Advertisment

അന്ന് 'തവിട് വണ്ടി'യുമായി പോയപ്പോള്‍ ടോള്‍ കേന്ദ്രം തകര്‍ത്തു; ഇന്ന് മദ്യവുമായി പിടിയില്‍

New Update

publive-image

Advertisment

കൊച്ചി: എക്‌സൈസിനെ മറികടന്ന് പാലിയേക്കര ടോള്‍ കേന്ദ്രവും തകര്‍ത്ത് കടന്നുകളഞ്ഞ സ്പിരിറ്റ് വണ്ടി 'തവിട് വണ്ടി'യായ സംഭവത്തില്‍ പൊലീസിന് കീഴടങ്ങിയ ഡ്രൈവര്‍ മദ്യവുമായി പിടിയിലായി.

പാലക്കാട് ആട്ടയാംപതി സ്വദേശിയായ വിനയ് ദാസും (31) സഹായി ജൊവാനുമാണ് തമിഴ്‌നാട് പൊലീസിന്റെ പിടിയിലായത്. നേരത്തെ തമിഴ്‌നാട്ടില്‍ മദ്യവില്പന പുനരാരംഭിച്ചിരുന്നെങ്കിലും കേരളത്തില്‍ തുടങ്ങിയിരുന്നില്ല.

ഈ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് മദ്യം കടത്തുന്നതായി തമിഴ്‌നാട് പൊലീസിന് സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് പൊള്ളാച്ചിക്ക് അടുത്തുള്ള സമെനാംപതി ചെക്ക്‌പോയിന്റിലൂടെ മദ്യം കടത്തുന്നതിനിടയില്‍ ഇവരെ പിടികൂടുകയായിരുന്നു. ഒന്നരലക്ഷം രൂപ വിലവരുന്ന മദ്യക്കുപ്പികളും പിടിച്ചെടുത്തു.

'തവിട്' സംഭവത്തില്‍ കീഴടങ്ങിയ വിനയ്ദാസാണ് മദ്യം കടത്തിയതെന്നും പൊലീസ് കണ്ടെത്തി. ഈ മാസം ആദ്യമാണ് എക്‌സൈസിനെയും പൊലീസിനെയും വെട്ടിച്ച് പാലിയേക്കര ടോള്‍ഗേറ്റ് തകര്‍ത്ത് കടന്നുപോയ വാന്‍ കാണാതാവുകയും പിന്നീട് കൊഴിഞ്ഞാമ്പാറയില്‍ കണ്ടെത്തുകയും ചെയ്തത്.

വാഹനത്തില്‍ സ്പിരിറ്റാണെന്ന വിവരത്തെ തുടര്‍ന്നായിരുന്നു എക്‌സൈസ് വണ്ടി പിന്തുടര്‍ന്നത്. എന്നാല്‍ വാഹനം കണ്ടെത്തുമ്പോള്‍ ഇതിനുള്ളില്‍ സ്പിരിറ്റിന് പകരം തവിടായിരുന്നുവെന്നായിരുന്നു എക്‌സൈസിന്റെ വിശദീകരണം.

Advertisment