കേരളത്തിലെ പ്രളയം ഗോമാംസം നിരോധിക്കാത്തതിന് ദൈവം നല്‍കിയ ശിക്ഷയെന്ന്‍ നടി പായല്‍

ഫിലിം ഡസ്ക്
Friday, August 31, 2018

കേരളത്തിലെ മഹാ പ്രളയം ഗോമാംസം നിരോധിക്കാതെ, ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് ദൈവം നല്‍കിയ ശിക്ഷയാണെന്ന് ബോളിവുഡ് നടിയും മോഡലുമായ പായല്‍ രൊഹാത്ഗി.

‘കേരളത്തില്‍ പശുവിനെ കൊല്ലുന്നത് നിരോധിച്ചിട്ടില്ല. കേരളത്തിലെ രാഷ്ട്രീയക്കാരോടും ജനങ്ങളോടും പറയട്ടെ, ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നത് നല്ലതല്ല. നിങ്ങള്‍ അത് പരസ്യമായി ചെയ്യുമ്പോള്‍, ദൈവം അതിന് പരസ്യമായി നിങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ്. ദൈവം ഒന്നാണ്‌, പക്ഷെ ഇത്തരത്തില്‍ വിശ്വാസത്തെ വൃണപ്പെടുത്താന്‍ പാടുള്ളതല്ല.’- എന്നായിരുന്നു പായലിന്റെ ട്വീറ്റ്.

ഇതോടെ രൂക്ഷവിമര്‍ശനമാണ് താരത്തിന് നേരെ ഉയര്‍ന്ന് വന്നത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി താരം രംഗത്തെത്തുകയും ചെയ്തു.

‘എന്റെ മതവിശ്വാസം വര്‍ഗീയ വമ്പല്ല. ഞാന്‍ പറഞ്ഞത് ഒരു മതവിശ്വാസത്തെയും വൃണപ്പെടുത്തരുത് എന്നാണ്. കാരണം ദൈവം ഒന്നാണ്. പക്ഷെ നിങ്ങള്‍ നിങ്ങളുടെ അജണ്ടയ്ക്കനുസരിച്ചു ഞാന്‍ പറഞ്ഞത് വളച്ചൊടിച്ചു. ദൈവം നിങ്ങളെ അനുഗ്രഹിക്കും… അതേ, ഞാന്‍ ചെക്കുകളുമായി പോസ് ചെയ്തിട്ടില്ല, അതിന്റെ അര്‍ഥം ഞാന്‍ കേരളത്തിന് ധനസഹായം നല്‍കിയിട്ടില്ല എന്നല്ല’.

‘ഒരു ഇന്ത്യന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന്റെ പേരില്‍ മുന്‍നിര താരങ്ങള്‍ മതത്തെക്കുറിച്ച് പറയുമ്പോള്‍ അതില്‍ പ്രശ്‌നമില്ല… അത് ആഭ്യന്തര വാര്‍ത്തയാകുന്നു. എന്നാല്‍, ഞാന്‍ കേരളത്തിലെ പ്രളയത്തെ മുന്‍നിര്‍ത്തി എന്റെ മതത്തെയും എന്റെ വിശ്വാസത്തെയും കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ വിദ്യാഭ്യാസവും വിവരവും ഇല്ലാത്തവളായി. എന്റെ കരിയര്‍ ഗ്രാഫ് വച്ച് എന്നെ പല പേരു ചൊല്ലിയും വിളിച്ചു’. – പായല്‍ തന്റെ ട്വീറ്റില്‍ പറയുന്നു.

‘കേരളത്തിലെ പ്രളയം വിഭജനത്തോളം വലിയ ദുരന്തമാണെ’ന്നുള്ള തലക്കെട്ടില്‍ ഒരു പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടും പായല്‍ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. 1947ലെ വിഭജനത്തില്‍ വീടടക്കം നഷ്ടപ്പെട്ടിട്ടും എനിക്കോ എന്റെ കുടുംബത്തിനോ സഹായമൊന്നും ലഭിച്ചില്ലെന്നായിരുന്നു ഒപ്പമുള്ള കുറിപ്പ്. പ്രളയത്തില്‍ അകപ്പെട്ട കേരളത്തിന് സഹായം നല്‍കുന്നവര്‍ പ്രശസ്തി ലക്ഷ്യമാക്കിയാണ് അത് ചെയ്യുന്നതെന്നും അവര്‍ കുറിച്ചു.

×