‘നിനക്കു നല്ല സവിശേഷതകളുണ്ട്, പക്ഷേ നിറം അല്‍പം കുറഞ്ഞുപോയല്ലോ’, കറുത്തിരുണ്ട നന്ദിത എന്നു പറഞ്ഞാണ് മിക്ക അഭിമുഖങ്ങളും തുടങ്ങുന്നത് – നന്ദിത

ഫിലിം ഡസ്ക്
Friday, September 7, 2018

നിറം കുറഞ്ഞുപോയവരെ മാറ്റിനിര്‍ത്തുകയും നിറമുള്ളവര്‍ക്കു പ്രത്യേക പരിഗണന നല്‍കുകയും ചെയ്യുന്നത് അത്ര പുതുമയുള്ള കാര്യമല്ലെന്ന്‍ നടിയും സംവിധായകയുമായ നന്ദിതാ ദാസ്. ഇത്തരം കാഴ്ച്ചപ്പാടുകള്‍ നാമൊക്കെ സങ്കല്‍പിക്കുന്നതിനും എത്രയോ മുമ്പേ ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും നന്ദിത പറയുന്നു.

ഇതുപോലുള്ള കാര്യങ്ങള്‍ മക്കളോട് സംസാരിക്കുമ്പോള്‍ മാതാപിതാക്കള്‍ എത്രത്തോളം അവബോധമുള്ളവളായിരിക്കണമെന്നും നന്ദിത പറയുന്നു. ” നിനക്കു നല്ല സവിശേഷതകളുണ്ട്, പക്ഷേ നിറം അല്‍പം കുറഞ്ഞുപോയല്ലോ എന്നു പറയുന്നവരുണ്ട്.

എന്റെ മാതാപിതാക്കള്‍ അത്തരം കോംപ്ലക്‌സ് ഉള്ളില്‍ നിറച്ചില്ലെന്ന് നന്ദിയോടെ സ്മരിക്കട്ടെ. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, മാതാപിതാക്കള്‍ മക്കളെ സ്‌നേഹിക്കുമ്പോള്‍ പോലും വെയിലത്ത് ഇറങ്ങിയാല്‍ കറുത്തുപോകും തുടങ്ങിയ കാര്യങ്ങള്‍ നിരന്തരമായി പറയുന്നുണ്ടെന്ന് തിരിച്ചറിയുന്നില്ല.

തന്നെക്കുറിച്ച് എഴുതുമ്പോഴെല്ലാം നിറം കുറഞ്ഞതിനെ ഊന്നി ആരംഭിക്കുന്നതിനെക്കുറിച്ചും നന്ദിത പറയുന്നു. ” കറുത്തിരുണ്ട നന്ദിത എന്നു പറഞ്ഞാണ് എന്നെക്കുറിച്ചുള്ള മിക്ക അഭിമുഖങ്ങളും തുടങ്ങുന്നത്. പല പരസ്യങ്ങളും സ്ത്രീകളുടെ ആത്മാഭിമാനം കെടുത്തുന്നവയാണ്.

അതു വെറും നെയില്‍ പോളിഷ് ഇടുന്നതിനെക്കുറിച്ചോ സൗന്ദര്യത്തെക്കുറിച്ചോ ഒന്നുമല്ല പറയുന്നത് മറിച്ച് നിങ്ങള്‍ പോരെന്നാണ്, നിങ്ങള്‍ക്കൊരു കാമുകനെയോ ഭര്‍ത്താവിനെയോ ഒരു നല്ല ജോലിയോ കിട്ടില്ലെന്ന്. ഇത്തരം സന്ദേശങ്ങള്‍ വളരെ അപകടകരമാണ്”- നന്ദിത പറയുന്നു.

×