ്വദേശിനിയായ മുൻ കോൺഗ്രസ് നേതാവും, ഇപ്പോൾ ബിജെപി നേതൃത്വത്തിൽ ഉള്ളയാളും ഇടുക്കി ജില്ല പഞ്ചായത്ത് എൻഡിഎ സ്ഥാനാർത്ഥിയുമായ കെ. എൻ. ഗീതാകുമാരിയും പങ്കെടുത്തു. അൽഫോൻസ് കണ്ണന്താനം വീഡിയോ സന്ദേശം വഴിയാണ് പ്രചാരണത്തിൽ പങ്കാളിയായത്.

തൃക്കാക്കര എംഎൽഎ പി.ടി. തോമസ്, ഇടുക്കി എം. പി. ഡീൻ കുര്യാക്കോസ് എന്നിവർ ആണ് യുഡിഎഫ് സ്ഥാനാർത്ഥി എ.ഏൻ. ദിലീപ്കുമാറിന് വേണ്ടി രംഗത്തുള്ളത്. ഇതിൽ പി.ടി. തോമസിന്റെ പുറത്ത് വന്ന വീഡിയോ സന്ദേശം വൻ വിവാദമാണ് കരിമണ്ണൂരിൽ ഉണ്ടാക്കിയിരിക്കുന്നത്.

ഡീൻ കുര്യാക്കോസ് എം. പിയെ. സ്ഥാനാർത്ഥി യോടൊപ്പം മാധ്യമപ്രവർത്തകരെ വിളിച്ചു വരുത്തി വീടുകൾ കയറി പ്രചാരണം നടത്താൻ തന്ത്രം മെനഞ്ഞെങ്കിലും ഇതുവരെ സാധ്യമായിട്ടില്ല. മുൻപ് ഇടുക്കിയിലെ മതമേലദ്ധ്യക്ഷനിൽ നിന്നുണ്ടായ ദുരനുഭവം, പന്നൂരിൽ പല വീടുകളിലും ആവർത്തിക്കപ്പെടാം എന്ന ആശങ്കയാണ് എംപിയെ വീടു കയറുന്നതിൽ നിന്നും അകറ്റി നിറുത്തുന്നത് എന്ന് പറയപ്പെടുന്നു.

എന്നാൽ നേതാക്കൻമാരിലൂടെയല്ല, സാധാരണ മനുഷ്യരുടെ ഇടയിൽ നേരിട്ടുള്ള പ്രചാരണമാണ് ഇടതുപക്ഷം പിന്തുണയ്ക്കുന്ന പൊതുസമ്മത ജനകീയ സ്ഥാനാർത്ഥി ദേവസ്യ ദേവസ്യ അവലംബിച്ചിരിക്കുന്നത്.

ഇതോടൊപ്പം വളരെ സജീവമായതും, വർഷങ്ങളായി നിരന്തരം ഉപയോഗിക്കുന്നതുമായ സോഷ്യൽ മീഡിയായിൽ ഉള്ള പ്രചാരണം ദേവസ്യയെ ജനങ്ങളുമായി അടുത്ത് സംവദിക്കുവാൻ സഹായിക്കുന്നുണ്ട്. പന്നൂർ നിയോജക മണ്ഡലത്തിലെ ആളുകൾ ഒത്തുകൂടുന്ന മാരാംപാറ, കമ്പിപ്പാലം, പന്നൂർ സെന്റർ, കുരുമ്പുപാടം, കരിമണ്ണൂർ ഹൈസ്കൂൾ കവല തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം ചർച്ചകളിൽ ദേവസ്യ ദേവസ്യ നിറഞ്ഞു നിൽക്കുന്നു.

പന്നൂരിൽ ചർച്ചചെയ്യപ്പെടുന്ന ദാവീദും ഗോലിയാത്തും

പന്നൂരിൽ പൊതുസമ്മത ജനകീയ സ്ഥാനാർത്ഥിയെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പിന്തുണയ്ക്കുമ്പോഴും, കൂടുതൽ പിന്തുണ കോൺഗ്രസ്, യുഡിഎഫ് അനുഭാവികളുടേതാണ്. ഷാജൻ ജയിംസ് കുഴിയ്ക്കാട്ടുമ്യാലിനെ സ്ഥാനാർത്ഥിത്വം നൽകാതെ അപമാനിച്ചതിൽ വളരെ അസ്വസ്ഥരാണ് കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും.

