Advertisment

സച്ചിൻ ടെൻഡുൽക്കറെ കരുതിയെങ്കിലും ഈ വിഷയത്തിൽ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണം; 2011 ഏകദിന ലോകകപ്പ് ഫൈനലിൽ ഒത്തുകളിയായിരുന്നുവെന്ന ആരോപണത്തില്‍ പ്രതികരണവുമായി അരവിന്ദ ഡിസില്‍വ

New Update

കൊളംബോ: 2011 ഏകദിന ലോകകപ്പ് ഫൈനലിൽ ഒത്തുകളിയായിരുന്നുവെന്ന ശ്രീലങ്കന്‍ മുന്‍ കായികമന്ത്രിയുടെ ആരോപണത്തില്‍ പ്രതികരണവുമായി മുന്‍ ശ്രീലങ്കന്‍ താരം അരവിന്ദ ഡിസില്‍വ. ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെ കരുതിയെങ്കിലും ഈ വിഷയത്തിൽ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനോടും, ഇന്ത്യ–ശ്രീലങ്ക ക്രിക്കറ്റ് ബോർഡുകളോടും ഡിസിൽവ ആവശ്യപ്പെട്ടു. 2011ലെ ഏകദിന ലോകകപ്പില്‍ ശ്രീലങ്കൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാനുമായിരുന്ന ഡിസിൽവ.

Advertisment

1996ലെ ഏകദിന ലോകകപ്പ് ജയം ഞങ്ങൾ ശ്രീലങ്കക്കാർ അമൂല്യമായി കരുതുന്നതുപോലെ സച്ചിൻ ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങളും ആരാധകരും ഹൃദയത്തോട് ചേർത്തുവയ്ക്കുന്നതാണ് 2011 ലോകകപ്പില്‍ ഇന്ത്യ നേടിയ ജയം. അതുകൊണ്ടുതന്നെ സച്ചിനെയും കോടിക്കണക്കിന് ആരാധകരെയും കരുതി ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരേണ്ടത് ഇന്ത്യൻ സർക്കാരിന്റെയും ബിസിസിഐയുടെയും കടമയാണ്– ഡിസിൽവ പറഞ്ഞു.

publive-image

കോവിഡ് വ്യാപനം നിമിത്തം സമ്പൂർണ ലോക്ഡൗൺ നിലവിലുണ്ടെങ്കിലും ഈ വിഷയത്തിൽ വ്യക്തത വരുത്താൻ ജീവൻ അപകടത്തിലാക്കിയാണെങ്കിലും ഇന്ത്യയിലേക്കു വരാനും ഏത് അന്വേഷണവുമായി സഹകരിക്കാനും സന്നദ്ധനാണെന്നും ഡിസിൽവ പറഞ്ഞു. ഇത്തരത്തിലുള്ള ഗുരുതരമായ ആരോപണങ്ങൾ ഉയരുമ്പോൾ, അത് കോടിക്കണക്കിന് ആളുകളെ ബാധിക്കുന്നുണ്ട്.

ഈ സംഭവത്തിൽ ശ്രീലങ്കൻ താരങ്ങള്‍ക്കും സെലക്ടർമാർക്കും ടീം മാനേജ്മെന്റിനും മാത്രമല്ല, അർഹമായ കിരീടം സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങൾക്കും ഉണ്ടാകുന്ന അസ്വസ്ഥത എത്രമാത്രമായിരിക്കും? ക്രിക്കറ്റിന്റെ നൻമയെക്കരുതി ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി വ്യക്തത വരുത്തണം’ – ഡിസിൽവ പറഞ്ഞു.

