രേഖ പറഞ്ഞു താന്‍ ജെമിനി ഗണേശന്റെ മകളാണെന്ന് ..

ഫിലിം ഡസ്ക്
Saturday, June 9, 2018

നടി സാവിത്രിയുടെ കഥ ‘മഹാനടി’യായി വെള്ളിത്തിരയിൽ എത്തിയപ്പോള്‍ സാവിത്രിയായി കീർത്തി സുരേഷും ജെമിനി ഗണേശനായി ദുൽഖർ സൽമാനും വേഷമിട്ടു. നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രം ഏറെ പ്രശംസ പിടിച്ചുപറ്റി.

സിനിമ പോലെ തന്നെ നാടകീയത നിറഞ്ഞതായിരുന്നു സാവിത്രിയുടെയും ജെമിനി ഗണേശന്റെയും പ്രണയവും വിവാഹവും പ്രണയത്തകർച്ചയുമെല്ലാം. സമയദൈർഘ്യം മൂലം മഹാനടിയിലെ പല രംഗങ്ങളും ചിത്രത്തിൽ നിന്ന് വെട്ടിമാറ്റിയിരുന്നു. അത്തരമൊരു രംഗമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

സാവിത്രിയുമായി പ്രണയത്തിലായിരുന്ന സമയത്ത് ജെമിനിക്ക് പുഷ്പവല്ലി എന്ന മറ്റൊരു കാമുകി ഉണ്ടായിരുന്നു. പുഷ്പവല്ലിയില്‍ ജെമിനി ഗണേശന് ഉണ്ടായ മകളാണ് പിന്നീട് ഹിന്ദി സിനിമ അടക്കിവാണ നടി രേഖ. മഹാനടിയിൽ രേഖയെ പരിചയപ്പെടുത്തുന്ന രംഗമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ജെമിനി ഗണേശന്റെയും സാവിത്രിയുടെയും മകൾ വിജയ സ്കൂളിൽ വച്ച് രേഖയെ കാണുന്നതും രേഖ താൻ ജെമിനി ഗണേശന്റെ മകളാണെന്ന് പറയുമ്പോൾ അരിശത്തോടെ അത് സാവിത്രിയോട് വന്ന് പറയുന്നതുമാണ് രംഗത്തിന്റെ തുടക്കം. പിന്നീട് പുഷ്പവല്ലിയെയും മകളെയും വീട്ടിലേക്ക് ക്ഷണിക്കാൻ ജെമിനി ഗണേശനോട് സാവിത്രി ആവശ്യപ്പെടുന്നു.

രേഖയും പുഷ്പവല്ലിയും സാവിത്രിയുടെ വീട്ടിലേക്ക് വരുന്നതും തുടര്‍ന്നുണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളുമാണ് രംഗത്തിൽ ബാക്കി. കൂട്ടത്തിൽ ജെമിനിയുടെ ആദ്യ ഭാര്യ അലമേലുവും മക്കളും സാവിത്രിയുടെ ക്ഷണം സ്വീകരിച്ച് എത്തുന്നു.

ദുൽഖറിന്റെയും കീർത്തിയുടെയും അസാമാന്യ പ്രകടനമാണ് ഈ രംഗത്തിൽ കാണാൻ സാധിക്കുന്നത്. ചിത്രത്തിലെ ഏറ്റവും മികച്ച രംഗമാണിതെന്നും പലരും അഭിപ്രായപ്പെട്ടു.

×