ഇതിനിടയിൽ, പൊതുസമ്മത ജനകീയ സ്ഥാനാർത്ഥി യുടെ ഫേസ്ബുക്ക് പോസ്റ്റിൽ ആശംസ അറിയിച്ച് ഷാജൻ രംഗത്ത് എത്തി. ഇത് പന്നൂരിലെ തെരഞ്ഞെടുപ്പിന്റെ കാറ്റ് എങ്ങോട്ടെന്ന് വ്യക്തമാക്കുന്നു. വാർഡിലും പുറത്തുമുള്ള മറ്റ് നിരവധി കോൺഗ്രസ് അനുഭാവികളും ദേവസ്യ ദേവസ്യയുടെ ഫേസ്ബുക്ക് ഇ - പ്രചാരണം ഷെയർ ചെയ്യുന്നുണ്ട്.

തികച്ചും നിഷ്കളങ്കമായ ഒരു ആശംസയിലൂടെ പ്രദേശവാസി കൂടിയായ ഷാജൻ ജയിംസ് രംഗത്ത് വന്നപ്പോൾ, ആശ്ചര്യവും അമ്പരപ്പും ഉളവാക്കുന്ന കാര്യങ്ങളാണ് പി.ടി. തോമസ് യുഡിഎഫ് സ്ഥാനാർത്ഥിയെ ക്കുറിച്ച് തന്റെ വീഡിയോയിൽ പറഞ്ഞതെന്ന് കരിമണ്ണൂരുകാർ പൊതുവിലും, പന്നൂരുകാർ പ്രത്യേകിച്ചും പറയുന്നു. അന്തിമമായ വിജയം ദാവീദിനായിരിക്കും എന്ന പ്രയോഗം ഇവിടുത്തെ സാധാരണക്കാരായ മനുഷ്യരുടെ ചിന്തകൾ എപ്രകാരം എന്ന് സൂചിപ്പിക്കുന്നു.

വീക്ഷണ വിവാദം പന്നൂരിൽ ആളിക്കത്തുന്നു.

കരിമണ്ണൂരിലെ വീക്ഷണം ദിനപ്പത്രത്തിന്റെ വരിക്കാരെ സംബന്ധിച്ച വിവാദം പന്നൂരിനെ കൂടുതൽ ചർച്ചകളിൽ നിറച്ച് നിറുത്തുകയാണ്. തന്റെ മരണം വരെയും വീക്ഷണം ദിനപ്പത്രം വരിക്കാനായിരുന്ന ഒരേ ഒരു കോൺഗ്രസുകാരനേ കരിമണ്ണൂരിൽ ഉണ്ടായിരുന്നുള്ളു എന്ന് പത്ര ഏജന്റുമാർ സാക്ഷ്യപ്പെടുത്തുന്നു.

ഇപ്പോൾ കരിമണ്ണൂരിൽ നാമമാത്ര വരിക്കാർ മാത്രമാണുള്ളത്. അതിൽ കരിമണ്ണൂർ പഞ്ചായത്ത് ഓഫീസ്, ലൈബ്രറി എന്നിവ ഒഴിച്ചു നിറുത്തിയാൽ വ്യക്തികളുടെ എണ്ണം വളരെ കുറവാണ്. കരിമണ്ണൂർ ടൗൺ നിയോജക മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ആൻസി സിറിയക്കും പന്നൂരിലെ പൊതുസമ്മത ജനകീയ സ്ഥാനാർത്ഥി ദേവസ്യ ദേവസ്യയും വീക്ഷണം വരിക്കാരാണ് എന്ന് സത്യം ഓൺലൈൻ അന്യോഷണത്തിൽ ബോധ്യപ്പെട്ടു.

വിവാദമാകുന്നത് പന്നൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീക്ഷണം പത്രവുമായുള്ള ബന്ധമാണ്. വീക്ഷണം ദിനപ്പത്രത്തിന്റെ മാർക്കറ്റിങ്, പരസ്യം, പ്രചാരണം ചുമതലകൾ പന്നൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ക്ക് അന്നത്തെ വീക്ഷണം എംഡി പി.ടി. തോമസ് നൽകിയിരുന്നായി പറയപ്പെടുന്നു.

എന്നാൽ നാൽപ്പതിലേറെ വരിക്കാർ ഉണ്ടായിരുന്ന കരിമണ്ണൂരിൽ വീക്ഷണം ദിനപ്പത്രത്തിന് ഇന്ന് വിരലിലെണ്ണാവുന്ന വരിക്കാരെന്നത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രവർത്തന പാരമ്പര്യത്തെ ചോദ്യചിഹ്നത്തിലാക്കിയിരിക്കുകയാണെന്ന് സോഷ്യൽ മീഡിയയിലും ആളുകൾക്കിടയിലും വിമർശനമുണ്ട്.