ഇന്ത്യ–ശ്രീലങ്ക ഫൈനലിനുള്ള ലങ്കൻ ടീമിൽ ഡിസില്‍വയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി നാലു മാറ്റങ്ങൾ വരുത്തിയത് ചർച്ചാവിഷയമായിരുന്നു. എന്നാല്‍ ടീമിനെ തിരഞ്ഞെടുക്കുന്നതിൽ ചട്ടപ്രകാരമുള്ള നടപടികളാണ് ഞങ്ങൾ കൈക്കൊണ്ടത്. ടീമിനെ തിരഞ്ഞെടുക്കുന്നത് സിലക്ടർമാർ ഒറ്റയ്ക്കല്ല. പരിശീലകൻ, ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ, ചില സമയത്തെങ്കിലും ടീമിലെ മുതിർന്ന താരങ്ങൾ, മാനേജർ, ബോർഡ് സെക്രട്ടറി തുടങ്ങിയവരെല്ലാം ടീം തിരഞ്ഞെടുപ്പിന് സന്നിഹിതരാണ്.

ഇതിൽ പ്രത്യേകം ക്ഷണിക്കപ്പെട്ട് എത്തുന്ന മുതിർന്ന താരങ്ങൾ ഒഴികെയുള്ളവർ ടീം തിരഞ്ഞെടുപ്പിനോട് യോജിച്ച് ഔദ്യോഗികമായി ഒപ്പിട്ടു നൽകാറുമുണ്ട്. അതുകൊണ്ടുതന്നെ ഒത്തുകളി ആരോപണങ്ങളെല്ലാം അടിസ്ഥാനമില്ലാത്തതാണ്. അദ്ദേഹത്തിന് എന്തെങ്കിലും പരാതിയുണ്ടെങ്കിൽത്തന്നെ ഐസിസിയുടെ അഴിമതി വിരുദ്ധ യൂണിറ്റിനെ സമീപിക്കാമല്ലോയെന്നും ഡിസിൽവ പറഞ്ഞു.

ഫൈനലിന് മുമ്പ് എയ്ഞ്ചലോ മാത്യൂസ് പരുക്കുമൂലം പുറത്തായതിനു പിന്നാലെയാണ് ടീം മാനേജ്മെന്റിന്റെ അനുമതിയോടെ സെലക്ഷന്‍ കമ്മിറ്റി ഫൈനലിനുള്ള ലങ്കയുടെ അന്തിമ ഇലവനില്‍ നാലു മാറ്റങ്ങൾ വരുത്തിയത്. ചമര സിൽവയ്ക്കു പകരം ചമര കപുഗദേര, അജാന്ത മെൻഡിസിനു പകരം സൂരജ് രൺദീവ്, രംഗണ ഹെറാത്തിനു പകരം നുവാൻ കുലശേഖര, മാത്യൂസിനു പകരം തിസാര പെരേര എന്നിവരെയാണ് കളത്തിലിറക്കിയത്.

2011ലെ ഏകദിന ലോകകപ്പ് ഫൈനല്‍ ഒത്തുകളിയായിരുന്നുവെന്ന മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗമേജിന്റെ ആരോപണത്തില്‍ ശ്രീലങ്കന്‍ കായിക മന്ത്രാലയം കഴിഞ്ഞ ദിവസം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കായികമന്ത്രി ഡള്ളാസ് അലാഹ്പെരുമ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഓരോ രണ്ടാഴ്ചയും അന്വേഷണ പുരോഗതി അറിയിക്കണമെന്നും മന്ത്രി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

2011ലെ ലോകകപ്പ് ഫൈനലില്‍ ശ്രീലങ്ക ഇന്ത്യയെ നേരിട്ടപ്പോള്‍ അലുത്ഗമേജ് ആയിരുന്നു ശ്രീലങ്കയുടെ കായിക മന്ത്രി. ലോകകപ്പ് ഫൈനലില്‍ ശ്രീലങ്ക ഇന്ത്യക്ക് മുന്നില്‍ മന:പൂര്‍വം തോറ്റുകൊടുക്കുകയായിരുന്നുവെന്നായിരുന്നു മഹിന്ദാനന്ദ അലുത്ഗമേജിന്റെ ആരോപണം. ശ്രീലങ്കന്‍ ടെലിവിഷന്‍ ചാനലിനോട് സംസാരിക്കവെയാണ് മഹിന്ദാനന്ദ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.

sports news cricket news sachin tendulkar
Advertisment