Advertisment

വാക്‌സിന്‍ കണ്ടുപിടിച്ചില്ലെങ്കില്‍ 2021 ഫെബ്രുവരിയോടെ ഇന്ത്യയില്‍ പ്രതിദിനം 2.87 ലക്ഷം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യും; കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന രാജ്യമായി ഇന്ത്യ മാറും; പഠന റിപ്പോര്‍ട്ട് ഇങ്ങനെ

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

വാക്‌സിന്‍ കണ്ടുപിടിക്കാനായില്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യത്തോടെ കൊവിഡ് വ്യാപനത്തിന്റെ അതീവ ഗുരുതരമായ സാഹചര്യത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചേക്കാമെന്ന് പഠന റിപ്പോര്‍ട്ട്. 84 രാജ്യങ്ങളിലെ കൊവിഡ് വ്യാപനവും പരിശോധനയും മറ്റു വിവരങ്ങളും ആസ്പദമാക്കി മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) യാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2021 ഫെബ്രുവരിയോടെ ഇന്ത്യയില്‍ പ്രതിദിനം 2.87 ലക്ഷം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഗവേഷകരായ ഹാഷിര്‍ റഹ്മന്ദദ്, ടിവൈ ലിം, ജോണ്‍ സ്‌റ്റെര്‍മാന്‍ എന്നിവരാണ് പഠനം നടത്തിയത്. എസ്ഇഐആര്‍ (സസെപ്റ്റിബിള്‍, എക്‌സ്‌പോസ്ഡ്, ഇന്‍ഫെക്ഷ്യസ്, റിക്കവേഡ്) മോഡല്‍ ഉപയോഗിച്ചാണ് ഇവര്‍ പഠനം നടത്തിയത്. 2021 മാര്‍ച്ച്-മേയ് മാസത്തോടെ ലോകത്ത് 20 കോടി മുതല്‍ 60 കോടി വരെ കൊവിഡ് കേസുകളുണ്ടാകാമെന്നും ഇവര്‍ പ്രവചിക്കുന്നു.

ഫെബ്രുവരിയോടെ കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിക്കുന്ന രാജ്യമായി ഇന്ത്യ മാറുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അമേരിക്ക (പ്രതിദിനം 95000 കേസുകള്‍), ദക്ഷിണാഫ്രിക്ക (പ്രതിദിനം 21000 കേസുകള്‍), ഇറാന്‍ (പ്രതിദിനം 17000 കേസുകള്‍) എന്നീ രാജ്യങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമാകും.

പരിശോധനാ നിരക്ക്, രാജ്യത്തെ ജനസംഖ്യ, സമ്പര്‍ക്കനിരക്ക് തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കൊവിഡ് പരിശോധന വര്‍ധിപ്പിക്കണമെന്നും പരിശോധനയില്‍ തടസമുണ്ടായാല്‍ കൊവിഡ് വ്യാപനം രൂക്ഷമാകുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

Advertisment