സ്ഥാനാർത്ഥി ക്ക് പിന്തുണയുമായി പി.ടി. തോമസ് എംഎൽഎ വീഡിയോ സന്ദേശം ഇട്ടപ്പോൾ, കരിമണ്ണൂരിലെ വീക്ഷണം ദിനപ്പത്രത്തിന്റെ വരിക്കാരുടെ എണ്ണത്തിലെ കാര്യം, എന്തു കൊണ്ട് പറഞ്ഞില്ല എന്നതും, കരിമണ്ണരിൽ വളരെയധികം ചർച്ച ചെയ്യപ്പെടുന്നു.

പന്നൂരിലെ തരംഗത്തിന് ഇളക്കം തട്ടുമോ

150-200 വോട്ടുകളുടെ മേൽക്കൈ എക്കാലത്തും യുഡിഎഫിന് ഉണ്ട് എന്ന് കണക്കാക്കപ്പെടുന്ന പന്നൂരിൽ ദേവസ്യ ദേവസ്യ എന്ന പൊതുസമ്മത ജനകീയ സ്ഥാനാർത്ഥിയുടെ രംഗപ്രവേശം പുതിയ ചിത്രമാണ് വരച്ചത്. ഭൂരിപക്ഷം വരുന്ന കോൺഗ്രസ്- യുഡിഎഫ് അനുഭാവികളും ദേവസ്യ ദേവസ്യ യ്ക്ക് വേണ്ടി പരസ്യവും രഹസ്യവുമായി രംഗത്തുണ്ട്. എൽഡിഎഫ് പിന്തുണയ്ക്കുന്നത് ദേവസ്യ ദേവസ്യ യ്ക്ക് കൂടുതൽ വോട്ടുകൾ ലഭ്യമാക്കാൻ സഹായിച്ചേക്കും.

ഈ പഞ്ചായത്ത് നിയോജക മണ്ഡലത്തിൽ ബിജെപി യ്ക്ക് അടിസ്ഥാനപരമായി അടിത്തറയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അംബിക വിജയൻ തന്നെയായിരുന്നു ബിജെപി സ്ഥാനാർത്ഥി. ബിജെപി എൽഡിഎഫിനെ പിന്തള്ളി രണ്ടാംസ്ഥാനത്ത് വന്നിരുന്നു. ഇത്തവണ വിജയം ലക്ഷ്യമാക്കി ബിജെപി അരയും തലയും മുറുക്കി രംഗത്തുണ്ട്.

എൽഡിഎഫിന് അധികം ശക്തിയുള്ള പ്രദേശമല്ല പന്നൂർ. കരിമണ്ണൂർ ടൗൺ നിയോജക മണ്ഡലം പോലെ തന്നെ യുഡിഎഫും, അതിൽ പ്രധാനമായും കോൺഗ്രസുമാണ് പന്നൂരിൽ ശക്തമായുള്ളത്. ഇവിടെയുള്ള പ്രത്യേകമായ സാഹചര്യം ആണ് മൽസരം ചിത്രം മാറ്റിവരച്ചത്. എങ്കിലും യുഡിഎഫ് ശക്തമായി പ്രചാരണ രംഗത്തുണ്ട്.

കരിമണ്ണൂരിലെ പൊതു പ്രചാരണ രീതിയിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും വ്യത്യസ്തമാണ് പന്നൂരിലെ തെരഞ്ഞെടുപ്പ് ചിത്രം. ഇവിടെ ആര് ജയിക്കും എന്നതിനേക്കാളും, ആര് മൂന്നാം സ്ഥാനത്ത് ആകും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. മൂന്ന് സ്ഥാനാർത്ഥികളും വിട്ടു കൊടുക്കാൻ തയ്യാറല്ല. ഒരു തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ, അതിന്റെ അന്തിമ ഫലം വരുന്നത് വരെ കാത്തിരുന്നേ മതിയാകൂ.

വാലെഴുത്ത്

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പന്നൂർ ഡിവിഷനിൽ, മുൻ ഡിസിസി പ്രസിഡന്റിന്റെ പിന്തുണയോടെ സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്ന, കോൺഗ്രസ് പ്രവർത്തകൻ, സ്ഥാനാർത്ഥിത്വം കിട്ടാതായപ്പോൾ ഫേസ്ബുക്കിൽ, ഗൗരവരൂപത്തിൽ ഫോട്ടോയിട്ട് പ്രതിഷേധിച്ചത്, നാട്ടിൽ ചിരി പടർത്തി

idukki news
Advertisment