നാം അധ്വാനിച്ച പണം നമ്മുടെ വീട്ടുകാര്യങ്ങൾക്ക് ചിലവാക്കാൻ ബാങ്കുകള്‍ക്ക് മുന്നിൽ ക്യു നിന്നവരാണ് നമ്മൾ. സ്വന്തം അടുക്കളയിൽ പാചകം  ചെയ്യാൻ സ്വാതന്ത്ര്യം നഷ്ടമായവരാണ് നമ്മൾ. ഇനി ഒരു മുസാഫറിനെയല്ല, പപ്പുമോനെപ്പോലൊരാളെയാണ് ഇന്ത്യക്കു വേണ്ടത്. ഇത് ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തമ്മിലുള്ള മത്സരം !!

ദാസനും വിജയനും
Saturday, January 12, 2019

ഒരിക്കൽ മലയാളത്തിന്റെ മഹാനടൻ പറയുകയുണ്ടായി ” ഈ ലോകത്ത് കഴിവുള്ള ഒരു വ്യക്തിയെ ഇല്ലാതാക്കണമെങ്കിൽ
മറ്റു വ്യക്തികൾ വിചാരിച്ചാലോ ഭരണകൂടങ്ങൾ വിചാരിച്ചാലോ ഒരു രാഷ്ട്രംതന്നെ വിചാരിച്ചാലോ നടക്കില്ല , എല്ലാം മുകളിലുള്ളവൻ തീരുമാനിക്കണം.

” ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തമ്മിലുള്ള കിടമത്സരത്തിൽ വിജയം ആർക്കാണ് എന്ന് തീരുമാനിക്കേണ്ടത് സാമാന്യ ബുദ്ധിയും വിശാല മനസ്കതയുമുള്ള ഇന്ത്യയിലെ നല്ലവരായ വോട്ടർമാരാണ് .

മൂത്തു പഴുക്കുന്നതും വാടി പഴുക്കുന്നതും തമ്മിലുള്ള അന്തരം മനസ്സിലാക്കേണ്ടതും നമ്മൾ തന്നെയാണ് . എപിജെ അബ്ദുൾ കലാമിനെപ്പോലെയോ , സച്ചിൻ തെണ്ടുൽക്കറെപ്പോലെയോ , സഖാവ് എകെജിയെപ്പോലെയോ ലീഡർ കരുണാകരനെപ്പോലെയോ എബി വാജ്പേയിയെപ്പോലെയോ അമിതാബ് ബച്ചനെപ്പോലെയോ രജനീകാന്തിനെപ്പോലെയോ ചുരുക്കം ചിലയാളുകൾ മാത്രമാണ് കഴിവുകളുടെ അടിസ്ഥാനത്തിൽ പത്രമാധ്യമ ചാനലുകളുടെ പിൻബലമില്ലാതെ പിആർ കമ്പനികളുടെ പിൻബലമില്ലാതെ ഉയരങ്ങളിൽ എത്തിയത്.

ബാക്കി ഒട്ടുമിക്കവരും  റെക്കമെൻഡേഷനുകളായും മേലെ നിന്ന് കെട്ടിയിറക്കിയും പണമെറിഞ്ഞും ഉണ്ടാക്കിയെടുത്ത സാമ്രാജ്യങ്ങളിൽ വിലസുന്നവരാണ് .

തറവാടിത്തം , അച്ഛന്റെ മഹിമ അല്ലെങ്കിൽ അമ്മയുടെ മഹിമ എന്നൊക്കെ പറയുന്നത് അക്ഷരാർത്ഥത്തിൽ നാമെല്ലാം ഉൾക്കൊള്ളേണ്ട ചില വസ്തുതകളാണ് . അല്ലാതെ റോഡിലൂടെ പോയവനും  ചായ ഗ്ളാസ് കഴുകിയവനും തറവാടിത്തം എന്നൊന്ന് ഇല്ലെങ്കിൽ യാതൊരു പ്രയോജനവുമില്ല . ലോകത്തെവിടെയും അധികാരത്തിൽ എത്തുന്നവരുടെ ചരിത്രം നോക്കിയാൽ മനസ്സിലാക്കാവുന്ന സത്യങ്ങളാണിവ  .

ലോകം ഭരിച്ചിരുന്ന യൂറോപ്പ്യൻ രാജ്യങ്ങൾ, ഇറ്റലി, പോർട്ടുഗൽ, ഗ്രീസ്, സ്‌പെയിൻ, അയർലൻഡ് ഇവിടെയൊക്കെ തോന്ന്യാസികൾ അധികാരത്തിൽ വന്നതിൽപ്പിന്നെ ആ രാജ്യങ്ങൾ വരെ ഇപ്പോൾ മറ്റുള്ളവർക്ക് തീറെഴുതി കൊടുക്കുന്ന അവസ്ഥയിലേക്ക് കൊണ്ട് ചെന്നെത്തിച്ചിരിക്കുകയാണ് . ജനങ്ങൾ ഒന്നടങ്കം ശപിക്കുന്ന നേതാക്കന്മാർ, സിറിയയിലും യെമെനിലും, ലിബിയയിലും, ഈജിപ്തിലും ഒക്കെ നാം കണ്ടു, ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു .

