Advertisment

ലോകത്തിന്റെ ഫാർമസി ആയികൊണ്ടിരിക്കുന്ന ഇന്ത്യയും സൗദിയും തമ്മിൽ ആരോഗ്യ രംഗത്തുള്ള സഹകരണ സാധ്യതകൾ അടയാളപ്പെടുത്തി ജിദ്ദയിൽ നാഷണൽ ഡോക്ടേഴ്സ് ഡേ ആചരണം

New Update

publive-image

Advertisment

ജിദ്ദ: ജൂലൈ ഒന്ന് നാഷണൽ ഡോക്ടേഴ്‌സ് ഡേ (ദേശീയ ഭിഷഗ്വര ദിനം) ആയാണ് ഇന്ത്യ ആചരിക്കുന്നത്. മഹാമാരിയുടെ പ്രത്യേക പശ്ചാത്തലത്തിൽ മുമ്പൊന്നുമില്ലാത്ത പ്രസക്ത സന്ദേശങ്ങൾ കൂടി അടങ്ങിയിട്ടുള്ള ഈ വർഷത്തെ ഡോക്ടേഴ്‌സ് ഡേ സമുചിതമായി ജിദ്ദയിലും അരങ്ങേറി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെയും ഇന്ത്യ - സൗദി നയതന്ത്ര ബന്ധത്തിന്റെയും എഴുപത്തിയഞ്ചാം വാർഷികം അടയാളപ്പെടുത്തി കൊണ്ട് വിവിധ പ്രമേയങ്ങളോടെ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന പരിപാടികളുടെ ഭാഗമായി കൂടിയാണ് ഈ വർഷത്തെ നാഷണൽ ഡോക്ടേഴ്‌സ് ഡേ ജിദ്ദയിൽ അരങ്ങേറിയത്.

പരിപാടിയിൽ സംസാരിച്ച സൗദി പൗരന്മാരും ഇന്ത്യക്കാരുമായ പ്രൊഫഷണലുകൾ ആരോഗ്യ രംഗത്ത് ഇന്ത്യ - സൗദി സഹകരണത്തിനുള്ള വിശാലമായ സാധ്യതകൾ ചൂണ്ടിക്കാട്ടി. സൗദിയലെ ആരോഗ്യ രംഗത്തുള്ള ഇന്ത്യൻ വിദഗ്ദരുമായുള്ള ഇടപാടുകളും അനുഭവങ്ങളും വിവരിച്ച്‌ കൊണ്ട് സംസാരിച്ച സൗദി - ഇന്ത്യൻ ഹെൽത്ത് കെയർ ഫോറം (എസ് ഐ എഛ് എഫ്) ജിദ്ദാ ചാപ്റ്റർ പ്രസിഡന്റ് ഡോ. അഷ്‌റഫ് അബ്ദുൽഖയൂം ആമിർ ആരോഗ്യ രംഗത്ത് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സഹകരണത്തിന്റെ സാധ്യതകൾ വിവരിച്ചു.

കോവിഡിനെതിരെ യുദ്ധരംഗത്തുള്ള ഇന്ത്യയെ ലോകത്തിന്റെ ഫാർമസിയെന്ന് വിശേഷിപ്പിച്ച എസ് ഐ എഛ് എഫ് ജനറൽ സെക്രട്ടറി ഡോ. ഇഖ്ബാൽ മുസാനി ലോകത്തിനാവശ്യമുള്ള അമ്പത് ശതമാനത്തിലേറെ വാക്സിൻ ഇന്ത്യയാണ് ഉൽപാദിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി.

കഠിനാദ്ധ്വാനികളും കഴിവുറ്റവരും സേവന തല്പരരുമായ ഇന്ത്യൻ ആരോഗ്യ പ്രവർത്തകർക്ക് സൗദി അറേബ്യയിൽ വലിയ മതിപ്പും ആദരവുമാണ് ലഭിക്കുന്നതെന്ന് കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു. പകർച്ചവ്യാധിയെ അഭിമുഖീകരിച്ച് സാന്ത്വന സ്പർശത്തോടെ ലോകത്തെ പുണരുകയും ആശ്വാസം പകരുകയും ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് കോൺസൽ ജനറൽ നന്ദി വാക്കുകൾ അർപ്പിച്ചു.

publive-image

ജിദ്ദാ ഇന്ത്യൻ സമൂഹത്തിലെ തലയെടുപ്പുള്ള ഒരംഗവും ദശാബ്ദങ്ങളായി ജിദ്ദയിലെ പേരെടുത്ത ഭിഷഗ്വരനും പ്രവാസി ദിന അവാർഡ് ജേതാവുമായ എസ് ഐ എഛ് എഫ് വൈസ് പ്രസിഡണ്ട് ഡോ. എം എസ് കരീമുദ്ധീനെ നാഷണൽ ഡോക്‌ടേഴ്‌സ് ഡേ യോഗം അനുമോദിച്ചു. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ആരോഗ്യ രംഗത്തെ സഹകരണം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധേയമായ സംഭാവന നൽകിയതിനായിരുന്നു പ്രത്യേക അനുമോദനം. ഡോ. കരിമുദ്ദീനുമൊത്ത് പ്രവർത്തിച്ചതിന്റെ ഓർമകൾ ഹമീദ് മുത്തബഗ്ഗാനി ഹോസ്പിറ്റൽസ് ചെയർമാനും സി ഇ ഒയുമായ ഖാലിദ് മുത്തബഗ്ഗാനി സദസ്സുമായി പങ്കുവെച്ചു.

പശ്ചിമ ബംഗാളിലെ രണ്ടാമത്തെ മുഖ്യമന്ത്രിയും മഹാനായ ഇന്ത്യൻ ഭിഷഗ്വരനുമായ ഡോ. ബിധാൻ ചന്ദ്ര റോയിയുടെ ജന്മ - ചരമ ദിനത്തിൽ ഇന്ത്യ പ്രത്യേകമായി ആചരിക്കുന്ന നാഷണൽ ഡോക്റ്റർസ് ഡേ ഡോക്ടർമാർ സമൂഹത്തിന് നൽകുന്ന സേവനത്തിന് ആദരവ് പ്രകടിപ്പിച്ചു കൊണ്ടുള്ളതാണ്. മഹാമാരിയുടെ പശ്ചാത്തലത്തിൽ ഡോക്ടർമാരും ആരോഗ്യ രംഗത്തുള്ള മറ്റു വിദഗ്ധരും സമൂഹത്തിന് നൽകുന്ന സേവനം സവിശേഷമായി ആദരിച്ചു കൊണ്ടായിരുന്നു ഈ വർഷത്തെ ദേശീയ ഭിഷഗ്വര ദിനാചരണം.

Advertisment