ഇന്ത്യക്ക് രണ്ടാം ജയം; ഓസീസിന് 36 റൺസിന്റെ തോല്‍വി

സ്പോര്‍ട്സ് ഡസ്ക്
Sunday, June 9, 2019

ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. കെന്നിംഗ്ടൺ ഓവലിൽ നടന്ന മത്സരത്തിൽ 36 റൺസിനാണ് ഇന്ത്യ ലോക ചാമ്പ്യന്മാരെ കെട്ടുകെട്ടിച്ചത്. 353 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 316 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. 69 റൺസെടുത്ത സ്റ്റീവൻ സ്മിത്താണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കു വേണ്ടി ഭുവനേശ്വരും ബുംറയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 2 വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചഹാലും വിക്കറ്റ് കോളത്തിൽ ഇടം പിടിച്ചു.

40-ാം ഓവര്‍ എറിയാനെത്തിയ ഭുവിയാണ് കളി മാറ്റിയത്. നാലാം പന്തില്‍ സ്‌മിത്ത്(69) എല്‍ബിയില്‍ കുടുങ്ങി. അവസാന പന്തില്‍ സ്റ്റോയിനിസ് അക്കൗണ്ട് തുറക്കാതെ ബൗള്‍ഡ്. ചാഹലിന്‍റെ തൊട്ടടുത്ത ഓവറിലെ നാലാം പന്തില്‍ മാക്‌സ്‌വെല്‍(28) ജഡേജയുടെ പറക്കും ക്യാച്ചിലും വീണു.

ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റിന് 352 റണ്‍സെടുത്തു. ബാറ്റെടുത്തവരെല്ലാം തിളങ്ങിയപ്പോള്‍ ധവാന്‍(117) കോലി(82), രോഹിത്(57), പാണ്ഡ്യ(48), ധോണി(27) എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ഓവലില്‍ കരുതലോടെ ഓപ്പണര്‍മാര്‍ തുടങ്ങി. രോഹിതിനെ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ കൈകളിലെത്തിച്ച് കോള്‍ട്ടര്‍ നൈലാണ് 127 റണ്‍സ് കൂട്ടുകെട്ട് പൊളിച്ചത്.

എന്നാല്‍ അടിതുടര്‍ന്ന ധവാന്‍ 95 പന്തില്‍ 17-ാം ഏകദിന സെഞ്ചുറിയിലെത്തി. 36-ാം ഓവറില്‍ ധവാനെ സ്റ്റാര്‍ക്ക് പുറത്താക്കി. പിന്നാലെ കോലിക്കൊപ്പം ഹാര്‍ദിക് വെടിക്കെട്ട്. 46-ാം ഓവറില്‍ പുറത്താകുമ്പോള്‍ 27 പന്തില്‍ 48 റണ്‍സെടുത്തിരുന്നു ഹാര്‍ദിക്. 14 പന്തില്‍ 27 റണ്‍സെടുത്ത ധോണിയും ലോകേഷ് രാഹുലും(മൂന്ന് പന്തില്‍ 11) ഇന്ത്യയെ 350 കടത്തുന്നതില്‍ നിര്‍ണായകമായി.

×