Advertisment

ഏഷ്യന്‍ കപ്പ്: ബഹ്‌റൈനോട് തോറ്റ് ഇന്ത്യ പുറത്ത്, വിനയായി പെനാല്‍റ്റി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

അബുദാബി: ഏഷ്യന്‍ കപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്. നിര്‍ണായക മത്സരത്തില്‍ ബഹ്‌റൈനോടേറ്റ തോല്‍വിയാണ് ഇന്ത്യക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയത്. മത്സരത്തിന്റെ അവസാന നിമിഷത്തില്‍ വഴങ്ങിയ പെനാല്‍റ്റി ഇന്ത്യക്ക് വിനയായി. മത്സരം 1-0ന് ബഹ്‌റൈന്‍ വിജയിക്കുകയായിരുന്നു. ഇതോടെ ഗ്രൂപ്പില്‍ ഒരു ജയവും രണ്ട് തോല്‍വിയുമായി മൂന്ന് പോയിന്റോടെ അവസാന സ്ഥാനത്താണ് ഇന്ത്യ. ഗ്രൂപ്പിലെ യുഎഇ- തായ്‌ലന്‍ഡ് മത്സരം 1-1 സമനിലയില്‍ അവസാനിച്ചു.

90ാം മിനിറ്റില്‍ ക്യാപ്റ്റന്‍ പ്രണോയ് ഹാള്‍ഡര്‍ ബോക്‌സില്‍ വരുത്തിയ ഫൗളാണ് പെനാല്‍റ്റിക്ക് വഴിവച്ചത്. കിക്കെടുത്ത ജമാല്‍ റഷേദിന് പിഴച്ചില്ല. ഏഷ്യന്‍ കപ്പ് പ്രീ ക്വാര്‍ട്ടറിന്റെ അരികത്ത് നിന്ന് ഇന്ത്യ പുറത്ത്. ബഹ്‌റൈന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. സയേദ് ദിയയുടെ ഷോട്ട് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് തട്ടിയകറ്റി. 17ാം മിനിറ്റില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ആദ്യ ശ്രമമുണ്ടായി. പ്രിതം കോട്ടാലിന്റെ ഒരു ക്രോസില്‍ ആഷിഖ് കുരുണിയന്‍ തലവച്ചെങ്കിലും ഗോള്‍ കീപ്പര്‍ അനായാസം കൈയിലൊതുക്കി. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം ഹാളിചരണിന്റെ ഷോട്ട് ബഹ്‌റൈന്‍ പ്രതിരോധതാരം രക്ഷപ്പെടുത്തി.

രണ്ടാം പാതിയിലും കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമായില്ല. ബഹ്‌റൈന്‍ ആവട്ടെ മികച്ച ഫുട്‌ബോള്‍ പുറത്തെടുക്കുകയും ചെയ്തു. ബാറിന് കിഴീല്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീതിന് പിടിപ്പത് പണിയുണ്ടായിരുന്നു. ഇന്ത്യ കൂടുതല്‍ ഗോളുകളില്‍ നിന്ന് രക്ഷിച്ച് നിര്‍ത്തിയതും ഗുര്‍പ്രീത് തന്നെ. ആദ്യ മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ വിജയവുമായി മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. എന്നാല്‍ തുടര്‍ച്ചയായി വഴങ്ങിയ തോല്‍വികള്‍ പുറത്തേക്കുള്ള വഴി തെളിയിച്ചു.

Advertisment