Advertisment

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് കടലിലേക്ക്

New Update

publive-image

Advertisment

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് കടലിലേക്ക്. നാവികസേനയുടെ ഭാഗമാകുന്നതിന് മുന്നോടിയായുള്ള സമുദ്രപരീക്ഷണങ്ങള്‍ക്ക് ഇന്ന് തുടക്കമായി.അടുത്തവര്‍ഷം പകുതിയോടെ കപ്പല്‍ കമ്മിഷന്‍ ചെയ്യുകയാണ് ലക്ഷ്യം. രാജ്യത്തിന്റെ അഭിമാന നിമിഷങ്ങളെന്നാണ് നാവികസേന വിശേഷിപ്പിച്ചത്.

തദ്ദേശീയമായി നിര്‍മ്മിക്കാന്‍ ആധുനിക സാങ്കേതികവിദ്യയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെട്ടതായും നാവികസേന വ്യക്തമാക്കി. 40000 ടണാണ് ഐഎന്‍എസ് വിക്രാന്തിന്റെ ഭാരം. 1971ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിച്ച യുദ്ധ കപ്പലായ വിക്രാന്തിനോടുള്ള ആദരസൂചകമായി ഇതിന് അതേപേര് തന്നെ നല്‍കുകയായിരുന്നു.

രാജ്യത്ത് നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലാണിത്. സങ്കീര്‍ണമായിരുന്നു ഇതിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍. രൂപകല്‍പ്പനയും മറ്റു യുദ്ധക്കപ്പലുകളില്‍ നിന്ന് വിക്രാന്തിനെ വേറിട്ട് നിര്‍ത്തുന്നു. ആത്മനിര്‍ഭര്‍ ഭാരത്, മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്നതാണ് വിക്രാന്തിന്റെ വരവെന്ന് നാവികസേന വക്താവ് കമാന്‍ഡര്‍ വിവേക് മാഡ് വാള്‍ പറയുന്നു.

262 മീറ്റര്‍ നീളമുള്ള കപ്പലിന് 62 മീറ്റര്‍ വീതിയുണ്ട്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലാണ് ഇത് നിര്‍മ്മിച്ചത്. ഒരേ സമയം 30 വരെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററും വഹിക്കാന്‍ ശേഷിയുണ്ട്. ജൂണില്‍ പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് ഇതിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയിരുന്നു. മിഗ് 29 കെ യുദ്ധവിമാനങ്ങളാണ് ഇതില്‍ വിന്യസിക്കുക.

Advertisment