Advertisment

പ്രവാസികളുടെ എണ്ണം കുറയ്ക്കുന്ന നടപടികളുമായി കുവൈറ്റ്; കാര്യങ്ങള്‍ ശ്രദ്ധയോടെ വീക്ഷിച്ച് കേന്ദ്രസര്‍ക്കാരും; വിഷയത്തെ സംബന്ധിച്ച് ചര്‍ച്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് സിറ്റി: രാജ്യത്തെ ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള കുവൈറ്റ് സര്‍ക്കാരിന്റെ നീക്കങ്ങള്‍ ശ്രദ്ധയോടെ വീക്ഷിച്ച് ഇന്ത്യയും. എട്ടു ലക്ഷത്തോളം ഇന്ത്യക്കാരായ പ്രവാസികളെ ബാധിക്കുന്ന തീരുമാനങ്ങളുമായാണ് കുവൈറ്റ് മുന്നോട്ടുപോകുന്നത്.

Advertisment

publive-image

അടുത്തിടെ നടന്ന ഫോണ്‍ സംഭാഷണത്തിനിടയില്‍ ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവയെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

'ആഴത്തില്‍ വേരൂന്നിയ മികച്ച ഉഭയകക്ഷി ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ പോലെ കുവൈറ്റിലെ ഇന്ത്യന്‍ സമൂഹവും വിലമതിക്കപ്പെട്ടവരാണ്. അവരുടെ സംഭാവനകള്‍ അംഗീകരിക്കപ്പെട്ടതുമാണ്'-അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. തങ്ങള്‍ ഇന്ത്യയുടെ ഉത്കണ്ഠകള്‍ പങ്കുവച്ചതായും കുവൈറ്റ് ഇത് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നിലവിലെ പദ്ധതിയനുസരിച്ചുള്ള ബില്‍ കുവൈറ്റ് പാര്‍ലമെന്റ് പാസാക്കിയാല്‍ എട്ടു ലക്ഷം ഇന്ത്യക്കാര്‍ കുവൈറ്റ് വിടേണ്ടി വരും. ഓരോ രാജ്യങ്ങള്‍ക്കുമായി 'ക്വാട്ട' സമ്പ്രദായം ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവും കുവൈറ്റ് എംപിമാര്‍ മുന്നോട്ടുവച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള കരട് നിയമം ഭരണഘടനാപരമാണെന്ന് കുവൈറ്റ് നാഷണല്‍ അസംബ്ലിയുടെ ലീഗല്‍ ആന്‍ഡ് ലെജിസ്ലേറ്റീവ് കമ്മിറ്റി ചൂണ്ടിക്കാട്ടിയതായി കുവൈറ്റ് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

43 ലക്ഷത്തോളം ജനസംഖ്യയുള്ള കുവൈറ്റില്‍ ഏകദേശം 10 ലക്ഷം പേരും ഇന്ത്യക്കാരാണെന്നാണ് കണക്കുകള്‍. 13 ലക്ഷം മാത്രമാണ് സ്വദേശികളെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ കണക്കനുസരിച്ച് വിവിധ മേഖലകളിലായി 28000 ഇന്ത്യക്കാര്‍ കുവൈറ്റിലെ സര്‍ക്കാര്‍ മേഖലയിലും 523000 ഇന്ത്യക്കാര്‍ സ്വകാര്യമേഖലയിലും ജോലി ചെയ്യുന്നുണ്ട്. 23 ഇന്ത്യന്‍ സ്‌കൂളുകളില്‍ പഠിക്കുന്ന 60,000 കുട്ടികളടക്കം 116000 പേര്‍ ആശ്രിത വിസയില്‍ ഉണ്ടെന്നും എംബസി പറയുന്നു.

Advertisment