നാം അധ്വാനിച്ച പണം നമ്മുടെ വീട്ടുകാര്യങ്ങൾക്ക് ചിലവാക്കുവാൻ ബാങ്കുകളുടെ എടിഎമ്മിന്റെ മുന്നിൽ മണിക്കൂറ്‍ കണക്കിന് ക്യു നിന്നവരാണ് നമ്മൾ . സ്വന്തം പണം ബാങ്കിൽ നിക്ഷേപിക്കുവാൻ ബാങ്കുകാർക്ക് ഫീസ് കൊടുക്കുന്നവരാണ് നമ്മൾ , സ്വന്തം അടുക്കളയിൽ ഭക്ഷണം പാചകം  ചെയ്യാൻ വരെ സ്വാതന്ത്ര്യം ഇല്ലാതെ കൈകൾ വെട്ടിനുറുക്കപ്പെട്ടവരാണ് നമ്മൾ .

വിമർശിക്കുന്നവരെ ജയിലിൽ അടക്കുന്ന , പ്രതികരിക്കുന്നവരുടെ കണ്ണുകൾ കുത്തിപ്പൊട്ടിക്കുന്ന, അവരുടെ തലച്ചോറിൽ മരുന്നുകൾ കുത്തിവെക്കുന്ന ഈ കാടൻ ഭരണകർത്താക്കൾക്ക് മുന്നിൽ നാമെല്ലാം അകപ്പെട്ടിരിക്കുകയാണ് . വളരെയേറെ പ്രതീക്ഷകളോടെയാണ് ജനം ഇവരെയൊക്കെ അധികാരത്തിൽ കയറ്റി ഇരുത്തിയത് . പക്ഷെ ഒരൊറ്റയെണ്ണത്തിനും സഹിഷ്ണുത, ക്ഷമ, വിനയം എന്നൊന്നില്ല .

എല്ലാവരും അമ്മായിയമ്മമാരെപ്പോലെയാണ് പെരുമാറുന്നത്. ചിലപ്പോൾ പ്രതീക്ഷിച്ചതിനേക്കാൾ ദുഷ്കരമായി ഭരണചക്രം തിരിയുന്നതുകൊണ്ടാകാം . ചിലപ്പോൾ ആർത്തി മൂത്തുള്ള ചിത്തഭ്രമം ആകാം . എന്തായാലും ഇങ്ങനെപോയാൽ ആഫ്രിക്കൻ രാജ്യങ്ങളെ പ്പോലെ തെരുവോരങ്ങളിൽ തമ്മിലടിച്ചുള്ള ചോരപ്പുഴകൾ നമ്മുടെ നാട്ടിലും എപ്പോൾ വേണേലും സംഭവിക്കാം .

ഇവിടെ  നമുക്കാവശ്യം വിവേകവും വിനയവും വിവരവുമുള്ള ഭരണകർത്താക്കളെയാണ്. അല്ലാതെ ആളെക്കൊന്നും കൊല്ലിച്ചും ശീലിച്ച
രക്തദാഹികളെയല്ല . അവർക്കിഷ്ടം എന്നും രക്തഗന്ധമാണ്.

ഇക്കളികൾ ഇനി എത്ര നാൾ. നല്ല പ്രസരിപ്പും ചുറുചുറുക്കും ആത്മാർത്ഥതയുമുള്ള ചെറുപ്പക്കാർ ഇന്നിപ്പോൾ രാഷ്ട്രീയ പാർട്ടികളുടെ തലപ്പത്തേക്ക്‌ കൈപിടിച്ചു കയറുമ്പോൾ അവർക്കുള്ള ഊർജ്ജവും ധൈര്യവും മറ്റു സഹായങ്ങളും ചെയ്ത് കൊടുക്കുവാൻ ഏവരും മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . അതിന്റെ തുടക്കമാവട്ടെ വെള്ളിയാഴ്ച ദുബായിൽ വെച്ച് നടന്ന മഹാസംഭവം .

പപ്പുമോൻ വല്ലാതെയങ് മാറിയിയ്ക്കുന്നു. പപ്പുമോനെപ്പോലെ ഒരാളെയാണ് ഇന്ത്യക്കുവേണ്ടത് . അല്ലാതെ ഇരുപത്തിനാലു മണിക്കൂറിലും
വാചകമടിച്ചുള്ള ഊരുചുറ്റുന്ന ഒരു മുസാഫറിനെയല്ല നാടിനാവശ്യം .

2019 തിരഞ്ഞെടുപ്പ് ആസന്നമായി  . ഒറിജിനലും ഡ്യൂപ്പ്ലിക്കേറ്റും തമ്മിലുള്ള ഈ പോരാട്ടത്തിൽ നിങ്ങളുടെ വിലപ്പട്ട സമ്മതിദാനാവകാശം ഒറിജിനലിനായി തന്നെ ഉപയോഗപ്പെടുത്തുമെന്ന ഉറപ്പിന്മേൽ,

ഇരിങ്ങാലക്കുട ബോയ്സ് സ്‌കൂളിന്റെ മൈക്കുകളെ കാതോർത്തുകൊണ്ട് ദാസനും ഇവിഎം മെഷീൻ തുടച്ചു കൊണ്ട് വിജയണ്ണനും

×