‘മെയ്ക്കപ്പ് അണിഞ്ഞിട്ടുണ്ട് എന്ന് കരുതി ഒരു സ്ത്രീ മൂല്യമില്ലാത്തവളാണെന്നോ ബുദ്ധിയില്ലെന്നോ അര്‍ഥമില്ല’ – ഐശ്വര്യ

ഫിലിം ഡസ്ക്
Wednesday, May 16, 2018

ഒരു സ്ത്രീ മെയ്ക്കപ്പ് അണിഞ്ഞിട്ടുണ്ട് എന്ന് കരുതി അവള്‍ക്ക് ബുദ്ധിയില്ലെന്നലല്ല അര്‍ഥമെന്ന് ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായ്. കാനിലെ ലിംഗ സമത്വത്തിനെതിരെ ഒരു കൂട്ടം കലാകാരികള്‍ നടത്തിയ പ്രതിഷേധത്തെക്കുറിച്ച് നല്‍കിയ  അഭിമുഖത്തിലാണ് താരം തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.

‘ഒരു സ്ത്രീ മെയ്ക്കപ്പ് അണിഞ്ഞിട്ടുണ്ട് എന്ന് കരുതി അവള്‍ക്ക് ബുദ്ധിയില്ലെന്നലല്ല അര്‍ഥം. അവര്‍ മൂല്യമില്ലാത്തവളാണ് എന്നല്ല. നിങ്ങള്‍ ദയാലുവല്ലെന്നോ ലോലയല്ലെന്നോ അല്ല അതിനര്‍ത്ഥം.

അതേ സമയം  നിങ്ങള്‍ മെയ്ക്കപ്പ് ധരിക്കാത്തവരാണെങ്കില്‍ നിങ്ങള്‍ നിര്‍വികാരയാണെന്നോ നിറം കുറഞ്ഞവളാണെന്നോ അര്‍ത്ഥമാക്കേണ്ടതില്ല. നിങ്ങള്‍ മെയ്ക്കപ്പ് അണിയാത്തത് കൊണ്ട് ബുദ്ധിമതിയാകണമെന്നില്ല, അല്ലെങ്കില്‍ തീര്‍ത്തും അരസികയാണെന്നോ ഗൗരവക്കാരിയാണെന്നോ അര്‍ത്ഥമാക്കുന്നില്ല.’ – ഐശ്വര്യ പറഞ്ഞു.

ഞങ്ങളെ എല്ലാവരെയും പ്രതിനിധീകരിച്ച്  സിനിമാ മേഖലയിലെ  ലിംഗ അസമത്വത്തിനെതിരെ കാനില്‍ പ്രതിഷേധിച്ചത് 82 സ്ത്രീകളാണ് .  എനിക്കും അതില്‍ ഭാഗമാകണമെന്നുണ്ടായിരുന്നു. എന്നാല്‍ 82 എന്ന എണ്ണം അവിടെ ആ അസമത്വം കാണിക്കുന്നതിന് അനിവാര്യമായിരുന്നു.

1600 ആണ്‍ സംവിധായകരുടെ ചിത്രങ്ങളാണ് കാനില്‍ പ്രദര്‍ശിപ്പിക്കുന്നത്. സ്ത്രീ സംവിധായകര്‍ എണ്‍പത്തിരണ്ടും. സ്ത്രീകള്‍ എന്ന നിലയ്ക്ക് ഞങ്ങള്‍ക്ക് ആ നമ്പര്‍ മാറുകയാണ് വേണ്ടത്.’ – ഐശ്വര്യ പറഞ്ഞു.

ഇത് പതിനേഴാം തവണയാണ് താരസുന്ദരി ഐശ്വര്യ റായ് കാന്‍ ഫിലിം ഫെസ്റ്റിവലിനെത്തുന്നത്. മകള്‍ ആരാധ്യയും ഇത്തവണ കാനില്‍ ഐശ്വര്യയെ അനുഗമിച്ചിരുന്നു.

×