Advertisment

ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ബ്രിസ്‌ബേന്‍: ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് തോല്‍വിയോടെ തുടക്കം. ബ്രിസ്ബേനില്‍ നടന്ന ആദ്യ ടി20യില്‍ ഇന്ത്യ നാല് റണ്‍സിന്‍റെ പരാജയം വഴങ്ങി. 174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 17 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനേയായുള്ളൂ. ഓപ്പണര്‍ ശിഖര്‍ ധവാന്‍ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി(76) നേടി. മധ്യനിരയില്‍ കാര്‍ത്തികും പന്തും പൊരുതിയ നോക്കിയെങ്കിലും വിജയിപ്പിക്കാനായില്ല. ഓസ്‌‌ട്രേലിയക്കായി സാംബയും സ്റ്റോയിനിസും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ഓപ്പണര്‍മാര്‍ നല്‍കിയത്. ബെഹാന്‍ഡ്രോഫ് എറിഞ്ഞ ആദ്യ ഓവറില്‍ ധവാനും രോഹിതും 11 റണ്‍സ് അടിച്ചുകൂട്ടി. ആദ്യ നാല് ഓവറില്‍ ഇന്ത്യക്ക് 35 റണ്‍സ്. എന്നാല്‍ ബെഹാന്‍ഡ്രോഫിന്‍റെ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ ഫിഞ്ച് പിടിച്ച് രോഹിത്(7) പുറത്തായി. എന്നാല്‍ ധവാന്‍ വെടിക്കെട്ട് തുടര്‍ന്നപ്പോള്‍ രാഹുലും ഫോമിലേക്കെന്ന് തോന്നിച്ചു. എട്ടാം ഓവറില്‍ 17 റണ്‍സടിച്ച് ധവാന്‍ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. അടുത്ത ഓവറില്‍ സാംബ എത്തിയതോടെ രാഹുല്‍(13) വീണു.

നാലാമനായെത്തിയ കോലിക്കും പിടിച്ചുനില്‍ക്കാനായില്ല. 11-ാം ഓവറില്‍ സാംബയുടെ അവസാന പന്തില്‍ കോലി പുറത്ത്. സമ്പാദ്യം എട്ട് പന്തില്‍ നാല് റണ്‍സ്. എന്നാല്‍ അര്‍ദ്ധ സെഞ്ചുറി പിന്നിട്ടിട്ടും ധവാന്‍ മിന്നല്‍ ബാറ്റിംഗ് തുടര്‍ന്നു. ഇതിനിടെ രണ്ട് ക്യാച്ചുകള്‍ ഓസീസ് ഫീല്‍ഡര്‍മാര്‍ നിലത്തിട്ടത് ധവാന് തുണയായി. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ സ്റ്റാന്‍ലേക്കിന്‍റെ പന്തില്‍ ബെഹാന്‍ഡ്രോഫ് പിടിച്ച് ധവാന്‍ മടങ്ങി(42 പന്തില്‍ 76 റണ്‍സ്). ഇതോടെ അവസാന അഞ്ച് ഓവറില്‍ വിജയലക്ഷ്യം 65 റണ്‍സായി.

ദിനേശ് കാര്‍ത്തിക്കും റിഷഭ് പന്ത് അടിതുടങ്ങിയെങ്കിലും അവസാന മൂന്ന് ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ 35 റണ്‍സ് വേണമെന്നായി. സ്റ്റോയിനിസ് എറിഞ്ഞ 15-ാം ഓവറില്‍ ഇരുവരും 11 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ടൈ എറിഞ്ഞ 16-ാം ഓവറിലെ മൂന്നാം പന്തില്‍ അലക്ഷ്യ ഷോട്ട് കളിച്ച് പന്ത് മടങ്ങി. പന്തിന്‍റെ അക്കൗണ്ടില്‍ 15 പന്തില്‍ 20 റണ്‍സ്. 17-ാം ഓവറില്‍ ജയിക്കാന്‍ ഇന്ത്യക്ക് വേണ്ടത് 13 റണ്‍സായിരുന്നു. സ്റ്റോയിനിസിന്‍റെ മൂന്നാം പന്തില്‍ ക്രുണാല്‍(2) മാക്സ്‌വെല്ലിന്‍റെ പറക്കും ക്യാച്ചില്‍ പുറത്തായി. അടുത്ത പന്തില്‍ കാര്‍ത്തികും(13 പന്തില്‍ 30) വീണു. അടുത്ത രണ്ട് പന്തുകള്‍ ജയിക്കാന്‍ ഇന്ത്യക്ക് മതിയായിരുന്നില്ല.

നേരത്തെ പതിഞ്ഞ തുടക്കത്തിനുശേഷം ആഞ്ഞടിച്ച ഓസീസിന് ഇന്ത്യക്കെതിരാ ട്വന്റി-20 പരമ്പരയിലെ ആദ്യ കളിയില്‍ മികച്ച സ്കോര്‍ കണ്ടെത്തുകയായിരുന്നു‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഇടക്ക് പെയ്ത മഴ മൂലം 17 ഓവറാക്കി ചുരുക്കിയ കളിയില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തപ്പോള്‍ ഡക്‌വെര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ ലക്ഷ്യം 17 ഓവറില്‍ 174 റണ്‍സായി പുനര്‍നിര്‍ണയിക്കുപ്പെട്ടു.

ക്രിസ് ലിന്നും ഗ്ലെന്‍ മാക്സ്‌വെല്ലും സ്റ്റോയിനസും ചേര്‍ന്നാണ് ഓസീസിന് മികച്ച സ്കോര്‍ ഉറപ്പാക്കിയത്. 24 പന്തില്‍ 46 റണ്‍സെടുത്ത മാക്സ്‌വെല്ലാണ് ഓസിസിന്റെ ടോപ് സ്കോറര്‍. ക്രിസ് ലിന്‍ 20 പന്തില്‍ 37 റണ്‍സെടുത്തപ്പോള്‍ സ്റ്റോയിനസ് 19 പന്തില്‍ 33 റണ്‍സുമായി പുറത്താകാതെ നിന്നു. തുടക്കത്തിലെ ഡാര്‍സി ഷോര്‍ട്ടിനെ(7) ഖലീല്‍ അഹമ്മദ് വീഴ്ത്തിയെങ്കിലും ആരോണ്‍ ഫിഞ്ചും(27) ലിന്നും ചേര്‍ന്ന് ഓസീസിന് വമ്പന്‍ സ്കോറിനുള്ള അടിത്തറയിട്ടു. ഫിഞ്ചിനെ കുല്‍ദീപ് യാദവ് പുറത്താക്കിയശേഷമായിരുന്നു മാക്സ്‌വെല്ലിന്റെ വെടിക്കെട്ട്.

16.1 ഓവര്‍ കഴിഞ്ഞപ്പോള്‍ മഴ പെയ്തതിനാല്‍ മത്സരം നിര്‍ത്തി. പിന്നീട് മത്സരം 17 ഓവര്‍ വീതമാക്കി ചുരുക്കുകയായിരുന്നു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലോവറില്‍ 24 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തപ്പോള്‍ ജസ്പ്രീത് ബൂമ്ര മൂന്നോവറില്‍ 21 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. നാലോവറില്‍ 55 റണ്‍സ് വഴങ്ങി ക്രുനാല്‍ പണ്ഡ്യയാണ് ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത്. ഖലീല്‍ അഹമ്മദ് മൂന്നോവറില്‍ 42 റണ്‍സ് വഴങ്ങി.

 

Advertisment