ഐ.എം വിജയന്‍ ആലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ? ലീഡര്‍ കെ കരുണാകരന്റെ ശിഷ്യന് അഭയം നല്കാനുറച്ചു കോണ്‍ഗ്രസ് !

എ കെ സത്താര്‍
Sunday, January 13, 2019

പാലക്കാട് : ആലത്തൂര്‍ മണ്ഡലം പിടിച്ചെടുക്കാന്‍ ഇത്തവണ ജനപ്രിയ താരത്തെ തന്നെ രംഗത്തിറക്കാനൊരുങ്ങി കോണ്‍ഗ്രസ്. കേരളത്തിലെ സ്പോര്‍ട്സ് പ്രേമികളുടെ ഫുട്ബോള്‍ ഇതിഹാസമായ കറുത്ത മുത്ത് ആലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹം ശക്തമായി . കെ ആര്‍ നാരായണനുശേഷം സിപിഎം കൈക്കലാക്കിയ ഈ മണ്ഡലം ഇത്തവണ  ഐ എം വിജയനെ മത്സരിപ്പിച്ചു തിരിച്ചു പിടിക്കാനാണ് കോണ്‍ഗ്രസിന്‍റെ ആലോചന.

കോണ്‍ഗ്രസ് രാഷ്ട്രീയ പോരാട്ടത്തിന് ഇറങ്ങിയപ്പോഴൊക്കെ ആലത്തൂരില്‍ ( പഴയ ഒറ്റപ്പാലം ) പരാജയമായിരുന്നു ഫലം. അതേസമയം കെ ആര്‍ നാരായണനെപ്പോലുള്ള പ്രതിഭകളെ പരീക്ഷിച്ചപ്പോള്‍ മണ്ഡലം കോണ്‍ഗ്രസിനെ തുണച്ചു. സ്ഥലം എംപിയെ കേന്ദ്രമന്ത്രിയും ഉപരാഷ്ട്രപതിയും  രാഷ്ട്രപതിയുമാക്കിയായിരുന്നു കോണ്‍ഗ്രസ് ഒറ്റപ്പാലത്തോട് കടപ്പാട് തീര്‍ത്തത് .

എന്നാല്‍  കെ ആര്‍ നാരായണന് ശേഷം എസ് ശിവരാമനിലൂടെ സിപിഎം മണ്ഡലം തിരിച്ചു പിടിച്ചു. പിന്നെ എസ് അജയകുമാറും ഒടുവില്‍ കഴിഞ്ഞ 2 തവണയായി പികെ ബിജുവുമാണ് ആലത്തൂരിന്റെ നായകര്‍ .

എന്നാല്‍ ഇത്തവണ ആലത്തൂര്‍ തിരിച്ചുപിടിച്ചേ ഒക്കൂ എന്ന വാശിയിലാണ് കോണ്‍ഗ്രസ്. പാലക്കാട് ഡി സി സി ഇത്തവണ ജില്ലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കു൦ എന്ന് വെല്ലുവിളിച്ചിരിക്കുകയാണ്. ഐ എം വിജയനെ രംഗത്തിറക്കിയാല്‍ അത് പിന്നോക്കക്കാരില്‍ മാത്രമല്ല  രാഷ്ട്രീയത്തിന് അതീതമായി യുവത്വത്തെ ഒപ്പം നിര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ .

കോണ്‍ഗ്രസുമായി ആത്മബന്ധമുള്ള താരമാണ് ഐ എം വിജയന്‍.സാക്ഷാല്‍ ലീഡര്‍ കെ കരുണാകരനാണ് ഐ എം വിജയനെ എറണാകുളത്ത് പദ്മജയുടെ വീട്ടില്‍ വിളിച്ചുവരുത്തി ഒപ്പമിരുത്തി സല്‍ക്കരിക്കുകയും പാര്‍ട്ടി മെമ്പര്‍ഷിപ്പ് കൈമാറുകയും ചെയ്തത്. വിദ്യാഭ്യാസ യോഗ്യത തടസമായിട്ടും കേരളാ ടീം ക്യാപ്റ്റനായിരുന്ന വിജയനെ പോലീസില്‍ എസ് ഐ പോസ്റ്റില്‍ നിയമിച്ചതും കരുണാകരന്‍ സ്പെഷ്യല്‍ ഓര്‍ഡര്‍ ഇറക്കിയാണ്.

പില്‍ക്കാലത്ത് ആത്മസുഹൃത്ത് കലാഭവന്‍ മണി  വിജയനെ ഇടത് പാളയത്തില്‍ എത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയന്‍ മണിയുടെ ആ നിര്‍ബന്ധം മാത്രം സ്നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു.

അതിനാല്‍ തന്നെ കോണ്‍ഗ്രസിന് വിജയന്‍റെ കാര്യത്തില്‍ പ്രത്യേക താല്പര്യമുണ്ട്. പാലക്കാട് ഡി സി സിയ്ക്കും ഐ എം വിജയന്‍റെ കാര്യത്തില്‍ അനുകൂല നിലപാടാണ്. തൃശൂര്‍ ഡിസിസിയ്ക്ക് വിജയന്‍റെ കാര്യത്തില്‍ മുന്‍പേ താല്പര്യങ്ങള്‍ ഉള്ളവരായിരുന്നു. അതിനാല്‍ തന്നെ മണ്ഡലത്തില്‍ പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണയാണ് വിജയനുള്ളത്  .

അതേസമയം സിപിഎം ഇത്തവണ രണ്ടുതവണ മത്സരിച്ച പികെ ബിജുവിന് പകരം മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണനെ ആലത്തൂരില്‍ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. ബിജുവിനെ സംസ്ഥാന രാഷ്ട്രീയത്തിലേയ്ക്ക് കൊണ്ടുവരാനാണ് സിപിഎമ്മിന്റെ ആലോചന.

 

×