Advertisment

ഇന്ത്യയിൽ മുപ്പതുലക്ഷത്തിലധികം കോവിഡ് മരണങ്ങൾ നടന്നിട്ടുണ്ടെന്ന് പുതിയ പഠന റിപ്പോർട്ട്

New Update

publive-image

Advertisment

കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം അമേരിക്കയിൽ ആറ് ലക്ഷം കടന്നു. ലോകത്തേറ്റവും കൂടുതൽ മരണം അമേരിക്കയിൽ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ടാം സ്ഥാനം ബ്രസീലിനും മൂന്നാം സ്ഥാനം ഇന്ത്യക്കും. ഇതാണ് ഔദ്യോഗിക കണക്ക്.

എന്നാൽ കോറോണ വൈറസ് ബാധിച്ച് യഥാർത്ഥത്തിൽ ഇന്ത്യയിൽ മുപ്പതുലക്ഷത്തിലധികം മരണങ്ങൾ നടന്നിട്ടുണ്ടെന്ന് പുതിയ പഠനത്തിൽ പറയുന്നു. അതായത്, റിപ്പോർട്ട് ചെയ്യപ്പെട്ടതിനേക്കാൾ പത്തിരട്ടിയാണ് യഥാർത്ഥ മരണനിരക്ക്. വാഷിംഗ്ടൺ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ ആഗോള വികസന കേന്ദ്രമാണ് പഠനത്തിന് പിന്നിൽ.

ഇന്ത്യ ഇതുവരെ നേരിട്ട ഏറ്റവും വലിയ ദുരന്തമെന്നാണ് ഈ പഠനറിപ്പോർട്ട് തയ്യാറാക്കിയവരിൽ ഒരാളായ അരവിന്ദ് സുബ്രമണ്യൻ അഭിപ്രായപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അദ്ദേഹം, ബ്രൗൺ യൂണിവേഴ്സിറ്റിയിലെ സീനിയർ ഫെലോയാണ്.

ജനുവരി 2020 നും ജൂൺ 2021 നും ഇടയിൽ ഇന്ത്യയിൽ 3.4 മില്യൺ മുതൽ 4.7 മില്യൺ ആളുകൾ കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ടെന്നാണ് ചൊവ്വാഴ്‌ച പുറത്തുവന്ന പഠനറിപ്പോർട്ടിൽ പറയുന്നത്. കോവിഡിന്റെ ആദ്യ തരംഗത്തിലും റിപ്പോർട്ട് ചെയ്തതിനേക്കാൾ കൂടുതൽ മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് നിഗമനം.

രണ്ടാം തരംഗത്തിൽ ഓക്‌സിജന്റെയും വാക്സിന്റെയും പരിമിതി മൂലം രാജ്യത്ത് നിരവധിപേർ മരിച്ചുവീണത് ലോകശ്രദ്ധയും രാജ്യങ്ങളിൽ നിന്നുള്ള സഹായവും നേടിയിരുന്നു.ചില ശ്‌മശാനങ്ങളിൽ മരിച്ചവരെ സംസ്കരിക്കുന്നതിനുപോലും കഴിയാത്തത്ര ഭീകരമായിരുന്നു നിരക്ക്.ഗംഗാനദിയിലൂടെ മൃതശരീരങ്ങൾ കൂട്ടമായി ഒഴുക്കിവിട്ടതടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കോവിഡിന്റെ യഥാർത്ഥ മരണനിരക്ക് സംബന്ധിച്ച് പലകുറി ചോദ്യം ഉയർന്നതാണ്.

ഭരണകൂടത്തിന്റെ മുഖം രക്ഷിക്കാൻ രാഷ്ട്രീയ രംഗത്തുള്ളവരും ആരോഗ്യപ്രവർത്തകരും ഒത്തുകളിക്കുമ്പോൾ കോവിഡ് മൂലം കുടുംബാംഗങ്ങൾ നഷ്ടപ്പെട്ടെന്ന് പറയാൻ വിമൂഖത കൊണ്ട് മറച്ചുവച്ച സാധാരണക്കാർ വരെ മരണത്തിന്റെ കണക്കിൽ പിഴവുണ്ടാകാൻ കാരണമായി.

ന്യൂയോർക്ക് ടൈംസ് ഡേറ്റാബേസ് പ്രകാരം, ഇന്ത്യയിൽ പ്രതിദിനം 40,000 കോവിഡ് കേസുകളും 500 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇതുവരെ രാജ്യത്തെ ജനസംഖ്യയുടെ 7 ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമേ പൂർണമായി വാക്സിനേഷൻ നൽകിയിട്ടുള്ളൂ.

ഇന്ത്യയ്ക്ക് സുരക്ഷ നൽകാൻ ഫലപ്രദമായ ആയുധമാണ് വാക്സിനേഷൻ എന്നും, ആളുകളിലേക്ക് പ്രതിരോധ കുത്തിവയ്പ്പ് എത്തിക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസമാണ് ഭീഷണി ഉയർത്തുന്നതെന്നും അരവിന്ദ് സുബ്രമണ്യൻ പറഞ്ഞു. ഓഗസ്റ്റ് ആദ്യവാരം മൂന്നാം തരംഗം ആരംഭിക്കുമെന്ന് മോഡി സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Advertisment