പാകിസ്താന്‍ വ്യോമപാത അടച്ചതിനെത്തുടര്‍ന്ന് നാല് മാസംകൊണ്ട് എയര്‍ ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നത് 430 കോടി രൂപയുടെ നഷ്ടം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, July 17, 2019

ന്യൂഡല്‍ഹി: ബലാക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാകിസ്താന്‍ വ്യോമപാത അടച്ചതിനെത്തുടര്‍ന്ന് നാല് മാസംകൊണ്ട് എയര്‍ ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നത് 430 കോടി രൂപയുടെ നഷ്ടം.

വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി രാജ്യസഭയെ അറിയിച്ചതാണ് ഇക്കാര്യം. വിമാന കമ്ബനികളുടെ പ്രവര്‍ത്തന ചെലവിന്റെ 40 ശതമാനവും ഇന്ധനം വാങ്ങുന്നതിനുള്ളതാണെന്ന് മന്ത്രി പറഞ്ഞു.

വ്യോമപാത അടച്ച പാകിസ്താന്റെ നടപടി എയര്‍ ഇന്ത്യയെ പ്രതികൂലമായി ബാധിച്ചു. വ്യോമപാത തുറന്ന നടപടി സ്വാഗതാര്‍ഹമാണ്. എയര്‍ഇന്ത്യയുടെ സ്വകാര്യ വത്കരണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണ്.

എന്നാല്‍, സ്വകാര്യവത്കരണത്തിന് മുമ്ബ് വിമാനക്കമ്ബനിയെ ലാഭത്തിലാക്കും. അടുത്ത വര്‍ഷംതന്നെ ലാഭമുണ്ടാക്കുമെന്നാണ്കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

വ്യോമപാത അടച്ച പാകിസ്താന്റെ നടപടിയെത്തുടര്‍ന്ന് രാജ്യത്തെ സ്വകാര്യ വിമാനക്കമ്ബനികള്‍ക്കും നഷ്ടം നേരിട്ടിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 12.41 ഓടെയാണ് എല്ലാ വിമാനക്കമ്ബനികള്‍ക്കും പാക് വ്യോമപാതയിലൂടെ പറക്കാന്‍ അവര്‍ അനുമതി നല്‍കിയത്.

വ്യോമപാത അടച്ചതിനാല്‍ വിമാനങ്ങള്‍ വഴിമാറി പോകേണ്ടി വരുന്നതുമൂലമുള്ള കനത്ത സാമ്ബത്തിക നഷ്ടം കണക്കിലെടുത്ത് എയര്‍ഇന്ത്യ യൂറോപ്പ്, അമേരിക്ക സര്‍വീസുകളില്‍ ചിലത് താത്കാലികമായി നിര്‍ത്തിവെക്കുകയും മറ്റുചിലത് വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു.

×