Advertisment

ചൈനാമതിൽ പൊളിച്ചില്ല, ചൈനക്കു മതിൽ കെട്ടി ഇന്ത്യൻ പട

New Update

Advertisment

അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ കരുത്തരായ ചൈനയെ സമനിലയിൽ തളച്ച് ഇന്ത്യ. ആദ്യ പകുതിയിൽ ചൈനയെ വിറപ്പിക്കാൻ ഇന്ത്യക്കു കഴിഞ്ഞെങ്കിലും രണ്ടാം പകുതിയിൽ ചൈനയുടെ മുന്നേറ്റങ്ങൾ കൊണ്ടു നിറഞ്ഞതായിരുന്നു മത്സരം. തകർപ്പൻ സേവുകളുമായി കളം നിറഞ്ഞ ഗോൾകീപ്പർ ഗുർപ്രീതാണ് ഇന്ത്യയുടെ ഹീറോ. അവസാന നിമിഷം ഫറുഖ് ചൗധരിക്കു ലഭിച്ച തുറന്ന അവസരം മുതലാക്കിയിരുന്നെങ്കിൽ വിജയം തന്നെ ഇന്ത്യക്കു സ്വന്തമാക്കാമായിരുന്നു.

ചൈനയുടെ മുന്നേറ്റങ്ങളുമായി തുടങ്ങിയ ആദ്യ മിനുട്ടുകളിൽ ഇന്ത്യ പൂർണമായും പ്രതിരോധത്തിലേക്കു വലിയുകയായിരുന്നു. എന്നാൽ മത്സരത്തിലെ ഏറ്റവും മികച്ച അവസരം ആദ്യം തുറന്നെടുത്തത് ഇന്ത്യയാണ്. പതിമൂന്നാം മിനുട്ടിൽ മികച്ചൊരു പാസിങ്ങ് ഗെയിമിലൂടെ മുന്നേറിയ ഇന്ത്യക്കു വേണ്ടി പ്രീതം കോട്ടാൽ ഉതിർത്ത ഷോട്ട് ചൈനീസ് ഗോളി തകർപ്പൻ സേവിലൂടെ വിഫലമാക്കുകയായിരുന്നു.

ആദ്യത്തെ ഗോളവസരം സൃഷ്ടിച്ചതിനു ശേഷം ഉണർന്നു കളിക്കുന്ന ഇന്ത്യയെയാണ് കണ്ടത്. പിന്നെയും രണ്ടു മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഛേത്രിയും ജെജെയും അതു നഷ്ടപ്പെടുത്തി. ഇതിനിടയിൽ ക്ലോസ് റേഞ്ചിൽ നിന്നുള്ള ചൈനയുടെ രണ്ടു ഷോട്ടുകൾ ഇന്ത്യൻ ഗോളി ഗുർപ്രീത് രക്ഷപ്പെടുത്തി.

ഒന്നാം പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയിൽ ചൈനയാണ് മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു കളിച്ചത്. തുടക്കം മുതൽ തന്നെ ഇന്ത്യൻ ഗോൾ മുഖം നിരന്തരം അവർ ആക്രമിച്ചു കൊണ്ടിരുന്നു. ഗവോ ലിൻ, വൂ ലീ എന്നിവരുടെ ഷോട്ടുകൾ ക്രോസ് ബാറിലടിച്ചു പോയത് ഇന്ത്യക്ക് ആശ്വാസമായി.

എഴുപതാം മിനുട്ടിനു ശേഷം ഗുർപ്രിതിന്റെ ഇടപെടലാണ് ഇന്ത്യക്ക് തുണയായത്. അസാധ്യമായ അഞ്ചോളം സേവുകളാണ് രണ്ടാം പകുതിയിൽ മാത്രം താരം നടത്തിയത്. അവസാന മിനുട്ടിൽ ഫറൂഖ് ചൗധരിക്കു ലഭിച്ച സുവർണാവസരം താരം തുലച്ചതോടെ മത്സരം സമനിലയിലാവുകയായിരുന്നു.

Advertisment