മഴ ജയിച്ചു , ഇന്ത്യന്യൂസീലന്‍ഡ് കളി നാളത്തേയക്ക് മാറ്റി

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Tuesday, July 9, 2019

മാഞ്ചസ്റ്റര്‍:  ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ സെമിയില്‍ ഒടുവില്‍ മഴ തന്നെ ജയിച്ചു , ഇന്ത്യന്യൂസീലന്‍ഡ് കളി നാളത്തേയക്ക് മാറ്റി.
ഓവറുകള്‍ വെട്ടിച്ചുരുക്കിയിട്ടാണെങ്കിലും മല്‍സരം ഇന്നു തന്നെ തീര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് മഴ തടസ്സമായതോടെയാണ് മല്‍സരം റിസര്‍വ് ദിനത്തിലേക്കു നീട്ടിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് 46.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്തു നില്‍ക്കെയാണ് മല്‍സരം മഴ തടസ്സപ്പെടുത്തിയത്.

പിന്നീട് പെയ്തും തോര്‍ന്നും നിന്ന മഴ മല്‍സരം പുനഃരാരംഭിക്കാനുള്ള ശ്രമങ്ങള്‍ക്കു തടസ്സമായതോടെ മല്‍സരത്തിന്റെ ബാക്കി റിസര്‍വ് ദിനത്തിലേക്കു മാറ്റാന്‍ അംപയര്‍മാര്‍ തീരുമാനിച്ചത്.ഓവറുകള്‍ വെട്ടിച്ചുരുക്കിയാലും മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് ഏറ്റവും കുറഞ്ഞത് 20 ഓവറെങ്കിലും കളിക്കാനുള്ള സമയമുണ്ടെങ്കിലേ റിസര്‍വ് ദിനത്തിലേക്കു നീട്ടാതെ കളി പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നുള്ളൂ. തുടര്‍ച്ചയായി മഴ പെയ്തതോടെ ഈ സാധ്യതയും അടഞ്ഞു. ഇതോടെ, ന്യൂസീലന്‍ഡ് ഇന്നിങ്‌സില്‍ ശേഷിക്കുന്ന 23 പന്തുകള്‍ റിസര്‍വ് ദിനമായ ബുധനാഴ്ചയാകും പൂര്‍ത്തിയാക്കുക.

ഇതിനു ശേഷ0 ഇന്ത്യ മറുപടി ബാറ്റിങ്ങിന് ഇറങ്ങുക. മല്‍സരം മഴ മുടക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്ന റോസ് ടെയ്‌ലര്‍ (67), ടോം ലാഥം (മൂന്ന്) എന്നിവരാകും ബുധനാഴ്ച ന്യൂസീലന്‍ഡ് ഇന്നിങ്‌സ് പുനഃരാരംഭിക്കുക. ഇന്ത്യയ്ക്കായി 47ാം ഓവറിനു തുടക്കമിട്ട ഭുവനേശ്വര്‍ കുമാര്‍, ഇതേ ഓവറിലെ രണ്ടാം പന്തെറിഞ്ഞ് റിസര്‍വ് ദിനത്തിലെ മല്‍സരത്തിനു തുടക്കമിടും.

ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (14 പന്തില്‍ ഒന്ന്), ഹെന്റി നിക്കോള്‍സ് (51 പന്തില്‍ 28), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ (95 പന്തില്‍ 67), ജിമ്മി നീഷം (18 പന്തില്‍ 12), കോളിന്‍ ഗ്രാന്‍ഡ്‌ഹോം (10 പന്തില്‍ 16) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസീലന്‍ഡിന് ഇതുവരെ നഷ്ടമായത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചെഹല്‍, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടോസ് നേടിയ കിവീസ് നായകന്‍ കെയ്ന്‍ വില്യംസന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യന്‍ ടീമില്‍ ഒരേയൊരു മാറ്റമാണുള്ളത്. സ്പിന്‍ വിഭാഗത്തില്‍ കുല്‍ദീപ് യാദവിനു പകരം യുസ്വേന്ദ്ര ചെഹല്‍ തിരിച്ചെത്തി. ഇതോടെ രവീന്ദ്ര ജഡേജ ടീമില്‍ തുടരും. പേസ് വിഭാഗത്തില്‍ മുഹമ്മദ് ഷമി പുറത്തിരിക്കുമ്പോള്‍ ജസ്പ്രീത് ബുമ്രയ്‌ക്കൊപ്പം ഭുവനേശ്വര്‍ കുമാര്‍ ബോളിങ് ആക്രമണം നയിക്കും. ന്യൂസീലന്‍ഡ് ടീമില്‍ ഒരു മാറ്റമേയുള്ളൂ. ടിം സൗത്തിക്കു പകരം ലോക്കി ഫെര്‍ഗൂസന്‍ മടങ്ങിയെത്തി. റിസര്‍വ് ദിനത്തിലും ദിനമായ ബുധനാഴ്ചയും മല്‍സരം പൂര്‍ത്തിയാക്കാനാകാത്ത സ്ഥിതി വന്നാല്‍ ഇന്ത്യ ഫൈനലിലേക്കു മുന്നേറും.

റൗണ്ട് റോബിന്‍ ഘട്ടത്തില്‍ ഗ്രൂപ്പു ചാംപ്യന്‍മാരായതിന്റെ ആനുകൂല്യത്തിലാണിത്. റൗണ്ട് റോബിന്‍ ഘട്ടത്തില്‍ ഒന്‍പതു മല്‍സരങ്ങളില്‍നിന്ന് 15 പോയിന്റുമായാണ് ഇന്ത്യ ഒന്നാമതെത്തിയത്. ന്യൂസീലന്‍ഡാകട്ടെ, ഒന്‍പതു മല്‍സരങ്ങളില്‍നിന്ന് 11 പോയിന്റുമായി നാലാം സ്ഥാനത്താണ്.

×