Advertisment

കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച പാകിസ്ഥാന്‍ കോടതിയുടെ നടപടി അന്താരാഷ്ട്ര നീതിന്യായ കോടതി  തള്ളിയത്  ഒന്നിനെതിരെ 15 വോട്ടുകൾക്ക്:ഇന്ത്യക്കെതിരെ വിധിയെഴുതിയത് പാക്കിസ്ഥാനിൽ നിന്നുള്ള ജഡ്‌ജി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ഹേഗ്:  കുൽഭൂഷൺ ജാദവ് കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇന്ത്യക്കെതിരെ വിധിയെഴുതിയ ഏക ജഡ്‌ജി പാക്കിസ്ഥാൻ പൗരൻ.

Advertisment

പാക് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസായിരുന്ന തസ്സാദുക് ദുസൈൻ ഗില്ലാനിയാണ് 16 അംഗ ബെഞ്ചിൽ പാക്കിസ്ഥാന് അനുകൂലമായി വിധിയെഴുതിയ ഏക ജഡ്‌ജി.

വധശിക്ഷ വിധിക്കപ്പെട്ട് പാകിസ്ഥാന്‍ ജയിലിൽ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കൂൽഭൂഷൺ ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ അപേക്ഷയിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിന്നും അനുകൂല വിധിയാണ് ഇന്നുണ്ടായത്.

publive-image

കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച പാകിസ്ഥാന്‍ കോടതിയുടെ നടപടി അന്താരാഷ്ട്ര നീതിന്യായ കോടതി ഒന്നിനെതിരെ 15 വോട്ടുകൾക്ക് തള്ളി.

വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വയ്ക്കണമെന്നും ചട്ടപ്രകാരം കുല്‍ഭൂഷണ്‍ ജാദവിനെ വീണ്ടും വിചാരണ ചെയ്യണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടു.

അതേസമയം ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യം കോടതി പരിഗണിച്ചില്ല. അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് ഈ കേസില്‍ ഇടപെടാനാവില്ലെന്ന പാകിസ്ഥാന്‍റെ വാദം കോടതി തള്ളിക്കളഞ്ഞു.

മുൾട്ടാനിൽ ജനിച്ച ഗില്ലാനിയെ 2007 ലാണ് പാക് സുപ്രീം കോടതിയിൽ ജസ്റ്റിസായി നിയമിക്കുന്നത്. അന്നത്തെ ഭരണാധികാരിയായിരുന്ന ജനറൽ പർവേസ് മുഷാറഫിന് കീഴിൽ സത്യപ്രതിജ്ഞ ചെയ്യാൻ ഗില്ലാനി തയ്യാറായില്ല.

ഇതോടെ ഇദ്ദേഹത്തിന്റെ ബെഞ്ചിന് പ്രവർത്തിക്കാൻ സാധിച്ചില്ല. എന്നാൽ 2009 ൽ അഭിഭാഷകരുടെ ആവശ്യപ്രകാരം അദ്ദേഹത്തെ പാക്കിസ്ഥാനിലെ പരമോന്നത കോടതിയിൽ വീണ്ടും ജസ്റ്റിസാക്കി. 2013 ലാണ് അദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസായത്.

പൊതുവേ പുരോഗമന വാദിയെന്ന് വിശേഷിക്കപ്പെടുന്ന ഗില്ലാനിയെ 2018 ൽ താത്‌കാലിക പ്രധാനമന്ത്രിയാക്കണമെന്ന് പാക്കിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് പാർട്ടി ആവശ്യപ്പെട്ടിരുന്നു.

ഇപ്പോൾ വേൾഡ് ജസ്റ്റിസ് പ്രൊജക്ടിൽ ഓണററി കോ-ചെയറായി പ്രവർത്തിക്കുകയാണ് അദ്ദേഹം. അന്താരാഷ്ട്ര കോടതിക്ക് കുൽഭൂഷൺ ജാദവ് കേസിൽ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ വാദം കേൾക്കാമെന്ന ഒറ്റ കാര്യത്തിൽ മാത്രമാണ് ഇദ്ദേഹം മറ്റ് 15 ജഡ്‌ജിമാരുടെയും വാദത്തിനൊപ്പം നിന്നത്. വിയന്ന ചട്ട ലംഘനമടക്കമുള്ള ഏഴ് കാര്യങ്ങളിൽ കോടതിയിലെ മറ്റ ജഡ്‌ജിമാരോട് ഇദ്ദേഹം വിയോജിച്ചു.

നിഷ്പക്ഷമായ രീതിയില്‍ അല്ല കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്ഥാന്‍ സൈനിക കോടതി വിചാരണ ചെയ്തതെന്ന്  അന്താരാഷ്ട്ര നീതിന്യായ കോടതി നിരീക്ഷിച്ചു. പാകിസ്താന്‍ കസ്റ്റഡിയില്‍ എടുത്ത കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്രസഹായം ലഭിക്കാതെ പോയി.

വിയന്ന ഉടമ്പടിയിലെ ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ടാണ് പാകിസ്താന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കൈകാര്യം ചെയ്തിരിക്കുന്നത് എന്നും  കോടതി നിരീക്ഷിച്ചു. കുൽഭൂഷൺ ജാദവിനെ അറസ്റ്റ് ചെയ്ത ഉടൻ ഇക്കാര്യം ഇന്ത്യയെ അറിയിക്കാതിരുന്നത് പാകിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായ തെറ്റാണെന്ന് കോടതി വ്യക്തമാക്കി.

 

Advertisment