Advertisment

പെട്രോള്‍ ഡിസല്‍ കൊള്ളയ്ക്ക് പിന്നാലെ പാചകവാതക വിലയും കൂടി ! കുടുംബ ബജറ്റിന്റെ താളം തെറ്റുന്നു. ഇന്നലെ മാത്രം കൂടിയത് 25 രൂപ ! ഫെബ്രുവരിയില്‍ മാത്രം കൂടിയത് 100 രൂപ. പെട്രോളിന് ജനുവരി മുതല്‍ കൂടിയത് ലിറ്ററിന് 7.64 രൂപ. ഡീസലിന് കൂടിയത് എട്ടു രൂപ. തെരഞ്ഞെടുപ്പ് കാലത്തുപോലും സാധാരണക്കാരനെ വട്ടം കറക്കുന്ന വിലവര്‍ധനവ് !

New Update

publive-image

Advertisment

കൊച്ചി: കുടുംബ ബജറ്റിനെ താളം തെറ്റിച്ച് വീണ്ടും പാചകവാതക വിലക്കയറ്റം. ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന് 25 രൂപയാണ് കൂടിയത്. ആരുമറിയാതെ അപ്രത്യക്ഷമായ സബ്‌സിഡി ഒട്ടു തിരികെ അക്കൗണ്ടില്‍ വരുന്നുമില്ല.

14.2 കിലോഗ്രാം ഭാരമുള്ള സിലിണ്ടറിന് കൊച്ചിയില്‍ ഇന്നലെ വില 801 രൂപയായി. ഈമാസം മൂന്നുപ്രാവശ്യം കൊണ്ട് കൂട്ടിയത് 100 രൂപയാണ്. ഫെബ്രുവരി നാലിന് 25 രൂപയും 14ന് 50 രൂപയും കൂട്ടിയിരുന്നു.

ഡിസംബറിലും എല്‍പിജി വില രണ്ടുതവണയായി നൂറുരൂപ കൂടിയിരുന്നു. മൂന്നുമാസം കൊണ്ട് കൂടിയത് 200 രൂപ. പെട്രോള്‍, ഡീസല്‍വില ദിനവും കുതിച്ചു പുതിയ ഉയരങ്ങള്‍ താണ്ടി ജനജീവിതം ദുസഹമാക്കുന്നതിനിടെയാണ് പാചകവാതക വിലയും കുതിച്ചത്.

അസംസ്‌കൃത എണ്ണയുടെ രാജ്യാന്തരവിലയിലെ വര്‍ധനവാണ് എണ്ണക്കമ്പനികള്‍ നിരത്തുന്ന ന്യായവാദം. വില കൂട്ടിയെങ്കിലും ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ആനുപാതികമായി ലഭിക്കേണ്ട സബ്‌സിഡിയേക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ മിണ്ടുന്നില്ല.

ഇപ്പോഴത്തെ വില വച്ച് 150 രൂപ വരെ സബ്‌സിഡി ലഭിക്കേണ്ടതാണ്. അതേസമയം വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക വില അഞ്ചു രൂപ കുറച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്‍പതു മാസത്തിനിടെ പെട്രോള്‍, ഡീസല്‍ വില 21 രൂപയാണ് കൂട്ടിയത്.

ജനുവരിമുതല്‍ ഇന്നലെവരെ പെട്രോളിന് 7.64 രൂപയും ഡീസലിന് എട്ടുരൂപയും ഒരു ലിറ്ററില്‍ കൂട്ടിയിട്ടുണ്ട്. സംസ്ഥാനത്ത പെട്രോള്‍ വില ലിറ്ററിന് ശരാശരി 93 രൂപയിലേക്കും ഡീസല്‍ വില 88 രൂപയിലേക്കും എത്തിക്കഴിഞ്ഞു.

കൊച്ചിയില്‍ പെട്രോള്‍ വില 91.50 രൂപയും ഡീസലിന് 86 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ 93.50 ലേക്കും ഡീസല്‍ 87 ലേക്കും എത്തിയിട്ടുണ്ട്. ഇന്നലെ ഇന്ധനവിലയില്‍ മാറ്റമുണ്ടായില്ല. ഈ മാസം മൂന്നുദിവസം മാത്രമാണ് ഇന്ധനവില വര്‍ധിക്കാതിരുന്നത്.

kochi news
Advertisment